Jump to content

പല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tooth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചീറ്റപ്പുലിയുടെ പല്ലുകൾ

ജീവികളുടെ താടിയെല്ലിൽ ഉറപ്പിച്ചിരിക്കുന്ന ബലമേറിയ ശരീരഭാഗങ്ങളാണ് പല്ലുകൾ. പ്രാഥമികമായി ഭക്ഷണം വലിച്ചുകീറുക, അവ ചവച്ചുതിന്നാൻ സഹായിക്കുക എന്നീ ധർമ്മങ്ങളാണ് പല്ലുകൾക്കുള്ളത്. മാംസഭോജികളായ ജീവികൾക്ക് ഇരയെ വേട്ടയാടിപ്പിടിക്കുക എന്ന ധർമ്മവും പല്ലുകൾ വഴി ചെയ്യാനുണ്ട്. ചിലപ്പോഴൊക്കെ സ്വയരക്ഷക്കും പല്ലുകൾ ജീവികളെ സഹായിക്കുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

ദന്തം / പല്ല് / പ്രാകൃതികഃ ദന്തഃ (സം.) പല്ലിന് രുചിക അസ്ഥി എന്നും ആയുർവ്വേദത്തിൽ പറയുന്നുണ്ട്‌

മനുഷ്യരുടെ പല്ലുകൾ

[തിരുത്തുക]

മനുഷ്യർക്ക് 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്‌. പരിണാമത്തിന്റെ ഫലമായി നാലു പാൽപല്ലുകൾ അപ്രത്യക്ഷമായതാകാം. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളുടെയും പരിണാമത്തിന്റെയും ഫലമായി ഇപ്പോൾ പലരിലും മൂന്നാമത്തെ അണപ്പല്ലും (വിവേകദന്തങ്ങൾ) അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു.

ചില കുട്ടികൾക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റൽ ദന്തം എന്നാണിതിനെ വിളിക്കുന്നത്. ചിലകുട്ടികൾക്ക് പല്ല് വരാൻ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്. ആറു മുതൽ പതിനാലു വയസ്സിനുള്ളിൽ പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതൽ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങൾ.

മുതിർന്ന ഒരാളുടെ പല്ലുകൾ

പ്രാഥമികദന്തങ്ങൾ (Deciduous/Primary Dentition)

[തിരുത്തുക]

3 മുതൽ നാലു വയസ്സിനിടയ്ക്ക്‌ പ്രാഥമികദന്തങ്ങളുടെ കിളിർക്കൽ പൂർണ്ണമാകുന്നു.

പ്രാഥമികദന്തങ്ങൾ 20 എണ്ണമാണുള്ളത്‌. (സുശ്രുതസംഹിതയില്‍ 24 എന്നു സൂചിപ്പിച്ചിരിക്കുന്നു)

നടുവിലെ ഉളിപ്പല്ല്, അരികിലെ ഉളിപ്പല്ല്, ഒന്നാം അണപ്പല്ല്, കോമ്പല്ല്, രണ്ടാം അണപ്പല്ല് എന്ന ക്രമത്തിൽ കീഴ്താടിയിലെ ജോഡികൾ മേൽതാടിയിലെ ജോഡികൾക്ക്‌ മുൻപെ പ്രത്യക്ഷപ്പെടുന്നു.

പ്രാഥമിക ദന്തങ്ങൾ അധിക സമയത്തിനകം നഷ്ടപ്പെടേണ്ടതാണെന്ന ധാരണയിൽ കാര്യമായ പ്രാധാന്യം അവയ്ക്ക്‌ നൽകാതെയിരുന്നാൽ സ്ഥിരദന്തങ്ങൾ‌ മുളച്ചു വരുന്നതിനുള്ള അകല ക്രമീകരണം സാധ്യമാവുകയില്ല.

പ്രാഥമികദന്തങ്ങൾ നഷ്ടപ്പെട്ടു തുടങ്ങുന്നതിനു മുൻപ്‌ ആറു വയസ്സിൽ സ്ഥിരദന്തത്തിലെ ഒന്നാം അണപ്പല്ല് മുളയ്ക്കുന്നു

പ്രാഥമികദന്തങ്ങൾ പ്രത്യക്ഷപ്പെടുന്ന ഏകദേശ കാലനിർണ്ണയം

മുകൾ താടി കീഴ്താടി
നടുവിലെ ഉളിപ്പല്ല് 7 1/2 മാസം 6 1/2 മാസം
അരികിലെ ഉളിപ്പല്ല് 8 മാസം 7 മാസം
കോമ്പല്ല് 16 - 20 മാസം
ഒന്നാമത്തെ അണപ്പല്ല് 12 - 16 മാസം
രണ്ടാമത്തെ അണപ്പല്ല് 20 - 30 മാസം

സ്ഥിരദന്തങ്ങൾ (Permanant Dentition)

[തിരുത്തുക]

ആറു വയസ്സു മുതൽ 20 വയസ്സു വരെ സ്ഥിര ദന്തങ്ങൾ മുളയ്ക്കുന്നു.

സ്ഥിര ദന്തങ്ങൾ 32 എണ്ണമാണുള്ളതെങ്കിലും, പലരിലും മൂന്നാമത്തെ അണപ്പല്ല് അപ്രത്യക്ഷമായി ഇപ്പോൾ 28 എണ്ണം മാത്രമേ കാണാറുള്ളു.

ബുദ്ധിപ്പല്ലുകൾ എന്നറിയപ്പെടുന്ന മൂന്നാമത്തെ അണപ്പല്ലുകൾ 18-20 വയസ്സിലാണ് ഉണ്ടാവുന്നത്,[1]

പല്ലിന്റെ ഘടന

[തിരുത്തുക]
മനുഷ്യന്റെ പല്ലിന്റെ ഘടന

ദന്തകാചദ്രവ്യം (ഇനാമൽ) ദന്ത മകുടത്തെ ആവരണം ചെയ്യുന്നു. ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥമാണിത്‌. ഹൈഡ്രോക്സി അപറ്റൈറ്റ്‌ എന്ന തന്മാത്രയാണിതിൽ ഭൂരിഭാഗവും (96%).


ദന്തദ്രവ്യം (ഡന്റീൻ) ദന്തകാചദ്രവ്യത്തിന്റെയും സിമെന്റംന്റെ ഇടയിലും കാണുന്നു. മജ്ജയ്ക്കുള്ളിൽ നിന്നും നാഡീ ശാഖകൾ ദന്തദ്രവ്യത്തിലേക്ക്‌ പ്രവേശിക്കുന്നുണ്ട്‌. ദന്തകാചദ്രവ്യത്തിന്റെ തേയ്മാനം മൂലം വേദന പുളിപ്പ്‌ മുതലായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിന്‌ കാരണം ഇതാണ്‌.

ദന്തദൃഢീകരണദ്രവ്യം(?) (സിമെന്റം) പ്രത്യേകതരം അസ്ഥി ദന്തമൂലത്തെ ആവരണം ചെയ്യുന്നു. പല്ലും അസ്ഥിയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരിയൊഡോണ്ടൽ നാരുകൾ സിമെന്റത്തിൽ ബന്ധിക്കുന്നു. ഇതിന്‌ ദന്തദ്രവ്യത്തെക്കാൾ കാഠിന്യം കുറവാണ്‌.

[മജ്ജ (പൾപ്പ്‌)] പല്ലിന്റെ ജീവനുള്ള ഭാഗമാണിത്‌. ഇതിൽ രക്തക്കുഴലുകളും,നാഡികളും ഉണ്ട്‌. ഇവ ദന്തമൂലത്തിന്റെ അഗ്രത്തിലൂടെ പ്രവേശിക്കുന്നു.


പെരിയൊഡോണ്ടൽ നാരുകൾ പല്ലിനെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നു. അവ കെട്ടുകളായി പല നിലകളിൽ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണം ചവയ്ച്ചരക്കുമ്പോൾ ഉണ്ടാകുന്ന തീവ്രമായ സമ്മർദ്ദത്തെ ചെറുക്കുവാനുള്ള സവിശേഷതയുണ്ട്‌.


ദന്തമാനസഃ / ദന്തവേഷ്ടഃ (സം)

ആന്തരിക അവയവങ്ങളെ ആവരണം ചെയ്യുന്ന പ്രത്യേകമായി വികാസം സംഭവിച്ച ചർമ്മത്തിന്റെ ഒരു ഭാഗമാണ്‌ വായ്ക്കുള്ളിലും കാണുന്നത്‌.

പല്ലുകൾക്ക്‌ ചുറ്റുമുള്ള അസ്ഥിയേയും, ദന്തമകുട-മൂല സന്ധിയേയും വലയം ചെയ്യുന്ന പ്രത്യേക തരം ചർമ്മമാണ്‌ ദന്തമാനസ.

ബാഹ്യാന്തരീക്ഷത്തിൽ കാണുന്ന ദന്തമകുടവും ദന്തമാനസവും ചേരുന്ന ഭാഗത്ത്‌, പൂർണ്ണ ആരോഗ്യമുള്ള ദന്തമാനസം സ്വതന്ത്രമായി (0.5മി മി മുതൽ 1.5മി മി) കാണുന്നതാണ്‌ സ്വതന്ത്ര ദന്തമാനസ അരിക്‌. സ്വതന്ത്ര ദന്തമാനസത്തിന്റെയും ദന്തമകുടത്തിന്റെയുമിടയിൽ ഇങ്ങനെ ഉണ്ടാകുന്ന വിടവാണ്‌ ദന്തമാനസ വിടവ്‌. ഈ ഭാഗത്ത്‌ ഭക്ഷണാവശിഷ്ടങ്ങൾ ഒട്ടിപ്പിടിച്ചിരിക്കുന്നതാണ്‌ മോണ രോഗങ്ങളുടെ പ്രധാന കാരണം

പല്ലുകൾ മറ്റു ജീവികളിൽ

[തിരുത്തുക]

എല്ലാ ജീവികൾക്കും പല്ലുകൾ അതിപ്രധാനങ്ങളാണ്. കരുത്തരായ ജീവികളെ കടിച്ചുകൊല്ലാനുള്ള ആയുധമാണ് മാംസഭോജികൾക്ക് പല്ലുകൾ. ഒരു കോമ്പല്ല് നഷ്ടപ്പെട്ട കടുവകളും മറ്റും വളർത്തുമൃഗങ്ങളേയും മനുഷ്യരേയും പിടിച്ചു തിന്നുന്നതായി കാണപ്പെടുന്നു. മാർജ്ജാരവംശത്തിൽ പെട്ട ജീവികൾ ഇരയെ കൊല്ലുന്നത് കോമ്പല്ലുപയോഗിച്ച് ഇരയുടെ സുഷുമ്നാ നാഡി തകർത്താണ്. കരണ്ടു തിന്നുന്ന ജീവികളുടെ പല്ലുകൾക്ക് കഠിനമായ ജോലിയാണുള്ളത്. ഇതുമൂലം പല്ല് തേഞ്ഞു പോകാതിരിക്കാൻ അവയുടെ പല്ലുകൾ എന്നും വളർന്നുകൊണ്ടിരിക്കുന്നു. എലിയുടെ മുൻപല്ലുകൾ ഒരു ദിവസം ഒരു മില്ലിമീറ്റർ വളരുന്നു. കരണ്ട് പല്ലുകളുടെ നീളം ക്രമീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവയുടെ പല്ലുകളുടെ നീളം ജീവിതാവസാനത്തിൽ മുക്കാൽ ‍മീറ്ററോളമായിരിക്കും.

ആനകൾക്ക് വിവിധ ഭക്ഷ്യവസ്തുക്കുണ്ടെങ്കിലും ഉപയോഗ്യമായ രണ്ടു ജോടി പല്ലുകളേയുള്ളു. മേൽത്താടിയിലും കീഴ്ത്താടിയിലും ഓരോ ജോടി വീതമാണവ. ജീവിതകാലം അവക്ക് ഇത്തരത്തിൽ ആറുപ്രാവശ്യം പല്ലുകൾ മുളക്കുന്നു. ആറാമത്തേ പ്രാവശ്യം പല്ലുകൾ കൊഴിഞ്ഞാൽ പിന്നെ ആന അധികം കാലം ജീവിച്ചിരിക്കില്ല. മറ്റൊരു ജോടി പല്ലുകൾ കൊമ്പുകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മനുഷ്യരിലെ കോമ്പല്ലിന്റെ സ്ഥാനീയമായ പല്ലാണ് ഇങ്ങനെ നീണ്ടു വരുന്നത്. ആഫ്രിക്കൻ ആനകൾക്കാണിതിനു നീളം കൂടുതൽ. ഇവ പിന്നീടുണ്ടാവുന്നതല്ല എങ്കിലും ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്നവയാണ്. എന്നാൽ സ്രാവുകൾ പോലുള്ള ജീവികളിലാവട്ടെ താടിയുടെ ഉൾവശം പല്ലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാ പല്ലുകളും വായ്ക്കുള്ളിലേക്കാണ് വളഞ്ഞിരിക്കുന്നത്. ഇത് ചൂണ്ടകൾ പോലെ പ്രവർത്തിക്കുകയും ഇരയെ രക്ഷപെടാനനുവദിക്കാതിരിക്കുകയും ചെയ്യുന്നു. സ്രാവുകളുടെ പിൻപല്ലുകൾ (വായയുടെ ഏറ്റവും ഉള്ളിലുണ്ടാവുന്നവ) സാവധാനം മുൻ‌നിരയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കഠിനമായ ജോലിയാൽ ഏറ്റവും മുൻ‌നിരയിലുള്ള പല്ലുകൾ നശിക്കുമ്പോഴേക്കും അടുത്ത നിര അവിടെ സ്ഥാനം പിടിച്ചിരിക്കും. കശേരു മൃഗങ്ങളിൽ വച്ച്‌ മനുഷ്യ ദന്തവുമായി അൽപ്പമെങ്കിലും താരതമ്യം ചെയ്യാവുന്നത്‌ മനുഷ്യക്കുരങ്ങുകളിലെ പല്ലുകളുമായാണ്‌. അമേരിക്കൻ ചീങ്കണ്ണിയിൽ എല്ലാ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മുകൾ താടിയാണ്‌ ചലിക്കുന്നത്‌.


ബന്ധപ്പെട്ട വിഷയങ്ങൾ

[തിരുത്തുക]
  1. page 65, All about human body, Addone Publishing Group
"https://ml.wikipedia.org/w/index.php?title=പല്ല്&oldid=3619970" എന്ന താളിൽനിന്ന് ശേഖരിച്ചത്