ട്രക്കോമ
ട്രക്കോമ | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases, ophthalmologist |
ഒരു സാംക്രമിക നേത്രരോഗമാണ് ട്രക്കോമ. അച്ഛമണ്ഡലത്തെയും കൺപോളകളുടെ ഉൾഭാഗത്തെയും ആവരണം ചെയ്യുന്ന നേർത്ത സ്തര (നേത്രവൃതി) ത്തെയാണ് ഈ രോഗം ബാധിക്കുന്നത്. കാഴ്ചമങ്ങലോ അന്ധത തന്നെയോ സംഭവിച്ചേക്കാവുന്ന ഈ രോഗം ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്.
രോഗകാരണം
[തിരുത്തുക]ബെഡ്സോണിയേ വിഭാഗത്തിൽപ്പെടുന്ന ക്ലമിഡിയ ട്രക്കോമാറ്റിസ് എന്ന സൂക്ഷ്മാണുവാണ് രോഗഹേതു. രോഗബാധിതരിൽ നിന്നു നേരിട്ടോ രോഗികൾ ഉപയോഗിച്ച സാധനങ്ങളിൽനിന്നോ ഈച്ചകൾ മുഖാന്തരമോ രോഗം സംക്രമിക്കുന്നു.
രോഗലക്ഷണങ്ങൾ
[തിരുത്തുക]അണുബാധയെ തുടർന്ന് 4-10 ദിവസത്തിനകം പ്രാരംഭലക്ഷണങ്ങൾ കണ്ടു തുടങ്ങും. കണ്ണുകൾ ചുവന്നുകലങ്ങി വെള്ളമൊലിച്ചുകൊണ്ടിരിക്കും. വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും. കൺപോളകൾക്ക് വീക്കവും തരുതരിപ്പും ഉണ്ടാവുന്നതിനെത്തുടർന്ന് നേത്രവൃതിയിൽ വ്രണങ്ങളും കൂപങ്ങളും പ്രത്യക്ഷപ്പെടുന്നു. ശ്ലേഷ്മ ഗ്രന്ഥികളെയും കണ്ണുനീർ ഗ്രന്ഥികളെയും രോഗം ബാധിക്കുമ്പോൾ കണ്ണുകൾ ഉണങ്ങി വീർക്കുന്നു. നേത്രവൃതിയിൽ നിന്ന് രക്തക്കുഴലുകൾ അച്ഛമണ്ഡലത്തിലേക്ക് വളർന്ന് കണ്ണുകളുടെ സ്വാഭാവികമായ സുതാര്യത നഷ്ടമാക്കുന്നു.
അച്ഛമണ്ഡലത്തിന് മുകളിൽ രക്തക്കുഴലുകൾ ശിഖരിതമാവുകയും ഇത് കാഴ്ചക്കുറവിനും ക്രമേണ അന്ധതയ്ക്കും കാരണമാകുകയും ചെയ്യുന്നു. കൺപോളകളിൽ വ്രണങ്ങൾ ഉണ്ടാകുന്നതുമൂലം പോളകൾ ഉള്ളിലേക്ക് വളയുകയും കൺപീലികൾ അച്ഛമണ്ഡലത്തിലുരഞ്ഞ് അവിടെ വ്രണങ്ങളുണ്ടാകുകയും ചെയ്യാറുണ്ട്.
ചികിത്സ
[തിരുത്തുക]രോഗം പ്രാരംഭദശയിലാണെങ്കിൽ ആന്റിബയോട്ടിക്കുകൾ പുരട്ടി പൂർണമായും ഭേദമാക്കാനാവും. എന്നാൽ കൺപോളകൾ ഉള്ളിലേക്ക് വളയുകയും അച്ഛമണ്ഡലത്തിൽ വ്രണങ്ങളുണ്ടാകുകയും ചെയ്താൽ ശസ്ത്രക്രിയ ആവശ്യമായിവരും.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രക്കോമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |