Jump to content

ടർബൊജെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Turbojet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടർബൊജെറ്റ് എൻജിന്റെ രേഖാചിത്രം

വാതക ടർബൈൻ ഘടിപ്പിച്ച ജെറ്റ് എൻജിൻ. ശബ്ദഅതീത വേഗതയിൽ കൂടുതൽ സമയം പറക്കേണ്ടിവരുന്ന വിമാനങ്ങൾ, ചിലയിനം സൈനിക മിസൈലുകൾ, ഭാരക്കുറവുള്ള , STOL(short takeoff and landing)VTOL (vertical takeoff and landing), വാഹനങ്ങൾ എന്നിവയിലെ എൻജിനുകളിലാണ് പൊതുവേ ടർബൊജെറ്റ് ഉപയോഗിക്കാറുള്ളത്.

പ്രവേശ വിസാരകം (inlet diffuser), കംപ്രസർ, ടർബൈൻ, ദഹന അറ, നിർഗമനാഗ്രം എന്നിവയാണ് ടർബൊജെറ്റിന്റെ പ്രധാന ഭാഗങ്ങൾ. അന്തരീക്ഷ മർദത്തിലുള്ള വായുവിനെ വിസാരകം വഴി പ്രവേശനദ്വാരത്തിലൂടെ വലിച്ചെടുക്കുമ്പോൾ വായുവിന്റെ പ്രവേഗം കുറഞ്ഞ് മർദം അല്പം ഉയരുന്നു. പിന്നീട് ഒരു അക്ഷീയ അഥവാ അപകേന്ദ്ര കംപ്രസറിൽ വച്ച് വായു മർദം 3-12 മടങ്ങായി ഉയർത്തുന്നു. ഈ മർദിത വായുവിനെ ദഹന അറയിലേക്ക് കടത്തിവിട്ട് ഇന്ധനവുമായി സമ്പർക്കത്തിലാക്കുന്നു. തുടർന്ന് ഈ ഇന്ധന-വാതക മിശ്രിതത്തെ കത്തിച്ച് അതിന്റെ താപനില 1253-1813 കെൽവിൻ പരിധിയിലെത്തിക്കുന്നു. ഇതിനുശേഷം മിശ്രിതത്തെ ടർബൈനിലൂടെ കടത്തിവിട്ട് വികസിപ്പിക്കുമ്പോൾ ലഭിക്കുന്ന ഊർജം ഉപയോഗിച്ചാണ് കംപ്രസർ പ്രവർത്തിപ്പിക്കുന്നത്. ടർബൈനിൽ നിന്നും ഉയർന്ന മർദത്തിൽ പുറംതള്ളപ്പെടുന്ന വാതകങ്ങൾ ടർബൈനിന്റെ പിന്നിലായി ഘടിപ്പിച്ചിരിക്കുന്ന നിർഗമനാഗ്രത്തിലൂടെ പുറത്തേക്കു പ്രവഹിക്കുമ്പോൾ വിമാനത്തിലനുഭവപ്പെടുന്ന പ്രതിക്രിയാ ബലമാണ് വിമാനത്തെ മുന്നോട്ട് തള്ളി നീക്കുന്നത്. ഓരോ പ്രാവശ്യവും ചാക്രികമായി ഒരു നിശ്ചിത അളവ് വായു-ഇന്ധന മിശ്രിതം കത്തിച്ച് പ്രതിക്രിയാ ബലം സൃഷ്ടിക്കുന്നതിനുപകരം തുടർച്ചയായി ഇത് ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. എൻജിന് പരമാവധി ദക്ഷത ലഭിക്കാൻ പുറംതള്ളപ്പെടുന്ന വാതക പ്രവേഗവും പ്രവേശാഗ്രത്തിലൂടെയുള്ള വായു പ്രവേഗവും തുല്യമാകേണ്ടതുണ്ട്. പക്ഷേ, പുറംതള്ളപ്പെടുന്ന വാതക പ്രവേഗം പൊതുവേ പ്രകാശാതീത (സൂപ്പർസോണിക്ക്) പരിധിയിൽ വരുന്നതായിരിക്കും. തന്മൂലം പ്രകാശാതീതവേഗതയിൽ പറക്കുമ്പോൾ മാത്രമാണ് ഉയർന്ന ദക്ഷത ലഭിക്കുന്നത്. അതിനാൽ കൂടുതൽ സമയവും പ്രകാശാതീത വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ ടർബൊജെറ്റ് ഉപയോഗിച്ചുവരുന്നു.

സാധാരണഗതിയിൽ എൻജിനിലേക്കു വരുന്ന വായുവിലുള്ള ഓക്സിജന്റെ മൂന്നിലൊരംശം മാത്രമേ ഊർജ്ജോത്പ്പാദനത്തിനായി ഉപയോഗിക്കാറുള്ളൂ. ഈ സ്ഥിതി മാറ്റി കൂടുതൽ ഓക്സിജൻ ഉപയോഗപ്പെടുത്താനായി ചില ടർബൊജെറ്റ് എൻജിനുകളിൽ ടർബൈനിനും വിസരണാഗ്രത്തിനും ഇടയ്ക്കായി ആഫ്റ്റർബർണർ എന്നു പേരുള്ള ഒരു ദഹന അറ ഉറപ്പിക്കാറുണ്ട്. എന്നാൽ സാധാരണ ടർബൊജെറ്റ് എൻജിനിൽ വേണ്ടിവരുന്നതിന്റെ നാലിരട്ടിയോളം ഇന്ധനം ആഫ്റ്റർബർണർ ഉള്ള ടർബൊജെറ്റിൽ ചെലവാക്കേണ്ടതായിവരുന്നു. തന്മൂലം വളരെ പെട്ടെന്ന് പ്രയാണ ശക്തി വർധിപ്പിക്കേണ്ട സന്ദർഭങ്ങളിൽ മാത്രമേ ആഫ്റ്റർബർണർ ഘടിപ്പിച്ച ടർബൊജെറ്റ് ഉപയോഗിക്കാറുള്ളു.

അവലംബം

[തിരുത്തുക]

അധിക വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർബൊജെറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർബൊജെറ്റ്&oldid=4089128" എന്ന താളിൽനിന്ന് ശേഖരിച്ചത്