അന്താരാഷ്ട്രസമയക്രമം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
23:41, 11 January 2025 UTC [refresh] |
ഗ്രീനിച്ച് സമയത്തെ (Greenwich Mean Time) അടിസ്ഥാനമാക്കി 1880-ൽ അന്താരാഷ്ട്രാവശ്യത്തിനായി ഏർപ്പെടുത്തിയ സമയഗണനാസമ്പ്രദായമാണ് അന്താരാഷ്ട്ര സമയക്രമം(UTC, Coordinated Universal Time അഥവാ Universal Time Coordinated)[1] . സൂര്യന്റെ ഉദയാസ്തമനങ്ങളെ ആസ്പദമാക്കി പ്രാദേശികമായ സമയക്രമങ്ങൾ ഓരോ രാജ്യവും പുലർത്തുകയാണ് പതിവ്. എന്നാൽ ടെലിഫോണും ടെലിഗ്രാമും ഗതിവേഗമുള്ള കപ്പലുകളും തീവണ്ടികളും വ്യോമയാനങ്ങളുംകൊണ്ട് രാജ്യങ്ങൾ തമ്മിൽ ബന്ധപ്പെട്ടതോടുകൂടി പൊതുവായ ഒരു സമയക്രമം അത്യന്താപേക്ഷിതമായിത്തീർന്നു. വാണിജ്യവ്യാപാരാദികളിൽ കൂടുതൽ വ്യാപൃതമായ രാഷ്ട്രങ്ങൾ മുൻകൈയെടുത്ത് കൂടിയാലോചനകൾ നടത്തിയതിന്റെ ഫലമായി ഗ്രീനിച്ച് (Greenwich) സമയത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രസമയക്രമം 1880-ൽ സ്ഥാപിതമായി. സാൻഫോർഡ് ഫ്ളെമിങ്ങും ചാൾസ് ഡൌളും ആണ് ഇതിനു നേതൃത്വം കൊടുത്തത്. അമേരിക്കൻ ഐക്യനാടുകളിലെയും കാനഡയിലെയും റയിൽവേകൾ ആണ് ആദ്യമായി ഈ സമയക്രമം സ്വീകരിച്ചത്. ഒന്നൊന്നായി മിക്കവാറും എല്ലാ രാജ്യങ്ങളും ഈ സമയക്രമം പിന്നീട് അംഗീകരിക്കുകയുണ്ടായി.
സാർവലൌകികസമയത്തിലെ മാത്ര, മാധ്യ-സൌരദിനം (Mean Solar day) ആണ്. മുമ്പ് മധ്യാഹ്നം മുതൽ അടുത്ത മധ്യാഹ്നം വരെ ആയിരുന്നു ഒരു സൌരദിനം. വർഷചക്രത്തിൽ ഈ സമയത്തിന് ഏറ്റക്കുറച്ചിൽ വരുന്നതുകൊണ്ട് അവയുടെ ശ.ശ. ആണ് മാധ്യസൌരദിനം. ഇതിന്റെ 24-ൽ ഒരംശമാണ് അന്താരാഷ്ട്രസമയക്രമത്തിലെ അഥവാ സാർവലൌകിക സമയക്രമത്തിലെ ഒരു മണിക്കൂർ.
ഈ സമയക്രമം ഭൂമിയിൽ എല്ലായിടത്തും നടപ്പാക്കുന്നതിന് ഗ്രീനിച്ചിൽ നിന്നാരംഭിച്ച് 15ഡിഗ്രി വീതം അകലമുള്ള ധ്രുവരേഖകളെ കേന്ദ്രമാക്കി അവകൊണ്ട് ഭൂമിയെ 24 സമയമേഖലകളായി വിഭജിച്ചിരിക്കുന്നു. ഓരോ മേഖലയിലെ സമയത്തിനും അതിനടുത്തതിന്റേതിൽനിന്ന് ഒരു മണിക്കൂർ വ്യത്യാസമുണ്ട്; അതായത് ഗ്രീനിച്ചിലേതിൽ നിന്ന് ഒരു മണിക്കൂർ വീതം വ്യത്യാസമുണ്ട്. കിഴക്കോട്ടു പോകുംതോറും സമയക്രമം മുന്നോട്ട് ആയിരിക്കും. സൌകര്യത്തെ കണക്കിലെടുത്ത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിനുതകുന്ന വ്യതിയാനങ്ങൾ ചെറിയതോതിൽ ഈ മേഖലാക്രമീകരണങ്ങളിൽ വരുത്താറുണ്ട്.
ഗ്രീനിച്ച് സമയം, മധ്യയൂറോപ്യൻ സമയം, പൌരസ്ത്യ യൂറോപ്യൻ സമയം ഇങ്ങനെ ഓരോ മണിക്കൂർ വ്യത്യാസമുള്ള മൂന്നു സമയക്രമങ്ങൾ യൂറോപ്പിൽ നടപ്പിലിരിക്കുന്നു. ഒരു രാജ്യത്തിൽ തന്നെ കാലത്തിനനുസരിച്ച് വ്യത്യസ്ത സമയക്രമങ്ങൾ പാലിക്കപ്പെടുന്നു എന്നു വരാം. ഉദാ. ഇംഗ്ളണ്ടിൽ ശീതകാലത്ത് ഗ്രീനിച്ച് സമയവും വേനൽക്കാലത്ത് മധ്യയൂറോപ്യൻ സമയവുമാണ് സ്വീകരിച്ചുപോരുന്നത്. ഇതുപകൽസമയം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനുള്ള ഒരു പ്രാദേശിക ക്രമീകരണം മാത്രമാണ്.
യു.എസ്സിൽ ഓരോ മണിക്കൂർ വീതം വ്യത്യാസമുള്ള അത്ലാന്തിക് (Atlantic), ഈസ്റ്റേൺ (Eastern), സെൻട്രൽ (Central), പസഫിക് (Pacific), മൌണ്ടൻ (Mountain) എന്നീ സമയക്രമങ്ങൾ നിലവിലുണ്ട്. അരമണിക്കൂർവീതം വ്യത്യാസമുള്ള സമയമേഖലകളും ഉണ്ട്. ഉദാ. ഇന്ത്യയും പാകിസ്താനും യഥാക്രമം ഗ്രീനിച്ച് സമയത്തിൽ നിന്ന് 51/2 -യും 41/2-യും മണിക്കൂറുകൾ മുന്നോട്ടു വ്യത്യാസമുള്ള സമയക്രമങ്ങൾ പാലിച്ചുപോരുന്നു.
180 ഡിഗ്രിയിലുള്ള രേഖാംശത്തെ (ധ്രുവരേഖ) അന്താരാഷ്ട്ര ദിനാങ്കരേഖ (International date line) എന്നു പറയുന്നു. ഈ രേഖയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിൽ ഒരു കലണ്ടർ ദിവസം വ്യത്യാസമുണ്ട്. പടിഞ്ഞാറുഭാഗത്തെ ദിവസം കിഴക്കുഭാഗത്തേതിൽനിന്ന് ഒരു കലണ്ടർ ദിവസം മുന്നിലാണ്. അതായത്, ജനു. 1-ന് കി.നിന്ന് പടിഞ്ഞാറോട്ട് ഈ രേഖകടക്കുമ്പോൾ ജനു. 2 എന്ന് കലണ്ടർ തിരുത്തേണ്ടിയിരിക്കുന്നു. ജനു. 1-ന് പ.നിന്ന് കിഴക്കോട്ടാണ് രേഖ കടക്കുന്നതെങ്കിൽ ഡി. 31 എന്നും തിരുത്തണം. ഈ പൊതുതീരുമാനം (ഭൂമിയുടെ ചക്രണംകൊണ്ട്) സമയക്രമത്തിൽ വന്നേക്കാവുന്ന അപാകതകൾ തിരുത്തുന്നതിനുവേണ്ടിയാകുന്നു.
ദിവസം ആരംഭിക്കുന്നത് മധ്യാഹ്നത്തിൽ നിന്നാണ് എന്നു ജ്യോതിഃശാസ്ത്രത്തിൽ കരുതപ്പെട്ടിരുന്നു. എന്നാൽ മറ്റെല്ലാ കാര്യങ്ങൾക്കും പാതിരാവിൽ ആരംഭിക്കുന്ന 24 മണിക്കൂറാണ് ഒരു ദിവസം. ഈ വ്യത്യാസം ഇല്ലാതാക്കുന്നതിന് 1922-ൽ സമ്മേളിച്ച അന്താരാഷ്ട്ര ജ്യോതിഃശാസ്ത്ര സമ്മേളനത്തിൽ 1925 മുതൽ, പാതിരാത്രിമുതൽ ആരംഭിക്കുന്ന ദിവസക്രമം ജ്യോതിഃശാസ്ത്രത്തിലും സ്വീകരിക്കുവാൻ തീരുമാനിച്ചു. പല രാജ്യങ്ങളിലും പല പേരുകളിലാണ് ഈ പൊതുസമയക്രമം അറിയപ്പെട്ടിരുന്നത്. 1928-ലെ ജ്യോതിഃശാസ്ത്ര സമ്മേളനത്തിലാണ് 'യൂണിവേഴ്സൽ ടൈം' (സാർവ ലൌകിക സമയക്രമം അഥവാ അന്താരാഷ്ട്ര സമയക്രമം) എന്ന നാമം ഇതിനു നിർദ്ദേശിക്കപ്പെട്ടത്. ഇംഗ്ളണ്ടിൽ ഈ സമയക്രമം 'യൂണിവേഴ്സൽ ടൈം' (UT) എന്നും ഫ്രാൻസിൽ 'താം യൂണിവേർസെൽ' (TU) എന്നും ജർമനിയിൽ 'വെല്റ്റ് സൈറ്റ്' (Weltzeit:WZ) എന്നും അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ See National Institute of Standards and Technology Time and frequency FAQ Archived 2010-03-12 at the Wayback Machine, accessed 5 October 2008, for the origin of this abbreviation.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്രസമയക്രമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |