വിൽപ്പത്രം
ഒരു വ്യക്തിക്ക് ഉള്ള തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രേഖയാണ് വിൽപ്പത്രം(ഒസ്യത്ത്). ഇത് രഹസ്യമാക്കിയും വക്കാറുണ്ട്.
ഇന്ത്യയിൽ
[തിരുത്തുക]മാനസികരോഗികളല്ലാത്തവർക്കും വിൽപത്രത്തിൽ അടക്കം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വ്യവസ്ഥകളെപ്പറ്റി ബോധവാനായിട്ടുള്ള പ്രായപൂർത്തിയെത്തിയിട്ടുള്ള ഏതൊരു വ്യക്തിക്കും വിൽപത്രം എഴുതാവുന്നതാണ്. എന്നാൽ ഇതു നിർബന്ധപൂർവ്വമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദുഃസ്വാതന്ത്ര്യം ചെലുത്തിയോ ആണെങ്കിൽ നിയമസാധുതയില്ല.
വിൽപ്പത്രത്തിന്റെ ശൈലി
[തിരുത്തുക]പ്രത്യേകമായ ഭാഷാശൈലിയോ പാടവമോ ഒന്നും തന്നെ വിൽപത്രമെഴുതുന്നതിന് വേണമെന്നില്ല. എന്നാൽ എഴുതുവാൻ ഉദ്ദേശിക്കുന്ന ആൾ എഴുതുന്ന കാര്യങ്ങൾ എന്തെല്ലാമെന്നും ആരെയെല്ലം പറ്റി എഴുതുന്നുവെന്നും ലളിതമായ ഭാഷാശൈലിയിൽ അപരർക്ക് വായിച്ച് ഗ്രഹിക്കാവുന്ന വിധത്തിലായിരിക്കണം. താനെഴുതുന്ന വിൽപത്രത്തെ നിയമപ്രകാരം ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ വിൽപത്രകർത്താവിന് അവകാശമുണ്ടായിരിക്കും.
രജിസ്ട്രേഷൻ
[തിരുത്തുക]വിൽപത്രം രജിസ്റ്റർ ചെയ്യാമെങ്കിലും ഇത് നിർബന്ധമായി വേണമെന്ന് നിയമം അനുശാസിക്കുന്നില്ല. എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്ന കരാറാണിത്. വിൽപത്രമെഴുതിയ വ്യക്തി മരിച്ചു കഴിഞ്ഞാൽ മരിച്ച വ്യക്തിയുടെ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളാകുന്ന ആർക്കും അത് രജിസ്റ്റർ ചെയ്യാൻ സമർപ്പിക്കവുന്നതാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ മരിച്ച വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് ഹാജരക്കേണ്ടതും വിൽപത്രം എഴുതിയ വ്യക്തി തന്നെയണ് ഒപ്പിട്ടിരിക്കുന്നത് എന്ന് തെളിയിക്കേണ്ടതുമാണ്. വിൽപത്രത്തിന്റെ കവർ സീൽ ചെയ്ത് അകത്തുള്ള വിവരം ഒരു കാരണവശാലും മനസ്സിലാക്കാനാവാത്ത വിധത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു എർപ്പാട് നിലവിലുണ്ട് ഇതിനെ വിൽപത്രം ഡിപ്പോസിറ്റ് എന്നാണ് അറിയപ്പെടുന്നത്. വിൽപത്രത്തിന്റെ കവറിനു പുറത്ത് പ്രമാണം ഏതു രീതിയിയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങൾ പ്രത്യേകം അഞ്ചാ നംമ്പർ ബുക്കിൽ രേഖപ്പെടുത്തിയതിനുശേഷം പ്രസ്തുത പ്രമാണം സുരക്ഷിതമായ സ്ഥാനത്ത് സൂക്ഷിക്കപ്പെടുന്നു. ഡിപ്പോസിറ്റർ രേഖാമൂലം അപേക്ഷിക്കുന്ന സമയത്ത് അത് തിരികെ എടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യപ്പെടുന്ന വിവരങ്ങൾ അടങ്ങുന്ന രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടത് തീപ്പിടുത്തത്തിനു ഇരയാകുവാനിടയില്ലാത്ത പെട്ടികളിലായിരിക്കേണ്ടതാണ്
വിൽപത്രത്തിന് സാക്ഷികൾ അത്യാവശ്യമാണ്. എന്നാൽ എല്ലാ സാക്ഷികളും ഒരേ സമയത്ത് സന്നിഹിതരായി ഒരേ ദിവസം തന്നെ ഒപ്പുവെക്കണമെന്ന് വ്യവസ്ഥയില്ല.സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ വിൽപത്രകർത്താവ് ഒപ്പുവെക്കണമെന്നില്ല. താൻ എഴുതി ഒപ്പ്‌വെച്ചതാണെന്ന വ്യവസ്ഥയിൽമേൽ സാക്ഷികളോട് ഒപ്പുവെക്കുന്നതിന് ആവശ്യപ്പെടാവുന്നതാണ്. വിൽപത്രത്തിൽ എഴുതിയിരിക്കുന്ന വ്യവസ്ഥകൾ പ്രായോഗികതലത്തിൽ നടപ്പിൽ വരിത്തുന്നതിന് വിൽപത്രമെഴുതിയ വ്യക്തിക്ക് മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്. ഇപ്രകാരം ഒരു വ്യക്തിയെ ചുമതലപെടുത്താനാവില്ല എങ്കിൽ തങ്ങളുടെ ചുമതല നിർവഹിക്കുന്നതിന് ആവശ്യമെന്നു തോന്നുന്ന പക്ഷം കോടതി ഒരു വ്യക്തിയെ നിയോഗിച്ചയക്കുന്നതാണ്. വിൽപത്രത്തിൽ പറയുന്ന സ്വത്തുകളുടെ അവകാശം നിർദ്ദേശിക്കുന്ന വ്യക്തിക്ക് ലഭ്യമാകുന്നത് എഴുതിയ വ്യക്തിയുടെ കാലശേഷം മാത്രമായിരിക്കും. എന്നാൽ,അവകാശം ലഭ്യമാകുന്നതിനെപറ്റി എന്തെങ്കിലും പ്രത്യേക കാലയളവ് രേഖപ്പെടുത്തിയാൽ അപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിനുശേഷം അവകാശം ലഭ്യമാകുന്നതാണ്.
മുസ്ലിം വ്യക്തി നിയമമനുസരിച്ച് വിൽപത്രം എഴുതിയെന്ന കാരണത്താൽ പിതാവിന്റെ സ്വത്ത് വിൽപത്രത്തിൽ പറയുന്ന വ്യക്തിക്ക് മാത്രമായി ലഭിക്കുന്നതല്ല.