Jump to content

വില്യം ഫ്രേസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William Fraser (British India civil servant) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വില്ല്യം ഫ്രേസർ - 1806 കാലയളവിൽ റോബർട്ട് ഹോം വരച്ചത്

ദില്ലിയുടെ റെസിഡന്റായിരുന്ന ബ്രിട്ടീഷ് ഭരണകർത്താവും ഭാഷാശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്നു[1] വില്ല്യം ഫ്രേസർ (ഇംഗ്ലീഷ്: William Fraser, ജീവിതകാലം: 1784–1835 മാർച്ച് 22[2]).

സ്കോട്ട്ലൻഡിലെ ഇൻവെർനെസ്സ്-ഷെയറിൽ ജനിച്ച ഫ്രേസർ 1799-ലാണ് ഇന്ത്യയിൽ ഉദ്യോഗത്തിനെത്തിയത്. 1805-ൽ ഡെൽഹി റെസിഡന്റായിരുന്ന ഡേവിഡ് ഒക്റ്റർലോണിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 1811-ൽ മൗണ്ട്സ്റ്റ്യുവർട്ട് എൽഫിൻസ്റ്റോണിന്റെ പ്രസിദ്ധമായ കാബൂൾ ദൗത്യത്തിൽ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ഒപ്പം യാത്ര ചെയ്തു. 1813-ൽ ഡെൽഹി റെസിഡന്റായിരുന്ന ആർച്ചിബോൾഡ് സെറ്റന്റെ അസിസ്റ്റന്റായി. ഗൂർഖകളിൽ നിന്നും പിടിച്ചെടുത്ത ഗഡ്വാളിൽ 1819-ൽ നിയമനം ലഭിച്ചു. 1826-ൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ റെവന്യൂ ബോർഡിലെ അംഗമായി. 1830-ൽ ഡെൽഹിയിലെ റെസിഡന്റായി.[2]

ഡെൽഹിയിലായിരുന്ന ഫ്രേസർ ഇന്ത്യൻശൈലിയിലാണ് ജീവിച്ചിരുന്നത്. ഡെൽഹിയിലെ ഇസ്ലാമികപണ്ഡിതനായിരുന്ന ഷാ അബ്ദുൽ അസീസും ഉർദു കവിയായിരുന്ന മിർസ ഗാലിബുമെല്ലാം ഫ്രേസറുടെ സുഹൃത്തുക്കളായിരുന്നു. ഫ്രേസർക്ക് ആറോ ഏഴോ ഇന്ത്യൻ ഭാര്യമാരും നിരവധി കുട്ടികളുമുണ്ടായിരുന്നു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതിന് ഫ്രേസർ മാട്ടിറച്ചിയും പന്നിയിറച്ചിയും കഴിക്കുന്നത് ഉപേക്ഷിച്ചു. മുഗൾ വസ്ത്രങ്ങൾ ധരിച്ച് അദ്ദേഹം മുഗളരെപ്പോലെത്തന്നെ ജീവിച്ചു. ഡെൽഹി ശൈലിയിൽ അദ്ദേഹം തന്റെ മീശയും വച്ചിരുന്നു. ഹിന്ദുസ്താനിയും പേർഷ്യനും അദ്ദേഹത്തിന് മാതൃഭാഷയെന്നപോലെ വഴങ്ങിയിരുന്നു.[1]

ഡെൽഹിയിലെ സെയിന്റ് ജെയിംസ് പള്ളിയിലുള്ള വില്യം ഫ്രേസറുടെ കുഴിമാടം

ഡെൽഹി റെസിഡന്റ് പദവിയിലിരിക്കുമ്പോൾ 1835 മാർച്ച് 22-ന് കരീം ഖാൻ എന്നൊരാൾ ഫ്രേസറെ വെടിവക്കുകയും തുടർന്നദ്ദേഹം മരിക്കുകയും ചെയ്തു. ഫിറോസ്പൂരിലെ നവാബായിരുന്ന ഷംസുദ്ദീൻ ആയിരുന്നു ഈ വധത്തിനു പിന്നിൽ. അയാൾക്കെതിരെ ഫ്രേസർ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കരീം ഖാനെയും നവാബ് ഷംസുദ്ദീനെയും കുറ്റക്കാരാണെന്ന് കണ്ടെത്തി തൂക്കിക്കൊന്നിരുന്നു.[2] ഈ സംഭവം ദില്ലിയിലെ മുസ്ലീങ്ങളുടെ ഇടയിൽ ബ്രിട്ടീഷുകാർക്കെതിരെ ജനരോഷം ഉയരുന്നതിന് കാരണമായിരുന്നു. ഡെൽഹിയിലെ ആദ്യത്തെ ഉർദു പത്രമായ ദെഹ്ലി ഉർദു അക്ബാർ, ഈ സംഭവത്തെത്തുടർന്നാണ് ആരംഭിച്ചത്.[3]

ഫ്രേസർ കൊലചെയ്യപ്പെട്ടപ്പോൾ ഒരു പിതാവിന്റെ മരണം പോലെയാണ് തനിക്കനുഭവപ്പെട്ടതെന്നാണ് ഗാലിബ് എഴുതിയത്.[1]

ഫ്രേസർ ആൽബം

[തിരുത്തുക]
ഫ്രേസർ ആൽബത്തിൽനിന്നുള്ള ഒരു ചിത്രം

മുഗൾ സംസ്കാരത്തിനാൽ സ്വാധീനിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹം. കലയുടെ വലിയ രക്ഷാധികാരിയായിരുന്ന അദ്ദേഹം മുഗൾ കവിയായ ഗാലിബിന്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രസിദ്ധീകരിച്ചതാണ് ഫ്രേസർ ആൽബം എന്ന പേരിൽ പ്രസിദ്ധമായ കലാസൃഷ്ടി. മുഗൾ കാലഘട്ടത്തിലെ പ്രശസ്തരായ കലാകാരന്മാരുടെ രചനകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്തെ മുഗൾ കാലഘട്ടത്തിലെ ജീവിതത്തെ ഈ കലാസൃഷ്ടി ചിത്രീകരിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ലാസ്റ്റ് മുഗൾ[൧], താൾ: 64 - 65
  2. 2.0 2.1 2.2 ഹെൻറി മോഴ്സ് സ്റ്റീഫൻസ്. ഡിക്ഷ്ണറി ഓഫ് നാഷണൽ ബയോഗ്രഫി, 1885-1900, വാല്യം 20 (in ഇംഗ്ലീഷ്). Retrieved 2013 ഓഗസ്റ്റ് 22. {{cite book}}: Check date values in: |accessdate= (help)
  3. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 125. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വില്യം_ഫ്രേസർ&oldid=3608637" എന്ന താളിൽനിന്ന് ശേഖരിച്ചത്