അക്വാറ്റിന്റ്
ലോഹത്തകിടിൽ ചിത്രങ്ങൾ കൊത്തുന്ന വിദ്യയാണ് അക്വാറ്റിന്റ് (Aquatint). ചെമ്പ്, ഉരുക്ക് എന്നീ ലോഹങ്ങളാണ് പ്രധാനമായി ഇതിനുപയോഗിക്കുന്നത്.
പ്രയോഗരീതി
[തിരുത്തുക]നേർമയായി പൊടിച്ചെടുത്ത പശ ലോഹത്തകിടിൽ തൂവി നിരപ്പാക്കിയിട്ട് അടിയിൽ ചൂടുപിടിപ്പിക്കുന്നു. ചൂടുകൊണ്ട് പൊടി ഉരുകി പരക്കും. അതു തണുക്കുമ്പോൾ പശയുടെ ഒരു പാളി തകിടിൽ പരന്നു പിടിച്ചിരിക്കും. മറ്റൊരുവിധത്തിലും പശ പിടിപ്പിക്കാറുണ്ട്. വീഞ്ഞിൽ നിന്നുത്പാദിപ്പിക്കുന്ന സ്പിരിറ്റിൽ പശയുടെ ഒരു ലായനി ഉണ്ടാക്കി ഒരേ കനത്തിൽ ലോഹത്തകിടിൽ പൂശുക. സ്പിരിറ്റ് ആവിയായിക്കഴിയുമ്പോൾ പശയുടെ ഒരു പാളി തകിടിൽ അവശേഷിക്കും. അതിനുശേഷം ചിത്രണം ചെയ്യേണ്ട രൂപം വാർണീഷുകൊണ്ടു വരച്ച് അമ്ലത്തിൽ മുക്കി വയ്ക്കുക. വാർണീഷ് പുരളാത്ത ഭാഗങ്ങളിൽ പശയുടെ കണികകൾക്കിടയ്ക്ക് അമ്ലം കടന്ന് രാസപ്രവർത്തനം നടത്തും. അതിന്റെ ഫലമായി തകിടിന്റെ ഉപരിതലം ചെറിയ കുഴികൾ കൊണ്ട് പരുപരുപ്പുള്ളതായിത്തീരുന്നു. എന്നാൽ വാർണീഷു പുരട്ടിയിട്ടുള്ള ഭാഗങ്ങളിൽ അമ്ലത്തിന്റെ പ്രവർത്തനം നടക്കുകയില്ല. ആ ഭാഗം വെളുത്ത് മിനുസമുള്ളതായിരിക്കും. ഈ പ്രക്രിയ ആവശ്യാനുസരണം ആവർത്തിക്കാവുന്നതാണ്.
ചരിത്രം
[തിരുത്തുക]18-ം ശതകത്തിലാണ് ഈ സമ്പ്രദായം കണ്ടുപിടിക്കപ്പെട്ടത്. ഗോയ എന്ന ചിത്രകാരൻ അദ്ദേഹത്തിന്റെ യുദ്ധത്തിന്റെ കെടുതികൾ (Disasters of war) എന്ന ചിത്രത്തിൽ രേഖാങ്കനത്തോടുകൂടി ഈ രാസപ്രവർത്തനരീതിയും സംയോജിപ്പിച്ച് പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. എന്നാൽ ഈ സങ്കേതത്തിന്റെ വികസനത്തിനുള്ള വഴി തെളിച്ചത് ജെ.ബി. ലേപ്രിൻസ് (1768) എന്ന കൊത്തുപണിക്കാരനാണ്. 18-ം ശതകത്തിന്റെ അവസാന ദശകങ്ങളിൽ എഫ്. ജാനിനെ, പി.എൽ. ദെബുകോർട്ട് എന്നിവരും മറ്റു ചില ഫ്രഞ്ചുചിത്രകാരന്മാരും ഈ സമ്പ്രദായത്തിന് സാങ്കേതികപൂർണതയുണ്ടാക്കുവാൻ പരിശ്രമിച്ചു. അവർ വർണചിത്രങ്ങൾ അച്ചടിക്കുവാനുള്ള ഒരു മാർഗ്ഗമായി ഇതിനെ പ്രയോജനപ്പെടുത്തി. ഇംഗ്ലണ്ടിൽ 18-ം ശതകത്തിന്റെ അവസാനത്തിലും 19-ം ശതകത്തിന്റെ ആരംഭത്തിലും ഈ സമ്പ്രദായം പോൾസാൻബി, തോമസ് മാൾട്ടൻ, വില്യം സാമുവൽ, ദാനില് സ്റ്റാഡ്ലർ തുടങ്ങിയ കലാകാരന്മാർ അവരുടെ ജലച്ചായചിത്രം പകർത്തുന്നതിനുപയോഗിച്ചു. ഇംഗ്ലീഷ് അക്വാറ്റിന്റുകൾ വർണചിത്രങ്ങളായി അച്ചടിക്കാറില്ല. കൈകൊണ്ട് വർണങ്ങൾ വരച്ചുചേർക്കുകയേ ഉള്ളൂ. 19-ം ശതകത്തിന്റെ അവസാനത്തോടുകൂടി ഈ സമ്പ്രദായത്തിന്റെ പ്രയോജനം കുറഞ്ഞുവെങ്കിലും 20-ം ശതകത്തിൽ അതിനെ പുനരുദ്ധരിച്ച പ്രമുഖരാണ് സർ ഫ്രാങ്ക് ഷോർട്ട്, തിയഡോർ റൗസ്സൽ, ഒലിവർ ഹാൾ, ലി ഹാങ്കി, റോബിൻസ് തുടങ്ങിയവർ.
അവലംബം
[തിരുത്തുക]- Aquatint 1.1 : Make Aqua images [1]
- Aquatint [2] Archived 2009-11-04 at the Wayback Machine.
- The Printed Image in the West: Aquatint [3]
- ArtLex on Aquatint [4] Archived 2010-08-18 at the Wayback Machine.
Further reading
[തിരുത്തുക]- Prideaux, S. T. Aquatint engraving; a chapter in the history of book illustration (London : Duckworth & Co., 1909).
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്വാറ്റിന്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |