അഗാരിക്കസ്
Agaricaceae | |
---|---|
Agaricus campestris | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Fungi |
Division: | Basidiomycota |
Class: | Agaricomycetes |
Order: | Agaricales |
Family: | Agaricaceae Chevall. (1826) |
Type genus | |
Agaricus | |
Genera | |
85; See text | |
Synonyms[3][4] | |
ബെസിഡിയോമൈസീറ്റ്സ് (Basidiomycetes) വർഗത്തിൽപെട്ട അഗാരിക്കേൽസ് ഗോത്രത്തിലെ അഗാരിക്കേസി കുടുംബത്തിലെ ഒരു കവകം (കൂൺ) ആണ് അഗാരിക്കസ്. ചാണകം, ക്ലേദം (humus) മുതലായ വിഘടക (decomposing) വസ്തുക്കൾ ധാരാളമുള്ള പ്രദേശങ്ങളിൽ കൂണുകൾ സാധാരണയായി വളരുന്നു. കാരണം ഹരിതസസ്യങ്ങളെപോലെ ആഹാരം സംശ്ലേഷണം ചെയ്യാനാകാത്ത മൃതോപജീവി(saprophytes)കളാണിവ. കേരളത്തിലെ കാലാവസ്ഥ കൂണുകളുടെ വളർച്ചയ്ക്ക് അനുയോജ്യമായതിനാൽ മഴക്കാലാരംഭത്തോടെ പറമ്പുകളിലും മരക്കുറ്റികളിലും കൂണുകൾ വളർന്നു വികസിക്കുന്നു.
പ്രത്യേകതകൾ
[തിരുത്തുക]പൂർണവളർച്ചയെത്തിയ സസ്യശരീരത്തിന് രണ്ടു ഭാഗങ്ങളുണ്ട്: മണ്ണിനടിയിൽ വളരുന്ന അലൈംഗിക കവക ജാലവും (vegetative mycelium), മണ്ണിനു മുകളിൽ കുടപോലെ വികസിച്ചുനില്ക്കുന്ന ബീജാണുധരവും (sporophore).
ബെസിഡിയോസ്പോർ (Basidiospore) കിളിർത്ത് പ്രാഥമിക കവകജാലം (primary mycelium) ഉണ്ടാകുന്നതോടുകൂടി ജീവനവൃത്തം ആരംഭിക്കുന്നു. അനേകം കവകതന്തുക്കൾ (hyphae) അടങ്ങിയ കവകജാലം കെട്ടുപിണഞ്ഞു കിടക്കുന്ന നേർത്ത കമ്പിളിനൂലുകൾ പോലെ തോന്നും. ആരംഭത്തിൽ അവയിൽ ഏകകേന്ദ്രകോശങ്ങ(uninuclear cell)ളാണ് കാണുക. വിപരീതവിഭേദങ്ങൾ (opposite strains) തമ്മിൽ സന്ധിച്ചാൽ ദ്വിതീയകവകജാലം ഉണ്ടാകുന്നു. കവകകോശങ്ങൾ തമ്മിൽ സംയോജിക്കുന്നതിന്റെ ഫലമായി വിപരീതവിഭേദ കേന്ദ്രങ്ങൾ രണ്ടും ഒരു കോശത്തിലാകുന്നു. ഈ കോശത്തിൽനിന്നും വർദ്ധിക്കുന്ന കവകതന്തുക്കൾ ദ്വികേന്ദ്രകോശങ്ങളാണ്. ഇങ്ങനെയുണ്ടാകുന്ന ദ്വിതീയകവകജാലങ്ങളിൽ നിന്നാണ് ബീജാണുധരം ഉണ്ടാകുക. ഭക്ഷണവും ജലവും സുലഭമാകുമ്പോൾ കവകതന്തുക്കൾ ഇടതൂർന്ന് വളരുന്നു. ഇതിനു ചുറ്റും ബട്ടണിന്റെ ആകൃതിയിൽ ഉണ്ടാകുന്ന ബീജാണുധരം മണ്ണിനു മുകളിൽ പ്രത്യക്ഷപ്പെടുന്നു. ഇത് അതിശീഘ്രം വളർന്ന് കുടപോലെ വികസിക്കുന്നത് രാത്രി സമയത്താണ്. ഇങ്ങനെ കുമിൾക്കുടകൾ വൃത്താകാരമായി ഇരുട്ടിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ഇവയെ 'ദുർദേവതകളുടെ വലയം' (Fairyrings) ആയി ഒരു കാലത്ത് കണക്കാക്കിയിരുന്നു.
മണ്ണിനുമുകളിൽ കാണുന്ന കുമിൾ യഥാർഥത്തിൽ അതിന്റെ ബീജാണുധരമാണ്. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്: (i) മാംസളവും വൃത്തസ്തംഭാകാര(cylindrical)വുമായ വൃന്തം (stipe), (ii) പരന്ന് വിസ്തൃതമായ ഛത്രം (pileus). ആരംഭത്തിൽ ഛത്രവക്ക് നേർത്ത ഒരു പാടകൊണ്ട് വൃന്തവുമായി ബന്ധിച്ചിരിക്കും. എന്നാൽ ഛത്രം വികസിക്കുന്നതോടുകൂടി പാട പൊട്ടുന്നുണ്ടെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ വൃന്തത്തിനു ചുറ്റും ഒരു വലയംപോലെ കാണാം. ഛത്രത്തിന്റെ അടിവശത്ത് 300 മുതൽ 600 വരെ ഗില്ലുകൾ (gills) അടുക്കിയിരിക്കുന്നു. ഇവ ഛത്രവും വൃന്തവും യോജിക്കുന്ന ഭാഗത്തുനിന്നും ആരംഭിച്ചു വണ്ടിച്ചക്രത്തിന്റെ ആരക്കാലുപോലെ വക്കുവരെ എത്തുന്നു. പൂർണ വളർച്ചയെത്തിയ ഛത്രത്തിന് 5 മുതൽ 12 വരെ സെ.മീ. വ്യാസം കാണും.
ഗിൽ-ഉൾഘടന
[തിരുത്തുക]ഗില്ലിന്റെ മധ്യഭാഗത്ത് ഋജുവായ സെപ്റ്റിത (septate) കവകതന്തുക്കൾ കാണുന്നു. ഇതാണ് ട്രാമ (trama). ട്രാമയ്ക്കു വെളിയിലായി ചെറിയ ഉരുണ്ട കോശങ്ങളടങ്ങിയ സബ്ഹൈമീനിയവും (subhymenium) അതിനു പുറമേ നീണ്ട് ഗദയുടെ ആകൃതിയിലുള്ള കോശങ്ങളോടുകൂടിയ ഹൈമീനിയവും ഉണ്ട്. വർഗോത്പാദനശേഷിയുള്ള നീളം കൂടിയ ബെസിഡിയവും നീളം കുറഞ്ഞ കോശങ്ങളായ വന്ധ്യ-പാരാപൈസസും ഉൾപ്പെട്ടതാണ് ഈ ഹൈമീനിയം.
ബെസിഡിയാ വികാസം
[തിരുത്തുക]ആദ്യമായി വിപരീത വിഭേദകേന്ദ്രങ്ങൾ സംയോജിച്ച് ഒരു ദ്വിപ്ലോയിഡു കോശകേന്ദ്രം (diploid nucleus) ഉണ്ടാകുന്നു; പിന്നീട് ക്രമാർധഭംഗം (meiosis) നടക്കുന്നതിന്റെ ഫലമായി നാലു അഗുണിതകേന്ദ്രങ്ങൾ (haploidnucleus) സംജാതമാകും. ഇതോടുകൂടി ബെസിഡിയാഗ്രസ്ഥാനത്ത് ചെറിയ നാല് വൃന്തങ്ങളും (sterigmata) പ്രത്യക്ഷപ്പെടും (സാധാരണയായി വന്യജാതികളിൽ നാലും കൃഷിചെയ്യുന്ന ജാതികളിൽ രണ്ടും വൃന്തങ്ങളാണ് ഉണ്ടാവുക). അഗുണിതകേന്ദ്രം ഓരോന്നുവീതം വൃന്തത്തിൽ പ്രവേശിച്ച് വൃന്താഗ്രം ബീജാണുവായി ഭവിക്കുന്നു. ഇങ്ങനെ ഓരോ ബെസിഡിയത്തിലും നാലു ബീജാണുക്കൾ (ബെസിഡിയോസ്പോറുകൾ) വീതം ഉണ്ടാകുന്നു. എന്നാൽ കൃഷി ചെയ്യുന്ന കുമിളുകളിൽ രണ്ടു വൃന്തവും ഓരോ വൃന്തത്തിലും ഈരണ്ടു കേന്ദ്രവുമാണ് കാണുക. പാകമാകുമ്പോൾ ബീജാണു മണ്ണിൽ വീണു കിളിർക്കുന്നു.
ചില കുമിളുകൾ ഭക്ഷ്യയോഗ്യവും (ഉദാ. സാലിയോട്ട, മൊറൽ) മറ്റു ചിലത് വിഷമുള്ളതുമാണ്. സാധാരണയായി ചുവപ്പും മഞ്ഞയും കലർന്ന നിറങ്ങളുള്ള കുമിളുകൾ വിഷമുള്ളവയായിരിക്കും. ഏകദേശം 45,000 കൂണിനങ്ങൾ ഉണ്ടെങ്കിലും 2,000-ത്തോളം മാത്രമെ ഭക്ഷ്യയോഗ്യമായുള്ളു. ഇതിൽ തന്നെ സു. 25 ഇനങ്ങളാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ യോജിച്ചത്.
ആഹാരത്തിനനുയോജ്യമായ കുമിൾജാതികളിൽ ധാരാളം ജീവകങ്ങളും മാംസ്യവും അടങ്ങിയിട്ടുണ്ട്. തയാമിൻ, നിയാസിൻ, റിബോഫ്ളേവിൻ തുടങ്ങിയ ജീവകങ്ങളാണ് അധികവും. കുമിൾമാംസ്യം മറ്റു സസ്യങ്ങളിൽനിന്നു ലഭിക്കുന്നതിനേക്കാൾ വളരെ മെച്ചമാണ്. ആയുർവേദത്തിലും ഹോമിയോപതിയിലും ഉപയോഗിക്കുന്ന പല മരുന്നുകളിലും കൂൺ ഒരു പ്രധാന ഘടകമാണ്. ചിപ്പിക്കൂൺ, വൈയ്ക്കോൽക്കൂൺ, അമാനിറ്റ, ട്യൂബർ, ലെന്റിനസ് എന്നിവയാണ് ഔഷധഗുണമുള്ള ചില കൂണുകൾ. രക്തത്തിലെ കൊളസ്റ്റിറോൾ കുറയ്ക്കുന്നതിനും, പോളിയോ, ഇൻഫ്ളുവൻസ തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്. ഭക്ഷ്യ, ഔഷധാവശ്യങ്ങൾക്കു പുറമേ ചില കൂണിനങ്ങൾ കാർഷികാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കുവാനും ഉപയോഗിക്കാറുണ്ട്. കമ്പോസ്റ്റാക്കാൻ ബുദ്ധിമുട്ടുള്ള ലിഗിനിൻ അധികമുള്ള ചകിരിച്ചോറ്, മരപ്പൊടി തുടങ്ങിയ കാർഷികാവശിഷ്ടങ്ങളെയാണ് കൂണുകൾ വിഘടിപ്പിക്കുന്നത്.
കുമിൾ കൃഷിയിൽ വളരെയധികം പുരോഗതി നേടിയ രാജ്യങ്ങളാണ് ഫ്രാൻസും അമേരിക്കയും ഇംഗ്ളണ്ടും തായ്വാനും ആസ്റ്റ്രേലിയയും. പച്ചക്കുമിളുകളും ഉണങ്ങിയ കുമിളുകളും തകരങ്ങളിലടച്ചവ, കമ്പോളത്തിൽ വാങ്ങാൻ കിട്ടുന്നു. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ കൂൺ കൃഷി വ്യാപകമായി വികസിച്ചു തുടങ്ങിയിട്ടുണ്ട്.
കൃഷിസമ്പ്രദായം
[തിരുത്തുക]ഗോതമ്പ്, ചോളം മുതലായ ധാന്യങ്ങളുപയോഗിച്ചാണ് കൂൺവിത്ത് അഥവാ 'സ്പോൺ' ഉണ്ടാക്കുന്നത്. പാകത്തിനുവെന്ത ധാന്യത്തിൽ കാൽസ്യം കാർബണേറ്റ് (1. കി.ഗ്രാമിന് 50 ഗ്രാം) ചേർത്ത് കുപ്പികളിലോ പോളിപ്രൊപ്പിലീൻ കവറുകളിലോ നിറച്ച് 120 പൌണ്ട് മർദത്തിൽ ഒരു മണിക്കൂർ ഓട്ടോ ക്ളേവ് ചെയ്ത്, തണുത്തശേഷം അണുവിമുക്ത സാഹചര്യങ്ങളിൽ പ്രത്യേകം വളർത്തിയെടുത്ത കൂൺ പൂപ്പൽ (culture) ഇട്ടുകൊടുക്കുന്നു. 10-12 ദിവസങ്ങൾക്കുള്ളിൽ ധാന്യങ്ങളിൽ വെള്ളനിറത്തിൽ കൂൺ വളർന്നു വരുന്നതുകാണാം. ഇപ്രകാരം കൂൺപൂപ്പ് വളർന്ന ധാന്യങ്ങളാണ് വിത്തായി ഉപയോഗിക്കുന്നത്.
പോളിത്തീൻ കവറുകളിലാണ് ഇപ്പോൾ കൂൺ കൃഷി ചെയ്തുവരുന്നത്. വയ്ക്കോലാണ് അനുയോജ്യമായ മാധ്യമം. ചെറുകഷ്ണങ്ങളായോ കട്ടിയുള്ള ചുമ്മാടുപോലെ ചുരുളുകളാക്കിയോ തയ്യാറാക്കിയ വയ്ക്കോൽ 16-18 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത്, വെള്ളം വാർത്തുകളഞ്ഞ് 30-45 മിനിട്ട് ആവിയിൽ വെച്ചശേഷം തണുപ്പിച്ച് വിത്തിടാൻ പാകപ്പെടുത്തുന്നു. പാകപ്പെടുത്തിയ വയ്ക്കോൽ സവിശേഷരീതിയിൽ തയ്യാറാക്കിയ കവറുകളിൽ ഓരോരോ അട്ടിയായി നിറച്ച് വിത്തിടണം. അഞ്ച് അട്ടികൾ നിറച്ചാൽ ഒരു ബെഡ് തയ്യാറാക്കാം. ഈ കവറുകൾ ഭദ്രമായി മൂടി വായുസഞ്ചാരമുള്ള ഇരുട്ട് മുറിക്കകത്ത് വെക്കണം. 12-15 ദിവമാകുമ്പോഴേക്ക് കൂൺ തന്തുക്കൾ വളർന്നു വികസിച്ചിരിക്കും. കവർ മുറിച്ചുമാറ്റി കൂൺ വളരുവാൻ സഹായമാകുന്നവിധത്തിൽ ഈർപ്പവും വായുസഞ്ചാരവും തണുപ്പും ആവശ്യത്തിനു വെളിച്ചവുമുള്ള സ്ഥലത്തു വെയ്ക്കണം. ഇടയ്ക്കിടെ ആവശ്യാനുസരണം വെള്ളം നനച്ചുകൊടുത്താൽ മൂന്നാംനാളിൽ കൂൺ പറിച്ചെടുക്കാൻ പാകമാകും. പാകമായ കൂണുകൾ ബെഡിനു കേടുവരാത്തവിധം പറിച്ചെടുത്ത് പോളിപ്രൊപ്പിലീൻ കവറുകളിൽ നിറച്ച് സീൽ ചെയ്ത് ശീതീകരണികളിൽ സൂക്ഷിച്ചാൽ 8-10 ദിവസം കേടുകൂടാതെ ഇരിക്കും. ഒരിക്കൽ വിളവെടുത്ത ബെഡുകൾ ഒന്നോ രണ്ടോ ദിവസം നനയ്ക്കാതെ വച്ചിട്ട് വീണ്ടും നന തുടരുക. അടുത്ത 6-7 ദിവസത്തിനകം രണ്ടാമത്തെയും തുടർന്ന് ഇതേ കാലയളവിൽ മൂന്നാമത്തെയും വിളവെടുക്കാനാവും. വിളയെടുത്ത ബെഡുകൾ കമ്പോസ്റ്റുണ്ടാക്കാനുപയോഗിക്കാം
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Poinar 1990
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Linnaeus 1753
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;urlMycoBank: Agaricaceae
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;urlMycoBank: Lepiotaceae
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.