Jump to content

അങ്കപല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദശാംശസമ്പ്രദായത്തിലുള്ള സംഖ്യകളുടെ അങ്കനരീതി (Notational system) ആണ് അങ്കപല്ലി; ഇതിൽനിന്നു വ്യത്യസ്തമായി സംഖ്യകളെ അക്ഷരങ്ങൾകൊണ്ട് സൂചിപ്പിക്കുന്ന സമ്പ്രദായം അക്ഷരപല്ലിയുമാണ്. ജൈനന്മാരാണ് ഈ പേരുകൾ ആദ്യം ഉപയോഗിച്ചത്. പഴയ കൈയെഴുത്തു ഗ്രന്ഥങ്ങളിലും അതതു ഭാഷയിലുള്ള അക്ഷരങ്ങൾതന്നെയാണ് സംഖ്യകൾ സൂചിപ്പിക്കാനുപയോഗിച്ചിരുന്നത്. ഒരേ അക്കത്തിനുതന്നെ വിവിധ ലിപികൾ ഉപയോഗിച്ചിരുന്നതായി കാണാം. ഓരോ ഏടിന്റെയും ഇടതുവശത്ത് അങ്കനം രേഖപ്പെടുത്തിയിരിക്കും. സ്ഥലപരിമിതികൊണ്ട് ഒന്നിനു താഴെ മറ്റൊന്നായി ചൈനീസ് രീതിയിൽ രേഖപ്പെടുത്തുന്ന പതിവും ഉണ്ടായിരുന്നു. എ.ഡി. 6-ം ശതകത്തിൽ നിലനിന്നിരുന്ന ബവർ ഹസ്തലിഖിതങ്ങളിൽ (Bower Manuscripts) ഈ രീതി സ്വീകരിച്ചിരുന്നു. അതിനുശേഷമുള്ളവയിൽ അങ്കപല്ലിയും അക്ഷരപല്ലിയും പേജുനമ്പരിടാനുപയോഗിച്ചിരുന്നു. ചിലപ്പോൾ ഈ രണ്ടു സമ്പ്രദായങ്ങൾ കൂട്ടിക്കലർത്തിയും പ്രയോഗിക്കാറുണ്ട്.

ഉദാഹരണത്തിന്, 102 എന്ന സംഖ്യയെ സും 2 എന്നും 100-നെ സും 0 എന്നും 209-നെ സൂം രൂം എന്നും ഈ സമ്പ്രദായങ്ങളിൽ രേഖപ്പെടുത്തുമ്പോൾ സു 1-ഉം സൂ 2-ഉം രും 9-ഉം ആണ്.

എ.ഡി. 16-ം ശതകംവരെ അക്ഷരപല്ലി സമ്പ്രദായം പ്രചരിച്ചിരുന്നു. ഇതിനുശേഷം പൊതുവായി അങ്കപല്ലിയാണ് നിലനിന്നത്. കേരളത്തിലെ അക്ഷരസംഖ്യാസമ്പ്രദായവുമായി അക്ഷരപല്ലിക്ക് സാദൃശ്യമുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കപല്ലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അങ്കപല്ലി&oldid=822989" എന്ന താളിൽനിന്ന് ശേഖരിച്ചത്