അച്ചടിശീല
കഥകളിവേഷങ്ങളുടെ ആഹാര്യസംവിധാനത്തിന് ഉപയോഗിക്കുന്ന ഒരു വസ്ത്രവിശേഷമാണ് അച്ചടിശീല.
വിപുലമായ ഉടുത്തുകെട്ടുകളില്ലാത്ത നാരദൻ, ദുർവാസാവ്, ശുക്രൻ തുടങ്ങിയ മുനിവേഷങ്ങൾ ധരിക്കുന്ന വസ്ത്രമാണ് അച്ചടിശീല, അല്ലെങ്കിൽ അച്ചടി. (മുദ്രണം ചെയ്യപ്പെട്ടതുണിക്ക് അച്ചടി എന്നു പറഞ്ഞുവന്നു.) ഈ ശീല പുള്ളികളുള്ളതോ ഇല്ലാത്തതോ ആകാം. ചുവപ്പ്, പച്ച, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളിൽ ഇവ തയ്യാറാക്കി കഥകളിക്കോപ്പുകളുടെ കൂട്ടത്തിൽ സൂക്ഷിച്ചിരിക്കും. മിനുക്കുവേഷങ്ങൾ ഇത് ഉടുത്തശേഷം അതിന്റെ മീതെ പടിയരഞ്ഞാണം അണിയുന്നു.
തേപ്പിനും മറ്റു വേഷസജ്ജീകരണങ്ങൾക്കും നടൻമാർ അണിയറയിലെത്തുമ്പോൾ കഥകളിയോഗച്ചുമതലക്കാരൻ അവർക്ക് തത്കാലത്തേയ്ക്ക് ധരിക്കാൻ കൊടുക്കുന്ന കൈലികൾക്കും ലുങ്കികൾക്കും അച്ചടി എന്നു പേരുണ്ട്. നടൻമാർ സ്വന്തം മുണ്ടുടുപ്പുകൾക്കുപകരം അച്ചടി ധരിച്ചുകൊണ്ടാണ് തേപ്പുകളും മറ്റും നടത്തുന്നത്. ഉടുത്തുകെട്ട് ആരംഭിക്കുന്നതിനുമുമ്പ് അവർ ഇതുതന്നെ അടിവസ്ത്രമായി ഉപയോഗിക്കുന്നു. അച്ചടിക്കുപകരം ആധുനികകാലത്ത് കാലുറകൾ (പൈജാമകൾ) ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അച്ചടിശീല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |