അജിത് വഡേകർ (1941 ഏപ്രിൽ 1 - ഓഗസ്റ്റ് 15, 2018) ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററും, മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്നു. 1966-നും 1974-നും മദ്ധ്യേ 37 ടെസ്റ്റ് മത്സരങ്ങളിലും 2 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിൽ 16 ടെസ്റ്റുകളിലും 2 ഏകദിനങ്ങളിലും അദ്ദേഹം ടീമിന്റെ നായകനായിരുന്നു. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനായ അദ്ദേഹം അക്രമണകാരിയായ ഒരു ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 1971-ൽ വെസ്റ്റ് ഇൻഡീസിനെതിരെയുംഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് വിജയത്തിലേയ്ക്ക് നയിച്ച ചരിത്രം അദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ ആദ്യ ഏകദിന നായകനും അദ്ദേഹമായിരുന്നു. ആദ്യത്തെ ഏകദിന കളിയിൽ വഡേക്കർ 67 റണ്ണെടുത്തെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം 1992 മുതൽ 1996 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജറായും 1998-99 കാലത്ത് സെലക്ഷൻ കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടെസ്റ്റ് കളിക്കാരൻ, ക്യാപ്റ്റൻ, കോച്ച്/മാനേജർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച മൂന്നുപേരിലൊരാൾ അദ്ദേഹമാണ്. ലാലാ അമർനാഥുംചന്ദു ബോർഡെയുമാണ് മറ്റ് രണ്ടുപേർ.[1][2] 1967-ൽ അർജുന അവാർഡും 1972-ൽ പത്മശ്രീയും നൽകി രാജ്യം വഡേക്കറെ ആദരിച്ചു. 2018-ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തന്റെ 77-ആം വയസ്സിൽ മുംബൈയിലെ ജസ്ലോക് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.[3] മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ ശിവജി പാർക്ക് ശ്മശാനത്തിൽ സംസ്കരിച്ചു.[4]