അജീർണം
അജീർണം | |
---|---|
സ്പെഷ്യാലിറ്റി | ഗ്യാസ്ട്രോഎൻട്രോളജി |
ആഹാരപദാർഥങ്ങൾ ദഹിക്കാതിരിക്കുന്ന അവസ്ഥയാണ് അജീർണം(Indigestion) അഥവാ ദഹനക്കേട്. ചില ഭക്ഷണപദാർഥങ്ങളിൽ ഗ്ലൂട്ടൺ എന്ന വസ്തുവിന്റെ സാന്നിധ്യം, ഭക്ഷണസാധനങ്ങളിലെ അണ്വാക്രമം, ആഗ്നേയശോഥം, കുടലിലെ ക്ഷയം, അന്നപഥത്തിലെ അർബുദം, രോഗങ്ങൾ, വട്ടപ്പുഴു, കൊക്കപ്പുഴു, നാടവിര എന്നീ പരോപജീവികൾ എന്നിവ അജീർണത്തിനു കാരണമാകുന്നു. വികാരപരമായ കാരണങ്ങളും അജീർണത്തിന് നിദാനമാകാം. ഗാസ്ട്രോ എന്ററോസ്റ്റമി, ഗാസ്ട്രെക്ടമി എന്നീ ശസ്ത്രക്രിയകൾക്കു ശേഷവും അജീർണമുണ്ടാകാം. ഈ ശസ്ത്രക്രിയകൾമൂലം പചനനാളത്തിന്റെ ദൈർഘ്യത്തിൽ കുറവു സംഭവിക്കുന്നു. തത്ഫലമായി ആഹാരപദാർഥങ്ങൾ വേഗം കടന്നുപോവുകയും പചനം പൂർണമാകാതിരിക്കയും ചെയ്യുന്നതിനാലാണ് അജീർണം ഉണ്ടാകുന്നത്. ജീവകം ബി കോംപ്ലക്സിന്റെ അഭാവം ഒരളവിൽ അജീർണത്തിനു കാരണമാകാം.
വയറിളക്കം മൂലമുണ്ടാകാവുന്ന നിർജലീയാവസ്ഥ, പനി, വികാരക്ഷോഭം, ടോക്സീമിയ എന്നീ കാരണങ്ങൾ കൊണ്ട് വായിൽ ഉമിനീരു കുറയുന്നു. ഉമിനീർ ഗ്രന്ഥികളിലുണ്ടാകുന്ന അസുഖങ്ങൾ മൂലവും ഇതുണ്ടാകാം. തൻമൂലം രുചിയില്ലായ്മയും ആഹാരം നന്നായി ചവച്ചരയ്ക്കുന്നതിന് പ്രയാസവും നേരിടുന്നു. പല്ലുകൾ ആരോഗ്യമില്ലാത്തതായിരുന്നാലും ചവയ്ക്കുന്നതിനു പ്രയാസം ഉണ്ടാകാം. ആഹാരം നന്നായി ചവച്ചരയ്ക്കപ്പെടാതെയിരുന്നാൽ അജീർണം ഉണ്ടാകാവുന്നതാണ്.
അരുചി, നെഞ്ചെരിച്ചിൽ, കൂടെക്കൂടെയുള്ള ഛർദി, ഉദരത്തിൽ വേദന, ഭാരം, എരിച്ചിൽ, കൂടെക്കൂടെയുള്ള വിരേചനം എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ്. കുട്ടികളിൽ കണ്ടുവരുന്ന സീലിയാക്രോഗം, നോൺ ട്രോപ്പിക്കൽ സ്പ്രൂ, ട്രോപ്പിക്കൽ സ്പ്രൂ, ആമാശയത്തിലെ കാർബോഹൈഡ്രേറ്റ് അഗ്നിമാന്ദ്യം എന്നിവയാണ് അജീർണത്തിന്റെ വകഭേദങ്ങൾ.
സീലിയാക്രോഗം
[തിരുത്തുക]കുട്ടികളിലുണ്ടാകുന്ന ഒരുതരം അജീർണമാണ് സീലിയാക്രോഗം. ഈ രോഗത്തിന്റെ അടിസ്ഥാനകാരണങ്ങൾ വ്യക്തമല്ല. ചില ധാന്യമാവുകളിൽ (ഉദാ. ഗോതമ്പുമാവ്) അടങ്ങിയിട്ടുള്ള ഗ്ലൂട്ടൺ എന്ന ഭക്ഷ്യവസ്തു കൊഴുപ്പിന്റെ അവശോഷണം തടസ്സപ്പെടുത്തുന്നതാണ് ഈ രോഗത്തിന്റെ കാരണമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. പാരമ്പര്യവുമായി ഈ രോഗത്തിനു ബന്ധമില്ല. ആൺകുട്ടികളെക്കാൾ പെൺകുട്ടികളെയാണ് ഈ രോഗം അധികമായി ബാധിക്കുന്നത്. ആഹാരം ദഹിക്കാതെവരുന്നതുകൊണ്ട് മലം ധാരാളം ഉണ്ടായിരിക്കും. മലത്തിനു വെളുപ്പുനിറവും ദുർഗന്ധവും കാണും. വിഘടിക്കപ്പെട്ട കൊഴുപ്പ് മലത്തിലെ ഒരു പ്രധാന അംശമാണ്. സാധാരണ 25 ശതമാനം കൊഴുപ്പിൽ കൂടുതൽ മലത്തിൽ കാണാറില്ല; എന്നാൽ സീലിയാക്രോഗമുള്ളവരുടെ മലത്തിൽ 40 ശതമാനം മുതൽ 60 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിരിക്കും. ആഹാരം ദഹിക്കാതിരിക്കുന്നതുകൊണ്ട് ശരീരത്തിനു തൂക്കം കുറയുകയും ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയുടെ കുറവുകൊണ്ടുണ്ടാകുന്ന റിക്കറ്റ്സ്, സ്കർവി, നീർവീക്കം, ടെറ്റനി, അനീമിയ തുടങ്ങിയ രോഗങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കുട്ടികളുടെ വയറുന്തിയും പൃഷ്ഠം മെലിഞ്ഞും വരും. വളർച്ച ആകെ മുരടിച്ചുപോകുന്നു. മനോവൈകല്യങ്ങളും സാധാരണമാണ്.
ഗ്ലൂട്ടൺ ഇല്ലാത്ത ആഹാരം നല്കുന്നതുകൊണ്ട് വളരെ വേഗം ഫലം കണ്ടുതുടങ്ങും. വേഗത്തിൽ ദഹിക്കത്തക്കവണ്ണമുള്ള പ്രോട്ടീൻഭക്ഷണം നല്കിയും അയൺ, ജീവകം സി,ഡി, ബി-കോംപ്ലെക്സ് എന്നിവ കൊടുത്തും രോഗം ഭേദപ്പെടുത്താവുന്നതാണ്.
ട്രോപ്പിക്കൽ/നോൺ ട്രോപ്പിക്കൽ സ്പ്രൂ
[തിരുത്തുക]ആഹാരപദാർഥങ്ങളിലെ ഗ്ലൂട്ടണോടുള്ള അസഹിഷ്ണുത മൂലമുണ്ടാകുന്ന അജീർണമാണ് നോൺ ട്രോപ്പിക്കൽ സ്പ്രൂ. ആഹാരത്തിലെ കൊഴുപ്പ് ദഹിക്കാതെവരുന്നതുമൂലമുണ്ടാകുന്ന അജീർണമാണ് ട്രോപ്പിക്കൽ സ്പ്രൂ.
ആമാശയത്തിലെ കാർബോഹൈഡ്രേറ്റ് അഗ്നിമാന്ദ്യം
[തിരുത്തുക]വൻകുടലിൽവച്ച് സ്റ്റാർച്ച് കിണ്വനം ചെയ്യപ്പെടുന്നതുമൂലം ഉണ്ടാകുന്ന കാർബൺ ഡൈഓക്സൈഡാണ് രോഗകാരണം.
സാധാരണ അവസ്ഥയിൽ സ്റ്റാർച്ച് ചെറുകുടലിന്റെ ആദ്യഭാഗത്തുവച്ചുതന്നെ ദഹിക്കുന്നു. എന്നാൽ ഭക്ഷ്യവിഷബാധ, മാനസികാസ്വാസ്ഥ്യം, ആമാശയരോഗങ്ങൾ എന്നിവയുള്ളപ്പോൾ ആഹാരം വളരെവേഗം ആമാശയം, ചെറുകുടൽ എന്നിവയിലൂടെ ചെറുകുടലിന്റെ അവസാനഭാഗത്തുള്ള ഇലിയത്തിലും വൻകുടലിന്റെ തുടക്കത്തിലുള്ള സീക്കത്തിലും എത്തുന്നു. ഈ വേഗതയിൽ സ്വതന്ത്രമായ സ്റ്റാർച്ച് മാത്രമേ ദഹിക്കപ്പെടുകയുള്ളൂ. എന്നാൽ കോശങ്ങളിലടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ദഹിക്കപ്പെടാതെ കടന്ന് ഇലിയത്തിൽ വരുമ്പോൾ അവിടെയുള്ള പാൻക്രിയാറ്റിക് അമിലോപ്സിൻ കോശഭിത്തിയിലൂടെ കടന്ന് സ്റ്റാർച്ചിനെ പഞ്ചസാരയാക്കി മാറ്റുന്നു. ഈ പഞ്ചസാര അവശോഷണം ചെയ്യപ്പെടുന്നതിനുമുമ്പ് സീക്കത്തിലുള്ള ബാക്റ്റീരിയ അതിൽ പ്രവർത്തിക്കുന്നതുമൂലം കിണ്വനം നടക്കുകയും കാർബൺ ഡൈഓക്സൈഡ്, അസറ്റിക് അമ്ലം, ബ്യൂട്ടിറിക് അമ്ലം എന്നിവ ഉണ്ടാകുകയും ചെയ്യുന്നു.
ചെറുകുടലിലും മറ്റും വായുസമ്മർദം ഉണ്ടാകുന്നതുകൊണ്ട് പൊക്കിളിനു ചുറ്റും വേദന, വയറുപെരുക്കം, അടിവയറ്റിൽ വേദന, വായുക്ഷോഭം, അസ്വാസ്ഥ്യം എന്നിവ ഉണ്ടാകുന്നു. വയറ്റിൽ ഇരപ്പും വേദനയും തോന്നുന്നതുകൊണ്ട് രോഗിക്ക് ഉറങ്ങാൻ സാധിക്കുകയില്ല. വായുസമ്മർദം, ശ്ലേഷ്മസ്തരത്തിലുള്ള ആസിഡിന്റെ പ്രവർത്തനം എന്നിവകൊണ്ട് ആമാശയത്തിലും കുടലിലും 'കോച്ചിവലിച്ചിൽ' അനുഭവപ്പെടുന്നു. ദുർഗന്ധമില്ലാത്ത വായു വയറ്റിൽനിന്നു ധാരാളമായി പോയിക്കഴിയുമ്പോൾ രോഗിക്ക് ആശ്വാസം തോന്നുന്നു.
കിഴങ്ങുവർഗങ്ങൾ (ഉരുളക്കിഴങ്ങ്, മരച്ചീനി, കാരറ്റ്, ബീറ്റ്റൂട്ട്), പയറുവർഗങ്ങൾ, ധാന്യങ്ങൾ മുതലായ സ്റ്റാർച്ച് അധികമുളള ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതുകൊണ്ട് ഈ അഗ്നിമാന്ദ്യം മാറുന്നതാണ്.
നാഡീപരമായ കാരണങ്ങളാലുണ്ടാകുന്ന അജീർണം യൌവനാരംഭം മുതലാണാരംഭിക്കുക. മാനസികവിക്ഷോഭം, ജീവിതപ്രശ്നങ്ങളുടെ രൂക്ഷത, മനസ്സിനിണങ്ങാത്ത ആഹാരപദാർഥങ്ങൾ കഴിക്കുക എന്നിവ മൂലമാണ് ഇതുണ്ടാകുന്നത്.
രോഗിക്ക് ക്ഷീണവും വിളർച്ചയും വിശപ്പില്ലായ്മയും ഉണ്ടാകുന്നു. രോഗപ്രതിരോധശക്തി നഷ്ടപ്പെടുകയും രക്തം കുറയുകയും ചെയ്യും. ശോണാണുക്കൾ ചെറുതായിവരുന്ന മൈക്രോസൈറ്റിക് അനീമിയ ബാധിക്കുന്നു. എല്ലുകൾക്ക് ശക്തി നല്കുന്ന കാൽസ്യം, ഫോസ്ഫറസ് എന്നിവ രക്തത്തിൽ കുറയുന്നു. തുടർന്ന് അസ്ഥികളുടെ വളർച്ച കുറയുന്നു. അവ വളയാനും ഒടിയാനും ഇടയാകുകയും ചെയ്യും. ജീവകം-എ കുറയുന്നതിനാൽ രോഗപ്രതിരോധശക്തി കുറയുകയും ത്വക്കിന്റെയും കണ്ണിന്റെയും ആരോഗ്യം നശിക്കുകയും ചെയ്യും. തൊലിയിൽ അവിടവിടെ വിള്ളലുകളും പഴുപ്പും ഉണ്ടാകുന്നു. കണ്ണിന്റെ കൃഷ്ണമണിയുടെ ഇരുവശങ്ങളിലായി വെള്ളയിൽ വെളുത്ത ശല്ക്കങ്ങൾ വളരുന്നു. രാത്രി കാഴ്ച കുറഞ്ഞുവരും. ജീവകം-എ കുത്തിവയ്ക്കാത്തപക്ഷം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുപോകും. ജീവകം-സി രക്തത്തിൽ കുറയുന്നതിനാൽ മോണവീക്കവും പല്ലിൽനിന്നു ചോരപൊടിയലും ഉണ്ടാകുന്നു. കാൽസ്യത്തിന്റെ കുറവുമൂലം മാംസപേശികളിലൊരു നിഷ്ക്രിയത്വം സംഭവിക്കുന്നു. ഇതിന് ടെറ്റനി എന്നാണ് പറയുക. ബി-കോംപ്ളെക്സ് കുറയുന്നതിനാൽ വായ്പ്പുണ്ണും നാക്കിലും ചുണ്ടിലും മലദ്വാരത്തിലും തൊലിപോയി വിള്ളലുകളും ഉണ്ടാകുന്നു. ഇതുമൂലം ശ്ലേഷ്മസ്തരത്തിൽ വ്രണം ഉണ്ടാകുന്നു. ഹൃദയമിടിപ്പിന് അതാളതയുണ്ടാകും.
പ്രായമായവരിൽ അജീർണം ബാധിക്കുമ്പോൾ മേല്പറഞ്ഞ മിക്ക ലക്ഷണങ്ങളും കാണാം; പ്രധാനമായും വിളർച്ചയും കൈകാൽമരവിപ്പും. എക്സ്-റേ പരിശോധനയിൽ വൻകുടൽ തടിച്ചു വീർത്തിരിക്കുന്നതായും ചെറുകുടലിന്റെ ആദ്യഭാഗം വളഞ്ഞുപുളഞ്ഞിരിക്കുന്നതായും കാണാൻ കഴിയും.
ആഗ്നേയശോഥം മൂലമുണ്ടാകുന്ന അജീർണം തടയാൻ ആന്റിബയോട്ടിക്സ് കൊടുക്കുന്നത് നല്ലതാണ്. ഗാസ്ട്രോ എന്ററോസ്റ്റമി, ഗാസ്റ്റെക്റ്റമി എന്നീ ശസ്ത്രക്രിയകൾ കഴിഞ്ഞശേഷമുണ്ടാകുന്ന അജീർണം തടയാൻ ഭക്ഷണം ക്രമപ്പെടുത്തുകയും അന്റാസിഡ് ഔഷധങ്ങൾ കൊടുക്കുകയും വേണം. ഗ്ലൂട്ടൺ എന്ന അംശംമൂലമാണ് അജീർണമെങ്കിൽ ഗ്ളൂട്ടൺ ഇല്ലാത്ത ആഹാരങ്ങൾ കൊടുക്കാം. വേഗം ആഗിരണം ചെയ്യപ്പെടുന്ന പ്രോട്ടീൻ ആഹാരങ്ങൾ, വിറ്റാമിൻ-സി, ഡി, അയൺ ടാബ്ലറ്റ് എന്നിവയും കൊടുക്കാവുന്നതാണ്. അനീമിയ ക്രമാതീതമായി ബാധിച്ചിരിക്കുന്നതിനാൽ ധമനിവഴി രക്തം കുത്തിവയ്ക്കാവുന്നതാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അജീർണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |