Jump to content

അടയ്ക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവുങ്ങിലെ പൂക്കളും ചെറിയ കായ്കളും

കമുകിൽ നിന്നും ലഭിക്കുന്ന, ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക. ചില പ്രദേശങ്ങളിൽ പാക്ക് എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതിൽ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. മധുരവും ചവർപ്പും ചേർന്ന രുചിയാണ്‌ അടക്കക്കുള്ളത്.

ചരിത്രം

[തിരുത്തുക]

രാസഘടകങ്ങൾ

[തിരുത്തുക]

അടക്കയിൽ അടങ്ങിയിരിക്കുന്ന അരിക്കോളൈൻ എന്ന ഔഷധം ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈൽകോളൈൻ എന്ന രാസപദാർത്ഥത്തിനു സമാനമാണ്‌. ഇതിനു മസ്കാരിനത, നിക്കോട്ടിനത എന്നീ ഗുണങ്ങൾ ഉണ്ട്. ഇവ കായിക പേശികൾ, ആമാശയത്തിലെ പേശികൾ എന്നിവയിലും ശ്വാസകോശത്തിലും പ്രർത്തിക്കുവാൻ ശേഷിയുള്ളവയാണ്‌. ഇക്കാരണത്താൽ ദഹനപ്രക്രിയയെ അരിക്കൊളൈൻ ത്വരിതപ്പെടുത്തുന്നു. (Enhances Smooth muscle contraction) തലച്ചോറിലെ നാഡീവ്യവസ്ഥയിലും അരിക്കോളിനു ഗണ്യമായ പ്രവർത്തനം കാഴ്ചവെക്കാൻ കഴിയും. പ്രായാധിക്യം മൂലമുണ്ടാകുന്ന മറവിക്കും അൽഷീമേർസ് അസുഖത്തിനും അരിക്കൊളൈൻ ഫലപ്രദമാകുന്നതിതുമൂലമാണ്‌. നാഡിവ്യൂഹത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതുവഴി ശരീരത്തിലെ എല്ലാ ഗ്രന്ഥികളിലേയും സ്രാവം വർദ്ധിപ്പിക്കാൻ ശേഷിയുണ്ട്. ഇത് കണ്ണിലെയും വായിലേയും ജലാംശം വർദ്ധിപ്പിക്കുന്നു. [1]

ഗുണങ്ങളും ഉപയോഗങ്ങളും

[തിരുത്തുക]
അടക്കാക്കുല

പച്ചപ്പാക്ക്

[തിരുത്തുക]
ഒരു ഇന്ത്യൻ കടയിൽ നിന്നും പാൻ ഉണ്ടാക്കുന്നതിന്റെ ദൃശ്യം

പച്ചപ്പാക്കും വേവിച്ചെടുത്ത പച്ചപ്പാക്കും ഔഷധമൂല്യം ഉള്ളവയാണ്‌. പച്ചപ്പാക്കിന്‌ ചവർപ്പുരസമാണുള്ളത്. ഇത്‌ ദഹനസഹായിയാണ്‌. കൂടാതെ കണ്ഠശുദ്ധിവരുത്തുകയും കാഴ്ചശക്തി ശോധന തുടങ്ങിയവ ഉണ്ടാക്കുന്നവയാണ്‌. ഉദരരോഗങ്ങൾക്ക് ഫലപ്രദമാണെങ്കിലും ശരീരത്തിൽ നീരിളക്കമുണ്ടാക്കുന്നതാണ്‌. വേവിച്ച പച്ചപ്പാക്കിന്‌ ത്രിദോഷങ്ങളും ദുർമേദസും കുറക്കുന്നതിനുമുള്ള കഴിവുണ്ട്[2].

ഉണക്കപ്പാക്ക്

[തിരുത്തുക]

ആയുർ വേദത്തിൽ ഔഷധനിർമ്മാണത്തിന്‌ ഉണങ്ങിയപാക്കും വേവിച്ചുണക്കിയപാക്കും ഉപയോഗിക്കുന്നുണ്ട്. നാവിൽ രുചിയുണ്ടാക്കുന്നതിനും ദഹനം, ശോധന എന്നിവക്കും ഫലപ്രദമാണ്‌. പക്ഷേ വാതരോഗത്തെ വർദ്ധിപ്പിക്കുന്നു. വെറ്റിലയില്ലാതെ പാക്ക് മാത്രം കഴിച്ചാൽ വിളർച്ച, അനീമിയ എന്നീ അസുഖങ്ങൾ ഉണ്ടാക്കുന്നു[2]. വേവിച്ചുണക്കിയ പാക്ക് പ്രമേഹം കുറക്കുന്നതിന്‌ സഹായകമാണ്‌. പാക്ക് പലതരത്തിൽ ഔഷധമായും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്. ഇളയപാക്കിനെ ചില സ്ഥലങ്ങളിൽ ചമ്പൻ എന്നും ചള്ളടക്ക എന്നും പറയും[2]. പഴുത്ത അടക്കകൾ ഉണക്കി തോടുകളഞ്ഞ് കയറ്റുമതി ചെയ്യുന്നു. ഇതിനെ കൊട്ടടക്ക അല്ലെങ്കിൽ കൊട്ടപ്പാക്ക് എന്നും പറയുന്നു. ഇത്തരം അടക്കകൾക്ക് ഉറപ്പ് കൂടുതലായതുകൊണ്ട് മുറിച്ചോ പൊടിച്ചോ ആണ്‌ ഉപയോഗിക്കുന്നത്. ഇവ മുഖ്യമായും വെറ്റിലമുറുക്ക്, പാൻ എന്നിവക്കാണ്‌ ഉപയോഗിക്കുക

അടക്ക പൊടിച്ച് അയമോദകം ഗ്രാമ്പു എന്നിവ ചേർത്ത് നല്ല ചുവപ്പു നിറമാകുന്നതുവരെ വറുത്ത് വാങ്ങിയത് തണുക്കുമ്പോൾ ഒന്നുകൂടെ പൊടിക്കുന്നു. ഇങ്ങനെ നിർമ്മിക്കുന്ന അടക്കമിശ്രിതം വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നു.[2].

ചള്ളടക്ക തോടുകളഞ്ഞ് വെള്ളത്തിൽ പുഴുങ്ങി, അതേ വെള്ളത്തിൽ ജീരകം, ശർക്കര,അക്കിക്കറുക എന്നിവയും പുഴുങ്ങിയ പാക്ക് വട്ടത്തിലരിഞ്ഞതും ചേർത്ത് നല്ലതുപോലെ കുറുക്കി, അതിലേക്ക് അയമോദകപ്പൊടി എന്നിവ ചേർത്ത് ഉണക്കി ഉണ്ടാക്കുന്നതാണ്‌ കളിയടക്ക എന്ന് പറയുന്നത്[2].

പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച അടക്കയുടെകൂടെ പഞ്ചസാരയും തേനും ഏലക്കയും ചേർത്ത് പതിവായി കഴിച്ചാൽ അതിസാരം, ഗ്രഹണി, വയറുവേദന തുടങ്ങിയ അസുഖങ്ങൾക്ക് വളരെയധികം ശമനം ലഭിക്കും.

കരിങ്ങാലിക്കാതലും അടക്ക ചുട്ട കരിയും സമാസമം എടുത്ത് പൊടിച്ച് അതിന്റെ കാൽഭാഗം ഇലവംഗത്തൊലിയും ചേർത്ത് പല്ലുതേച്ചാൽ ചില ദന്തരോഗങ്ങൾക്ക് ശമനമുണ്ടാകും[2].

പഴുക്കടക്ക

[തിരുത്തുക]
പഴുക്കടക്ക

പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന്‌ അത്യന്തം നല്ലതാണ്‌.[2] ഇതിന്റെ ഗുണങ്ങൾ കഫം നശിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ ഇത് വാതം ഉണ്ടാക്കുകയും ശരീരത്തിലെ തൊലി പരുപരുത്തത് ആക്കുകയും ചെയ്യുന്നു. പഴുത്ത പാക്ക് ചെറുതായി വെയിലിൽ ഉണക്കി വെള്ളത്തിലിട്ട് ഉപയോഗിക്കുന്നു. ഇതിനെ നീറ്റടക്ക എന്നും വെള്ളത്തിൽ പാക്ക് എന്നും ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. വെറ്റിലമുറുക്കുന്നതിനൊപ്പം പുകയില ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരാം.

മറ്റു വിവരങ്ങൾ

[തിരുത്തുക]

അതുപോലെ ചിലപ്പോൾ പച്ചയടക്ക കൂടുതലായി ചവച്ചിറക്കുന്നതുമൂലം തലകറക്കം, ബോധക്ഷയം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയിൽ പറയുക.

പൊടിച്ചോ നുറുക്കിയോ വ്യാവസായികാടിസ്ഥാനത്തിൽ വിൽകുന്ന അടക്ക പാക്കുകളിൽ ചുണ്ണാമ്പോ വീര്യം കൂട്ടുന്നതിനായ് പുകയിലയോ ചേർക്കാറുണ്ട്. ഇത്തരം പായ്ക്കറ്റ് പാക്കുകൾ അർബുദമുണ്ടാകുന്നതിന്‌ കാരണമാകാറുണ്ട്[2] എന്ന് കണ്ടെത്തിയിട്ടുണ്ട്. അടക്കക്കൊപ്പം പുകയിലയും ചേർത്ത് ചവക്കുന്നത് തൊണ്ട, വായ് എന്നീ അവയവങ്ങളിൽ അർബുദമുണ്ടാകാനുള്ള സാധ്യത വീണ്ടും വർദ്ധിപ്പിക്കുതായി കണ്ടത്തിയിട്ടുണ്ട്.

ഇന്റർനാഷണൽ ഏജൻസി ഫോർ ദ റിസർച്ച് ഓൺ ക്യാൻസർ (IARC) തരംതിരിച്ചിരിക്കുന്ന ഗ്രൂപ്-1 കാർസിനോജൻ (മനുഷ്യരിൽ അർബുദജന്യം എന്നു സ്ഥിരീകരിക്കപ്പെട്ട പദാർഥം) ആണ് അടക്ക.

മൈസൂർ അടയ്ക്ക

[തിരുത്തുക]
മൈസൂർ അടയ്ക്ക പഴുത്തത്

മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ വളരെ ചെറിയതായിരിക്കും. അടയ്ക്കാമരവും വളരെ വണ്ണം കുറഞ്ഞതും ഉയരം കുറഞ്ഞതുമാണ്. കേരളത്തിൽ സാധാരണ കാണുന്ന അടയ്മാരത്തിൽ നിന്ന് വ്യത്യസ്തമായി ഈ മൈസൂർ അടയ്ക്കാമരത്തിന്റെ കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു കൂട്ടമായിട്ടാണ് ഈ അടയ്ക്കാമരങ്ങൾ വളരുന്നത്. ചെറിയതും ഭംഗിയുള്ളതുമാകയാൽ ഇപ്പോൾ വീടുകളിൽ അലങ്കാരത്തിനായും വളർത്തുന്നുണ്ട്.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കെ,ഡി, ത്രിപാഡി. എസ്സെൻഷ്യൽസ് ഓദ് ഫാർമക്കോളജി. 5ത് എഡീഷൻ, ജേപീ ബ്രദേർസ്. ചെന്നൈ
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും; താൾ 17, 18, 19 & 20. H&C Publishers, Thrissure.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അടയ്ക്ക&oldid=3977916" എന്ന താളിൽനിന്ന് ശേഖരിച്ചത്