അഡ്ജേൺമെന്റ്
ഒരു നിയമനിർമ്മാണസഭയുടെയോ സമ്മേളനത്തിന്റെയോ കാര്യപരിപാടികൾ താത്കാലികമായി മാറ്റിവയ്ക്കുന്ന നടപടിയെ അഡ്‌ജേൺമെന്റ് എന്നു പറയുന്നു.
ബ്രിട്ടനിലെ പൊതുസഭയിൽ
[തിരുത്തുക]സാധാരണഗതിയിൽ ബ്രിട്ടനിലെ പൊതുസഭ ഒരു പ്രമേയംമൂലം അഡ്ജേൺ ചെയ്യാതെ ഒരു ദിവസവും സഭാനടപടികൾ നിറുത്തിവയ്ക്കാറില്ല. (ഈ പതിവ് ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ഇല്ല). ചില ഘട്ടങ്ങളിൽ അഡ്ജേൺമെന്റ് മോഷൻ അടിയന്തരമായ ചില കാര്യങ്ങൾ ചർച്ചചെയ്യാൻവേണ്ടി ഉന്നയിക്കാറുണ്ട്. പൊതുസഭയിൽ അഞ്ചുതരത്തിലുള്ള അഡ്ജേൺമെന്റുകളാണുള്ളത്.
- ഏതെങ്കിലും ഒരു പ്രമേയം ചർച്ചയിലിരിക്കുമ്പോൾ അതിൽ ഒരു തീരുമാനം ഒഴിവാക്കുന്നതിനുവേണ്ടി അഡ്ജേൺമെന്റ്മോഷൻ കൊണ്ടുവരാം;
- ഓരോ ദിവസവും സഭാനടപടികൾ അവസാനിക്കുമ്പോൾ സഭ അഡ്ജേൺ ചെയ്യുന്നുവെന്നു ഗവൺമെന്റുഭാഗത്തുനിന്ന് ഒരു പ്രമേയം കൊണ്ടുവരാറുണ്ട്;
- സഭ ഒഴിവുകാലത്തേക്കായി പിരിയുമ്പോഴും, ചോദ്യോത്തരങ്ങൾ കഴിഞ്ഞും അഡ്ജേൺ ചെയ്യാറുണ്ട്;
- ഗവൺമെന്റിന് ഏതെങ്കിലും പൊതുപ്രാധാന്യമുളള നിയമങ്ങൾ ചർച്ച ചെയ്യണമെങ്കിൽ അഡ്ജേൺമെന്റ് മോഷൻ കൊണ്ടുവരാം.
- ഏതെങ്കിലും ഒരംഗത്തിന് അടിയന്തരപ്രാധാന്യമുള്ള വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്താൻ സ്പീക്കറുടെ അനുമതിയോടെ അഡ്ജേൺമെന്റ്മോഷൻ അവതരിപ്പിക്കാം.
ഒടുവിൽ പറഞ്ഞതരത്തിലുള്ള പ്രമേയമാണ് ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും അനുവദിക്കാറുള്ളത്. വളരെ ചുരുക്കമായിട്ടേ ബ്രിട്ടനിൽ ഈ തരത്തിലുളള അഡ്ജേൺമെന്റ് മോഷൻ കൊണ്ടുവരാറുള്ളു. (വർഷത്തിൽ ചിലപ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം).
ബ്രിട്ടനിലെ പൊതുസഭ അഡ്ജേൺ ചെയ്യുന്നതിന് ഒരു പ്രമേയം പാസ്സാക്കേണ്ടത് ആവശ്യമാണ്. കോറം തികയാത്ത ഘട്ടങ്ങളിലും സഭയിൽ ബഹളമുള്ള അവസരങ്ങളിലും സ്പീക്കർക്ക് സഭാനടപടികൾ അഡ്ജേൺ ചെയ്യാൻ അധികാരമുണ്ട്. ഇന്ത്യയിൽ, പാർലമെന്റിലും സംസ്ഥാന നിയമസഭയിലും സ്പീക്കർക്ക് ഏതവസരത്തിലും സഭ അഡ്ജേൺ ചെയ്യാം. തീയതി നിശ്ചയിക്കാതെ (Sine Die) നിയമസഭ അഡ്ജേൺ ചെയ്യാനും സ്പീക്കർക്ക് അധികാരമുണ്ട്.
അവലംബം
[തിരുത്തുക]- അഡ്ജേൺമെന്റ്
- അഡ്ജേൺമെന്റ് Archived 2011-11-19 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡ്‌ജേൺമെന്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |