Jump to content

അണ്ണാസ്വാമിശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഗീതജ്ഞനും ഗാനരചയിതാവുമായിരുന്നു അണ്ണാസ്വാമിശാസ്ത്രി. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പഞ്ചുശാസ്ത്രിയുടെ പുത്രനായി 1827 ഏപ്രിൽ 7-ന് ജനിച്ചു. പ്രസിദ്ധ സംഗീതജ്ഞനായ ശ്യാമാശാസ്ത്രിയുടെ പൌത്രനാണ് ഇദ്ദേഹം. അണ്ണാ എന്ന് അറിയപ്പെടുന്നെങ്കിലും ശരിയായ പേര് ശ്യാമകൃഷ്ണൻ എന്നാണ്. ഗായകൻ, ഗാനരചയിതാവ്, വയലിൻ വായനക്കാരൻ എന്നീ നിലകളിൽ ശാസ്ത്രി പ്രസിദ്ധനായി. വളർത്തച്ഛനായ സുബ്ബരായശാസ്ത്രിയിൽനിന്നുമാണ് സംഗീതം, കാവ്യനാടകാലങ്കാരങ്ങൾ എന്നിവ അഭ്യസിച്ചത്. തെലുഗു, സംസ്കൃതം എന്നീ ഭാഷകളിലും ശാസ്ത്രി വ്യുത്പത്തി നേടി.

വർണങ്ങളായും കീർത്തനങ്ങളായും ഇദ്ദേഹം വളരെയധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മധ്യഭൈരവിരാഗത്തിലുള്ള പാലിഞ്ചുകാമാക്ഷി എന്നാരംഭിക്കുന്ന കൃതിയും ആനന്ദഭൈരവി രാഗത്തിൽ രചിച്ച ശ്രീഗിരിരാജസുതേ എന്ന കൃതിയും പ്രസിദ്ധങ്ങളാണ്. വംശപാരമ്പര്യം അനുസരിച്ച് ഇദ്ദേഹത്തിന്റെ ഇഷ്ടദേവത കാഞ്ചീപുരത്തമ്മ ആയിരുന്നു. ദേവീസ്തോത്രങ്ങളായ ഇങ്കേവരുന്നാറു (ശഹാനരാഗം) എന്ന കൃതിയും ശ്രീകാഞ്ചിനഗരനായികേ (അസാവേരിരാഗം) എന്ന കൃതിയും ശ്രദ്ധേയങ്ങളാണ്.

ശരഭശാസ്ത്രികളുടെ ഗുരുവായ മേളക്കാരൻ ഗോവിന്ദൻ, വീണാധനമ്മാളുടെ ഗുരുവായ തഞ്ചാവൂർ കാമാക്ഷി എന്നിവർ ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പ്രമുഖരാണ്. 1900 ഫെബ്രുവരി 7-ന് ഇദ്ദേഹം നിര്യാതനായി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണ്ണാസ്വാമിശാസ്ത്രി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണ്ണാസ്വാമിശാസ്ത്രി&oldid=2744320" എന്ന താളിൽനിന്ന് ശേഖരിച്ചത്