Jump to content

അതിപത്തനായനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ഡി. 7-9 ശതങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ശൈവമതക്കാരായ 63 നായനാർമാരിൽ ഒരാളായിരുന്നു അതിപത്തനായനാർ. ഈ ശൈവസിദ്ധാന്ത പ്രവാചകൻമാരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത് കുലോത്തുംഗൻ ഒന്നാമൻ (ഭ.കാ. 1070-1115) എന്ന ചോഴ ചക്രവർത്തിയുടെ മന്ത്രിയായ ചേക്കിഴാർ എഴുതിയ പെരിയപുരാണം എന്ന ചെന്തമിഴ് കാവ്യത്തിൽനിന്നാണ്.

നാകപ്പട്ടണത്തിലെ പരദവ (പരവ) സമുദായത്തിന്റെ ഒരു നേതാവെന്ന നിലയിലാണ് പെരിയപുരാണത്തിൽ അതിപത്തനായനാരെക്കുറിച്ചുള്ള പരാമർശം. കടലിൽ മീൻപിടിക്കാൻ പോകുമ്പോൾ അന്നന്ന് കിട്ടുന്നതിൽ ഏറ്റവും നല്ല മത്സ്യത്തെ ശിവന് നേർച്ചയായി നല്കാമെന്ന് നായനാർ ഒരു പ്രതിജ്ഞ എടുത്തിരുന്നു. തന്റെ തൊഴിലിൽ വിജയം നേടാൻ കഴിയാതെ നായനാർ കുറെക്കാലം കഠിനമായ ദാരിദ്ര്യദുഃഖം അനുഭവിച്ചു. ആ കാലത്തൊരിക്കൽ ഇദ്ദേഹത്തിന്റെ വലയിൽ ഒരു സ്വർണമത്സ്യം കുടുങ്ങി. അതിനെ വിറ്റു കിട്ടുന്ന പണംകൊണ്ട് നായനാരുടെ കഷ്ടപ്പാടുകൾ മുഴുവൻ തീരുമായിരുന്നെങ്കിലും അന്ന് വേറൊന്നും കിട്ടാതിരുന്നതുകൊണ്ട് അദ്ദേഹം അതിനെ ശിവന് നിവേദ്യമായി കടലിലേക്ക് തന്നെ എറിഞ്ഞു. നായനാരുടെ ഭക്തിപ്രചുരിമ മനസ്സിലാക്കിയ ശിവൻ ഇദ്ദേഹത്തിന് മോക്ഷം നൽകി എന്നാണ് പെരിയപുരാണത്തിൽ പറയുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിപത്തനായനാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിപത്തനായനാർ&oldid=2310165" എന്ന താളിൽനിന്ന് ശേഖരിച്ചത്