അധികാര പൃഥക്കരണം
ഭരണകൂടത്തിന്റെ അധികാരങ്ങളെ മൂന്നായി വിഭജിക്കുകയും ഓരോന്നും ഓരോരോ സ്വതന്ത്രഘടകത്തിന്റെ ചുമതലയിൽ ഏല്പിക്കുകയും ചെയ്യുന്ന രീതിയെ അധികാര പൃഥക്കരണം എന്നു പറയുന്നു. ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യ പ്രവണതകളെ നിയന്ത്രിക്കുവാൻ ഇത് സഹായകമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഭരണകൂടത്തിന്റെ മൂന്നു ഘടകങ്ങൾ
[തിരുത്തുക]ഏത് ആധുനിക ഭരണകൂടത്തിനും മൂന്നു ഘടകങ്ങളുണ്ട്:
- നിയമനിർമ്മാണപരം (Legislative)
- ഭരണനിർവഹണപരം (Executive)
- നീതിന്യായപരം (Judicial)
ആദ്യഘടകം നിയമം നിർമ്മിക്കുന്നു; രണ്ടാമത്തേത് നടപ്പിലാക്കുന്നു; മൂന്നാമത്തേതാകട്ടെ നിയമനിർവഹണത്തിൽ നിന്നുദ്ഭവിക്കുന്ന തർക്കങ്ങളിൽ നിയമം വ്യാഖ്യാനിച്ച് തീർപ്പു കല്പിക്കുന്നു. വ്യത്യസ്ത ധർമങ്ങളോടുകൂടിയ ഈ ഘടകങ്ങളെ വേർതിരിച്ചു നിർത്തുക എന്നതാണ്, അധികാരപൃഥക്കരണത്തിന്റെ അടിസ്ഥാനം.
ഭരണഘടനാപരമായ ആശയം
[തിരുത്തുക]ഭരണഘടനാപരമായ ഈ ആശയം രാഷ്ട്രീയവിചിന്തനത്തിൽ പണ്ടുമുതല്ക്കേ പരിഗണനാവിഷയമായിരുന്നു. സമ്മിശ്രഭരണകൂടമെന്ന ആശയത്തിന് പ്ലേറ്റോയുടെ നിയമങ്ങളോളം പഴക്കമുണ്ട്. അരിസ്റ്റോട്ടിൽ (ബി.സി. 384-322), പോളിബിയസ് (ബി.സി. 204-122) തുടങ്ങിയ ദാർശനികരുടെ കാലത്തുതന്നെ രാജാവ്, കുലീനർ (പ്രഭുക്കൾ), സാമാന്യജനങ്ങൾ എന്നിവർ ഒന്നിച്ചുകൂടിയ ഭരണക്രമം പ്രാധാന്യം അർഹിച്ചിരുന്നു. മാഴ്സീലിയസ് (ബി.സി. 268-208), തോമസ് അക്വിനാസ് (1225-74), മാക്ക്യവെല്ലി (1469-1527) തുടങ്ങിയ ചിന്തകരും ഈ ആശയത്തെ അനുകൂലിച്ചിരുന്നു. മധ്യകാല ഭരണഘടനാതത്ത്വങ്ങളിലും ഇതു വിഭാവനം ചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ രാജാവും കോടതികളും തമ്മിലും രാജാവും പാർലമെന്റും തമ്മിലും ഉണ്ടായ തർക്കങ്ങൾ ഈ സിദ്ധാന്തത്തിന്റെ പ്രാധാന്യം വർധിപ്പിക്കുകയുണ്ടായി. നിയമനിർമ്മാണപരമായ അധികാരം രാജാവിനും പാർലമെന്റിനുമായി വിഭജിക്കപ്പെടണമെന്ന് ജോൺലോക്ക് (1632-1704) വാദിച്ചു. എന്നാൽ ഈ സമ്പ്രദായത്തിൽ വ്യക്തമായ നിർവചനവും പ്രായോഗിക മാർഗ നിർദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുന്നത് 18-ആം ശതകത്തിന്റെ മധ്യത്തിൽ ഫ്രഞ്ച് സൈദ്ധാന്തികനായ മൊണ്ടേസ്ക്യു(1689-1755)വാണ്. അദ്ദേഹത്തിന്റെ സ്പിരിറ്റ് ഒഫ് ലാസ് (Spirit of Laws) എന്ന കൃതിയിലാണ് ഇതിന്റെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ 40-ആം വകുപ്പിൽ പഞ്ചായത്തുകൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞിരിക്കുന്നു. അലിഖിതമായ ബ്രിട്ടിഷ് ഭരണഘടനയെ സംബന്ധിച്ച ഒരു സമഗ്രപ്രതിപാദനത്തിൽ, നിയമനിർമ്മാണസമിതി, ഭരണനിർവഹണവിഭാഗം, നീതിന്യായവകുപ്പ് എന്നിവയും ഓരോന്നിന്റെയും അധികാര പരിധിയും യുക്തിസഹമായി വേർതിരിക്കപ്പെടണമെന്ന് മോണ്ടേസ്ക്യൂ സമർഥിച്ചു.
അധികാര പൃഥക്കരണസിദ്ധാന്തം
[തിരുത്തുക]മൊണ്ടേസക്യുവിനുശേഷം അധികാര പൃഥക്കരണസിദ്ധാന്തം പല രാജ്യങ്ങളിലെയും ഭരണഘടനാപ്രമാണങ്ങളിൽ സ്ഥാനം പിടിച്ചു. യു.എസ്സിലെ ഭരണഘടന, വിപ്ലവകാലത്തെ ഫ്രഞ്ച് ഭരണഘടനകൾ, നെപ്പോളിയനുശേഷം പടിഞ്ഞാറൻ യൂറോപ്പിലുണ്ടായ രാജാധിപത്യ ഭരണഘടനകൾ എന്നിവയിലെല്ലാം അധികാരപൃഥക്കരണം തത്ത്വത്തിൽ അംഗീകരിക്കപ്പെടുകയുണ്ടായി. അധികാരപൃഥക്കരണത്തിലേക്കു നയിക്കുന്ന വകുപ്പുകൾ ഇന്ത്യൻ ഭരണഘടനയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രായോഗികത
[തിരുത്തുക]അധികാരപൃഥക്കരണം നൂറു ശതമാനം പ്രായോഗികമല്ല. ഗവണ്മെന്റിന്റെ മൂന്നു ഘടകങ്ങളും സിദ്ധാന്തപരമായി വേർതിരിക്കപ്പെടുന്നുവെങ്കിലും, അവ വെള്ളം കയറാത്ത അറകളൊന്നുമല്ല. ഇന്ത്യൻ ഭരണഘടന തന്നെ ഉദാഹരണം. പാർലമെന്റിന്റെ മുഖ്യധർമം നിയമനിർമ്മാണമാണെങ്കിലും അത് ഭരണസമിതിയെ തെരഞ്ഞെടുക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഭരണസമിതിയുടെ തലവനായ രാഷ്ട്രപതിയാണ്, നീതിന്യായവകുപ്പിലെ ഉന്നതസ്ഥാനങ്ങളിൽ നിയമനം നടത്തുന്നത്. അങ്ങനെ നീതിന്യായവകുപ്പ് ഭരണസമിതിയുടെ പരോക്ഷ നിയന്ത്രണത്തിന് വിധേയമാണ്. പാർലമെന്റ് തെരഞ്ഞെടുക്കുന്ന ഭരണസമിതിക്ക് പാർലമെന്റിനെത്തന്നെ ഇല്ലാതാക്കാൻ പഴുതു നല്കുന്ന വ്യവസ്ഥകളുണ്ട്. അങ്ങനെ നോക്കുമ്പോൾ ഓരോ ഘടകവും ഒരതിർത്തിവരെ എങ്കിലും ഇതരഘടകങ്ങളുമായി ബന്ധിതമാണ്. എന്നിരുന്നാലും വ്യവസ്ഥാപിതഭരണകൂടത്തിൽ ഫലപ്രദമായ ഭരണത്തിന് വിഘാതമാകാതെ, ഭരണാധികാരം വികേന്ദ്രീകരിക്കാനും നിയന്ത്രിക്കാനും അധികാരപൃഥക്കരണം സഹായകമാണ്.
പുറംകണ്ണികൾ
[തിരുത്തുക]- അധികാര പൃഥക്കരണം Archived 2011-05-19 at the Wayback Machine
- അധികാര പൃഥക്കരണം
- അധികാര പൃഥക്കരണം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധികാര പൃഥക്കരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |