അധിനിവിഷ്ട ശിലാഖണ്ഡങ്ങൾ
സമീപ ശിലകളുമായി ഘടനാപരമായ ബന്ധമില്ലാതെ ഒറ്റപ്പെട്ടുകാണുന്ന ശിലാരൂപങ്ങളെ അധിനിവിഷ്ട ശിലാഖണ്ഡങ്ങൾ എന്നു പറയുന്നു. ഇവ വ്യത്യസ്ത ആകാരത്തിലും പ്രകൃതത്തിലും കണ്ടുവരുന്നു. അധിനിവിഷ്ട ശിലാഖണ്ഡങ്ങളെ ശയനവലനങ്ങളുടെ(recumbent fold) അവശിഷ്ടങ്ങളായാണ് കരുതിപ്പോരുന്നത്.
ഊറല്പാറകളുടെ കൂനകൾ
[തിരുത്തുക]ഊറൽപാറകളുടെ ഭീമാകാരങ്ങളായ കൂനകൾ അധിനിവിഷ്ടശിലാഖണ്ഡങ്ങളായി കണ്ടുവരാറുണ്ട്. അല്പസിലികശിലകളോട് ബന്ധപ്പെട്ടാണ് പലപ്പോഴും ഈ പാറകളിലെ അവസ്ഥിതി. ഈ അല്പസിലിക ശിലകൾ അന്തർവേധമോ (intrusive) ബഹിർവേധമോ (extrusive) ആയിരിക്കാം; അധോഭാഗത്തെ മറ്റു അവസാദശിലാസ്തരങ്ങൾക്ക് അനനുസ്തരിതമായി കുഴഞ്ഞുമറിഞ്ഞ് സ്ഥിതിചെയ്യുന്നു.
കുമായോൺ ഹിമാലയസാനുക്കളിലെ ക്രിറ്റേഷ്യസ് ശിലാസമൂഹങ്ങൾ തിബറ്റിലെ ഹണ്ഡൂസ് (Hundus) പ്രവിശ്യയുടെയും വടക്കുപടിഞ്ഞാറൻ കുമായോൺ പ്രദേശത്തിന്റെയും അതിർത്തിയിലുള്ള കിയോഗഡ് (Keogarh), ചിതീചൂൻ (Chiti chun) എന്നിവിടങ്ങളിലെ പെർമിയൻ മീസോസോയിക് ശിലകൾ, സ്പിതി (spiti) ഷെയിലുകൾക്കും ക്രിറ്റേഷ്യസ് ശിലാനിരകൾക്കും മുകളിലായുള്ള ടിബറ്റൻ അതിർത്തിയിലെ നിരകൾ എന്നിവയിൽ, അന്യോന്യ ബന്ധമില്ലാത്ത അനവധി അവസാദ ശിലാഖണ്ഡങ്ങളുണ്ട്. അധിനിവിഷ്ട ശിലാഖണ്ഡങ്ങൾക്ക് ഉദാഹരണങ്ങളാണിവ. ശയനവലനങ്ങളുടെ ഡെനൂഡേഷനു (denudation) ശേഷമുള്ള അവശിഷ്ടങ്ങളാണിവയെന്നായിരുന്നു ആദ്യകാലങ്ങളിലെ വിശ്വാസം. ഭൂഭ്രംശം (fault) കൊണ്ടാണ് ഇവ ഉണ്ടായതെന്നും അതല്ല, ക്ലിപ്പെ(രഹശുുല)കളോട് സാദൃശ്യമുള്ളതിനാൽ വിവർത്തനിക (tectonic) പ്രതിഭാസത്തിന്റെ ഫലമായി രൂപംകൊണ്ടതാണെന്നും രണ്ടു വാദഗതികൾ നിലവിലുണ്ട്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്നുള്ള ലാവാപ്രവാഹത്തിലൂടെ ഒഴുകിവന്ന ശിലാഖണ്ഡങ്ങളാണിവ എന്നും വിശ്വസിക്കപ്പെടുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://whatonearth.olehnielsen.dk/tectonics/terranes.asp Archived 2012-10-29 at the Wayback Machine.
- http://sentence.yourdictionary.com/terrane Archived 2012-06-11 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധിനിവിഷ്ട ശിലാഖണ്ഡങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |