Jump to content

അധീന നിയമനിർമാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിയമസഭ അംഗീകരിക്കുന്ന പൊതുനിയമങ്ങളുടെ അടിസ്ഥാനത്തിൽ അവയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഉപനിയമങ്ങൾ, ചട്ടങ്ങൾ മുതലായവയ്ക്ക് എക്സിക്യൂട്ടീവ് (നിർവഹണവിഭാഗം) രൂപം നല്കുന്ന സമ്പ്രദായത്തെ അധീന നിയമനിർമ്മാണം എന്നു പറഞ്ഞുവരുന്നു. ജനാധിപത്യ ഭരണസമ്പ്രദായത്തിൽ പാർലമെന്റിന്റെ ചുമതലകൾ വിവിധവും സർവതോമുഖവുമാണ്. ഭരണപ്രവർത്തനങ്ങൾ പൌരജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും കടന്നുചെല്ലുന്നതോടെ വിപുലമായ നിയമനിർമ്മാണം ആവശ്യമായിവരുന്നു. നിയമസഭ അംഗീകരിക്കുന്ന ഓരോ നിയമത്തിനും ആവശ്യമായ ഉപനിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നതിന് നിയമസഭപോലുള്ള ഒരു വലിയ സമിതിക്ക് വേണ്ടത്ര സൌകര്യമോ സമയമോ കിട്ടിയെന്നു വരില്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസൃതമായി നിയമങ്ങളുടെ രൂപത്തിനും ഭാവത്തിനും യഥോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. കൂടാതെ നിയമത്തിന്റെ സാങ്കേതികവശങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നിയമസഭാസാമാജികന്മാർക്ക് ഉണ്ടാവുക സാധാരണവുമല്ല. അധീനനിയമനിർമ്മാണം ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുന്നു. ഈ സമ്പ്രദായമനുസരിച്ച് പാർലമെന്റ് അല്ലെങ്കിൽ നിയമനിർമ്മാണസഭ നിയമങ്ങളെ അവയുടെ വിശാലരൂപത്തിൽ പാസ്സാക്കുകയും കൂടുതൽ സൂക്ഷ്മവും വിശദവുമായ അംശങ്ങൾ ഉൾക്കൊള്ളിക്കുവാൻ ഗവൺമെന്റിന്റെ എക്സിക്യൂട്ടീവ് വിഭാഗത്തെ ഏല്പിക്കുകയും ചെയ്യുന്നു. എക്സിക്യൂട്ടീവ് വിഭാഗം നിയമസഭ പാസ്സാക്കിയ പൊതുനിയമങ്ങളുടെ അടിസ്ഥാനത്തിൽ അവയുടെ സുഗമമായ നടത്തിപ്പിന് പ്രാദേശികവും കാലികവുമായ അനുവിധാനങ്ങളോടുകൂടിയ ഉപനിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ഉണ്ടാക്കുന്നു. ഈഭരണഘടനയുടെ 309-ആം അനുച്ഛേദത്തിൽ അധീന നിയമനിർമ്മാണത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. സിവിൽ സർവീസ് വിഭാഗത്തെ ബാധിക്കുന്ന ചട്ടങ്ങൾ ഉണ്ടാക്കുവാൻ ഈ അനുച്ഛേദം എക്സിക്യൂട്ടീവിന് അംഗീകാരം നല്കുന്നു. ഭരണകാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി എക്സിക്യൂട്ടീവ് ചില അഡ്മിനിസ്റ്റ്ട്രേറ്റീവ് ചട്ടങ്ങൾ ഉണ്ടാക്കാറുണ്ട്. മൌലികാവകാശങ്ങളെ ബാധിക്കാതിരിക്കുകയും ഒരു നിയമത്തെയും പ്രത്യക്ഷത്തിൽ ലംഘിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം, കോടതികൾ ഈ ചട്ടങ്ങളുടെ പ്രയോഗത്തെ തടയാറില്ല. ഈ ചട്ടങ്ങളുടെ ലംഘനവും കോടതികളുടെ പരിശോധനയ്ക്കു വിധേയമാക്കാറില്ല.

ചുമതലകൾ

[തിരുത്തുക]

ഈ സമിതിയുടെ പ്രധാന ജോലി അധീനനിയമങ്ങളെ ചില പ്രത്യേക തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയും സമിതിയുടെ നിഗമനങ്ങളടങ്ങിയ ആനുകാലിക റിപ്പോർട്ടുകൾ നിയമസഭയക്ക് സമർപ്പിക്കുകയുമാകുന്നു. നിയമങ്ങൾ പരിശോധിക്കുന്നതിൽ സമിതി പ്രധാനമായി നോക്കുന്നത് അവ മൂലനിയമം മുഖേന നിയമസഭ ഗവൺമെന്റിനു നല്കിയിട്ടുള്ള നിയമനിർമ്മാണാധികാരത്തിന്റെ സീമയെ ഏതെങ്കിലും തരത്തിൽ ലംഘിക്കുന്നുണ്ടോ, അവ ഭരണഘടനയിലെ ഏതെങ്കിലും വകുപ്പുകൾക്ക് വിരുദ്ധമാണോ, മൂലനിയമങ്ങളായിത്തന്നെ പാർലമെന്റിൽ അവതരിപ്പിക്കത്തക്ക പ്രാധാന്യമുള്ളവയാണോ, നിയമസഭയുടെ അംഗീകാരം കൂടാതെ ചുമത്താൻ പാടില്ലാത്ത നികുതികൾ അവ ചുമത്തുന്നുണ്ടോ, വ്യക്തിയുടെ മൌലികാവകാശങ്ങളിൽ കൈകടത്തുന്നുണ്ടോ, മൂലനിയമപ്രകാരം അധികാരം ലഭ്യമായിട്ടില്ലെങ്കിലും ഏതെങ്കിലും വകുപ്പുകൾക്ക് പൂർവകാലപ്രാബല്യം നല്കുന്നുണ്ടോ എന്നൊക്കെയാണ്.

ചരിത്രം

[തിരുത്തുക]

പാർലമെന്ററി ജനാധിപത്യ ഭരണത്തിലെ മറ്റു പല നൂതനസംവിധാനങ്ങളുടെയും കാര്യത്തിലെന്നപോലെ അധീനനിയമനിർമ്മാണസമിതിയുടെ കാര്യത്തിലും ആദ്യത്തെ കാൽവയ്പുണ്ടായത് ഗ്രേറ്റ് ബ്രിട്ടനിലാണ്. 1924-ൽ പ്രഭുസഭ സ്പെഷ്യൽ ഓർഡേഴ്സ് കമ്മിറ്റി എന്നൊരു സമിതി രൂപവത്കരിച്ചു. ഈ സമിതിയുടെ പ്രധാന ജോലി പാർലമെന്റിന്റെ ഇരുമണ്ഡലങ്ങളുടെയും അനുകൂലമായ പ്രമേയങ്ങളും ആവശ്യമുള്ള എല്ലാ നിയമങ്ങളും ഉത്തരവുകളും പരിശോധിക്കുകയും അവ ഏതെങ്കിലും മൂലതത്ത്വങ്ങളെയോ നയപരമായ കാര്യങ്ങളെയോ കീഴ്വഴക്കങ്ങളെയോ സംബന്ധിച്ച പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ടോ എന്നു നോക്കി പാർലമെന്റിന് റിപ്പോർട്ടു ചെയ്യുകയുമാണ്. കോമൺസ് സഭയിൽ സിലക്ട് കമ്മിറ്റി ഓൺ സ്റ്റ്യാറ്റൂട്ടറി ഇൻസ്ട്രമെന്റസ് എന്ന പേരിൽ ഒരു സമിതിയും 1944-ൽ രൂപവത്കൃതമായി. അധീന നിയമങ്ങൾ പരിശോധിക്കുകയാണ് ഈ സമിതിയുടെയും ജോലി. അധീനനിയമങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റി വിചിന്തനം ചെയ്യുവാൻ ഈ സമിതിക്കധികാരമില്ല. എക്സിക്യൂട്ടീവ് ഗവൺമെന്റിന് അധീന നിയമങ്ങൾ നിർമ്മിക്കുവാൻ നിയമനിർമ്മാണസഭ അല്ലെങ്കിൽ പാർലമെന്റ് നല്കിയിട്ടുള്ള അധികാരങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നു നോക്കുകയും ദത്തമായ അധികാരത്തിന്റെ സീമ ലംഘിക്കുന്നതായി കണ്ടാൽ അക്കാര്യം പാർലമെന്റിന് റിപ്പോർട്ടു ചെയ്യുകയും സമിതിയുടെ മുഖ്യമായ ചുമതലയാണ്. അധീന നിയമനിർമ്മാണത്തിൽ കാണുന്ന പൊതുവായ പ്രവണതയെക്കുറിച്ച് പ്രത്യേക റിപ്പോർട്ടുകൾ പാർലമെന്റിന് സമർപ്പിക്കുവാനും സമിതിക്കധികാരമുണ്ട്. 1946-ലെ സ്റ്റാറ്റ്യൂട്ടറി ഇൻസ്ട്രമെന്റ്സ് ആക്ടിനു വഴിതെളിച്ചത് ഈ സമിതിയുടെ ഒരു പ്രത്യേക റിപ്പോർട്ടായിരുന്നു.

ലോകസഭയിൽ ആദ്യത്തെ അധീന നിയമനിർമ്മാണസമിതി സ്ഥാപിതമായത് 1953 ഡിസംബർ 1-ന് ആണ്. സമിതിയുടെ അംഗസംഖ്യ ആദ്യം 10 ആയിരുന്നുവെങ്കിലും 1954-ൽ 15 ആയി ഉയർത്തി. സമിതിയുടെ കാലാവധി ഒരു വർഷമാണ്. സാധാരണയായി എല്ലാ വർഷവും മേയ്മാസത്തിൽ സമിതി പുനഃസംഘടിപ്പിക്കപ്പെടുന്നു. അംഗങ്ങളെ സ്പീക്കർ നാമനിർദ്ദേശം ചെയ്യുകയാണ് പതിവ്. പാർലമെന്റിന്റെ ഒരു യോഗത്തിൽ ഒരു റിപ്പോർട്ട് സമർപ്പിക്കുകയെന്ന ക്രമത്തിലാണ് സമിതിയുടെ പ്രവർത്തനം ഇപ്പോൾ നടക്കുന്നത്. തങ്ങളുടെ ശുപാർശകൾ ഗവൺമെന്റ് യഥാകാലം നടപ്പിലാക്കുന്നുണ്ടോയെന്ന് സമിതി നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയും അതിനെപ്പറ്റി റിപ്പോർട്ടുകൾ യഥാകാലം സഭയ്ക്ക് സമർപ്പിക്കുകയും ചെയ്യുന്നു.

ലോകസഭയിലുള്ളതുപോലെ സംസ്ഥാന നിയമസഭകളിലും അധീന നിയമനിർമ്മാണസമിതികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അധീന നിയമനിർമ്മാണസമിതി രൂപവത്കരിച്ചത് 1954-ലാണ്. സമിതിയുടെ അംഗസംഖ്യ ഏഴാണ്. അംഗങ്ങളെ സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്നു. സമിതിയുടെ കാലാവധി ഒരു വർഷമാണ്. എക്സിക്യൂട്ടീവിനുള്ള അധികാരങ്ങളും ഈ അധികാരം ഉപയോഗിച്ചുണ്ടാക്കുന്ന അഡ്മിനിസ്റ്റ്ട്രേറ്റീവ് ചട്ടങ്ങളും സ്റ്റാറ്റ്യൂട്ടറി ചട്ടങ്ങളും (നിയമങ്ങൾ നല്കുന്ന അധികാരം ഉപയോഗിച്ചുണ്ടാക്കുന്ന ചട്ടങ്ങളെ സ്റ്റ്യാറ്റ്യൂട്ടറി ചട്ടങ്ങൾ എന്നു പറയുന്നു) വളരെ വിപുലമാണ്. പാർലമെന്ററി സമ്പ്രദായം നിലവിലുള്ള എല്ലാ രാജ്യങ്ങളിലും ഇതിന് വ്യവസ്ഥയുണ്ട്. ഇംഗ്ലണ്ടിലെ എക്സിക്യൂട്ടീവിന്റെ ഈ അധികാരത്തെ പുതിയ സ്വേച്ഛാധിപത്യം (New despotism) എന്ന് ഹ്യൂവർ പ്രഭു വിശേഷിപ്പിച്ചിട്ടുണ്ട്. എക്സിക്യൂട്ടിവിന്റെ ഒരു സവിശേഷവിഭാഗത്തിനാണ് അധീന നിയമനിർമ്മാണാധികാരം നൽകുക പതിവ്. ആ വിഭാഗം ഈ അധികാരം നേരിട്ടേ ഉപയോഗിക്കാൻ പാടുള്ളു. മറ്റൊരാളെക്കൊണ്ടോ മറ്റൊരു വിഭാഗത്തിനെക്കൊണ്ടോ ആ അധികാരം ഉപയോഗിപ്പിക്കാൻ അധികാരമില്ല (A delegate cannot delgate).

നിയമനിർമ്മാണസഭകൾ പാസ്സാക്കുന്ന നിയമങ്ങൾ നടപ്പിൽ കൊണ്ടുവരുന്നതിനു മുമ്പായി അവ നല്കിയിട്ടുള്ള അധികാരമുപയോഗിച്ച് ചട്ടങ്ങൾ നിർമിച്ചിരിക്കണം. നടപടിക്രമം മിക്കവാറും ചട്ടങ്ങളിലൂടെയാണ് പാലിക്കുന്നത്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധീന നിയമനിർമാണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധീന_നിയമനിർമാണം&oldid=3622924" എന്ന താളിൽനിന്ന് ശേഖരിച്ചത്