Jump to content

അനന്തശയനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനന്തശയനം

പാലാഴിയിൽ അനന്തൻ എന്ന സർപ്പത്തിൻമേൽ മഹാവിഷ്ണുവിന്റെ ശയനമാണ് അനന്തശയനം. വൈകുണ്ഠത്തിലാണ് പാലാഴി എന്നും അതിൽ അനന്തനെ തല്പമാക്കി വിഷ്ണു എപ്പോഴും യോഗനിദ്രകൊള്ളുന്നുവെന്നും ഉള്ള ഹൈന്ദവപുരാണസങ്കല്പത്തെ ആശ്രയിച്ചാണ് ഈ ആശയം ഉടലെടുത്തിട്ടുള്ളത്. ബ്രഹ്മാവ് സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സംരക്ഷണം അവിടെ കിടന്നുകൊണ്ട് നിർവഹിക്കുന്നതുമൂലം അദ്ദേഹത്തിന്റേത് സാധാരണ നിദ്രയല്ല യോഗനിദ്രയാണ് എന്ന് ആസ്തികൻമാർ സിദ്ധാന്തിക്കുന്നു. കാലത്തിന്റെ പ്രതീകമായി അനന്തനെയും, കാലത്തെ തനിക്ക് അധീനമാക്കി നിർത്തിയ-കാലാതീതനായ-ഈശ്വരന്റെ പ്രതീകമായി മഹാവിഷ്ണുവിനെയും നിരൂപണം ചെയ്യാവുന്നതാണ്. അനന്തശയനത്തിന്റെ ചിത്രം ഭാവനം ചെയ്തിരിക്കുന്നതും അതിന്നനുകൂലമായിരിക്കുന്നു. അതിൽ നാരദൻ തുടങ്ങിയ ബ്രഹ്മർഷികളും സനകൻ തുടങ്ങിയ യോഗികളും ഭൃഗു തുടങ്ങിയ മഹർഷിമാരും മറ്റു ദേവൻമാരും ചുറ്റും നിന്നു ദർശനധ്യാനസുഖം അനുഭവിച്ചുകൊണ്ടിരിക്കുന്നതു കാണാം. ശ്രേയസ്സ് ഇച്ഛിക്കുന്ന ലൌകികനും ക്രമമുക്തി ഇച്ഛിക്കുന്ന ഭക്തനും, യോഗിക്കും ഒരുപോലെ ഉപാസിക്കാവുന്ന ദേവനാണ് അനന്തശയനനായ മഹാവിഷ്ണു.

അനന്തശയനം ഉള്ള പ്രദേശം എന്ന അർഥത്തിൽ, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് 'അനന്തശയനം' എന്ന പേർകൂടിയുണ്ട്. അനന്തശയനമൂർത്തിയുടെ പ്രതിഷ്ഠയോടുകൂടിയ പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രമാണ് ഈ പേരിന്റെ അടിസ്ഥാനം.

ഭക്തൻമാർക്കു സുഖസേവ്യമായ ഭാവത്തോടുകൂടി പരിലസിക്കുന്ന അനന്തശയനത്തെപ്പറ്റി സവിസ്തരമായ പ്രതിപാദനം ബ്രഹ്മാണ്ഡപുരാണത്തിൽ കാണുന്നുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്തശയനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനന്തശയനം&oldid=3824142" എന്ന താളിൽനിന്ന് ശേഖരിച്ചത്