ഒരു ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു അനസ്തേഷ്യസ് II. യഥാർഥനാമം അർത്തേമിയസ് എന്നായിരുന്നു. രണ്ടുകൊല്ലം (713-715) മാത്രമേ ഇദ്ദേഹം രാജ്യം ഭരിച്ചുള്ളു. ഫിലിപ്പിക്കസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കാര്യദർശിയായിരുന്ന അർത്തേമിയസ്, അനസ്തേഷ്യസ് 11 എന്ന പേരിൽ ചക്രവർത്തിയായി. അറബികൾക്കെതിരായിയുദ്ധം ചെയ്തു. ഓപ്സിഷ്യൻ പ്രവിശ്യയിലെ പട്ടാള കലാപത്തെത്തുടർന്ന് തിയഡോഷ്യസ് ചക്രവർത്തിയായി. അദ്ദേഹം ആറുമാസത്തെ ആക്രമണത്തിനുശേഷം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി. തുടർന്ന് അനസ്തേഷ്യസ് നിക്കിയ(Nicaea)യിലേക്ക് ഓടിപ്പോയി. പിന്നീടു ഇദ്ദേഹം തിയഡോഷ്യസിനു കീഴടങ്ങി. സന്ന്യാസം സ്വീകരിച്ച അനസ്തേഷ്യസ്, തിയഡോഷ്യസിന്റെ അനന്തരഗാമിയായ ലിയോ 111-ന്റെ കാലത്ത് (720), തനിക്കു നഷ്ടപ്പെട്ട സിംഹാസനം വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തി. ഇതിൽ പരാജിതനായ അനസ്തേഷ്യസ് വധിക്കപ്പെട്ടു (721).