അനു
Anu | |
---|---|
Sky Father, King of the Gods, Lord of the Constellations | |
ജീവിത പങ്കാളി | Nammu, Uras |
മാതാപിതാക്കൾ | Earliest texts:Not specified Later views:Anshar andKishar |
മക്കൾ | Enki, Nikikurga, Nidaba, Enlil, Baba |
സേന | Deities and Stars |
ബാബിലോണിയൻ മതവിശ്വാസങ്ങളനുസരിച്ചുള്ള ത്രിമൂർത്തിസങ്കല്പത്തിലെ ആദ്യത്തെ ദേവതയും സ്വർഗാധിപതിയുമാണ് അനു. മറ്റു രണ്ടു ദേവതകളായ എൻലിൽ ഭൂമിയുടെയും, ഈ സമുദ്രത്തിന്റെയും അധിഷ്ഠാനമൂർത്തികളാണ്. പ്രാചീന ബാബിലോണിയൻ ഭാഷയിൽ അനു എന്ന പദത്തിന് ഉന്നതൻ എന്നാണ് അർഥം.
ദക്ഷിണ ബാബിലോണിയയിലെ എരഖ് നഗരവുമായി ബന്ധപ്പെട്ടാണ് അനുവിനെയും അദ്ദേഹത്തിന്റെ പുത്രിയും നാകദേവിയുമായ ഇനാന്നാ ഇഷ്ടാറിനെയും സംബന്ധിച്ചുള്ള ആരാധനകളും വിശ്വാസങ്ങളും രൂപം കൊണ്ടത്. ഈ ദേവനു പുറമേ സ്വർഗത്തെത്തന്നെയും സൂചിപ്പിക്കാൻ ബാബിലോണിയൻമാർ അനു എന്ന പദം ഉപയോഗിക്കാറുണ്ട്. അനുവിന്റെ മഹിഷിയായി അന്തും, അല്ലെങ്കിൽ അനാതും എന്നൊരു ദേവിയെക്കുറിച്ച് ഹിറ്റൈറ്റ് ഇതിഹാസങ്ങൾ പരാമർശിക്കുന്നു.
പ്രാചീന ഈജിപ്ഷ്യൻ രാജാവായ അഖ്നാതൻ (സു.ബി.സി. 1391-50) നിർമിച്ചതെന്ന് കരുതപ്പെടുന്ന ടെൽഎൽ അമർണാ ദേവാലയത്തിൽനിന്ന് കണ്ടുകിട്ടിയ ഒരു ഫലകത്തിൽ അനുവിനെക്കുറിച്ചുള്ള അർഥഗർഭവും രസകരവും ആയ ഒരു കഥ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദേവന്റെ പുത്രനും എരിഡു ക്ഷേത്രത്തിലെ പുരോഹിതനുമായിരുന്ന അഡാപായുടെ കർത്തവ്യം ദേവഗണങ്ങൾക്ക് മത്സ്യം ഉൾപ്പെടെയുള്ള ഭക്ഷണം പാകംചെയ്തു കൊടുക്കുകയായിരുന്നു. ഒരു ദിവസം അഡാപാ മീൻ പിടിച്ചുകൊണ്ടിരുന്നപ്പോൾ തെക്കൻ കാറ്റടിച്ച് അയാളുടെ വഞ്ചി മുങ്ങിപ്പോയി. ക്രുദ്ധനായ അഡാപാ തെക്കൻ കാറ്റുകളുടെ ചിറകുകൾ ഛേദിച്ചുകളഞ്ഞു. കാറ്റടിക്കാതായതിന്റെ കാരണം മനസ്സിലാക്കിയ അനു അഡാപായെ വിളിച്ചുകൊണ്ടു വരാൻ ഒരു ദൂതനെ നിയോഗിച്ചു. പിതാവായ ഈയുടെ ഉപദേശപ്രകാരം അനു നല്കിയ ഭക്ഷ്യപേയങ്ങൾ ഒന്നും അഡാപാ സ്വീകരിച്ചില്ല. കാരണം ചോദിച്ചപ്പോൾ പിതാവ് നല്കിയ വിലക്കിനെക്കുറിച്ച് അയാൾ അനുവിനോടു പറഞ്ഞു. ദൈവങ്ങളുടെ വിശിഷ്ടഭോജ്യങ്ങളാണ് താൻ നല്കിയതെന്നും അത് നിരസിച്ച സ്ഥിതിക്ക് അഡാപായ്ക്കും മനുഷ്യജാതിക്കും ലഭിക്കുമായിരുന്ന അമരത്വം നഷ്ടപ്പെട്ടുപോയെന്നും പറഞ്ഞ് അനു അഡാപായെ ഭൂമിയിലേക്ക് മടക്കി അയച്ചു. മനുഷ്യന് ഭൂമിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെങ്കിലും രോഗവും മരണവും അവന്റെ സന്തതസഹചാരികളായിരിക്കുമെന്നും അനു ശപിച്ചു. ഈ ശാപകഥയ്ക്ക് ആദമിന്റെ പതനത്തെക്കുറിച്ചുള്ള ഹീബ്രൂ കഥയുമായി പ്രത്യക്ഷമായ സാദൃശ്യം ഉണ്ട്. (അഡാപാ എന്ന പേരുതന്നെ ഹീബ്രുവിലുള്ള ആദം എന്നതിന്റെ സുമേറിയനോ ബാബിലോണിയനോ ആയ രൂപാന്തരമാണെന്ന് ഗവേഷകൻമാർ കരുതുന്നു.)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |