Jump to content

അന്താരാഷ്ട്ര ന്യായനിർണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രങ്ങൾ തമ്മിലോ, അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വതന്ത്രമായി നിലനില്പുള്ള സമിതികൾ തമ്മിലോ, ഉള്ള തർക്കങ്ങൾക്ക് അന്താരാഷ്ട്ര കോടതികൾ (International Tribunals)[1] ഉണ്ടാക്കുന്ന അന്തിമമായ വിധിത്തീർപ്പാണ് അന്താരാഷ്ട്ര ന്യായനിർണയം. അനുരഞ്ജനം (Conciliation),[2] മധ്യസ്ഥത (Arbitration or Mediation)[3] എന്നിവയും ന്യായനിർണയവുമായി ചില സാദൃശ്യങ്ങൾ ഉണ്ടെങ്കിലും സാരമായ വ്യത്യാസമുണ്ട്. കക്ഷികൾ തമ്മിൽ ഒരു ഒത്തുതീർപ്പുണ്ടാക്കാൻ അനുരഞ്ജന-മധ്യസ്ഥസമിതികൾ ശ്രമിക്കുമ്പോൾ, ന്യായനിർണയം എന്ന പ്രക്രിയ ഒരു തീരുമാനം അംഗീകരിക്കാൻ അവരെ നിർബന്ധിതരാക്കുന്നു. അന്താരാഷ്ട്ര തർക്കങ്ങളുടെ ന്യായനിർണയം ചെയ്യുന്നത് അന്താരാഷ്ട്ര കോടതിയാണ്; മറ്റു നീതിന്യായക്കോടതികളുടേതെന്നപോലെ, ഈ കോടതിയുടെ വിധിയും നിരുപാധികമായി അംഗീകരിച്ച് നടപ്പിലാക്കാൻ തർക്കരാഷ്ട്രങ്ങൾ (കക്ഷികൾ) ബാധ്യസ്ഥരാണ്.

അന്താരാഷ്ട്ര ന്യായനിർണയത്തിന് ഐക്യരാഷ്ട്രസംവിധാനത്തിൽ പ്രമുഖമായ സ്ഥാനമുണ്ടെങ്കിലും അതിന്റെ നിർവഹണത്തിൽ അനിവാര്യമായ ചില പരിമിതികൾ നേരിടുന്നുണ്ട്. ഒന്നാമതായി അന്താരാഷ്ട്രകോടതിയുടെ അധികാരപരിധി നിർബന്ധിതമായി രാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ വ്യവസ്ഥയൊന്നുമില്ല. അവയ്ക്ക് തോന്നിയാൽ മാത്രമേ എന്തെങ്കിലും പ്രശ്നങ്ങൾ, ഇന്നത്തെ ഘടനയനുസരിച്ച് ഇതിനു വിട്ടുകൊടുക്കേണ്ടതായുള്ളു. സാധാരണ നിയമങ്ങളെ അപേക്ഷിച്ച് ഇതിന്റെ നടപടിച്ചട്ടങ്ങൾക്ക് അനിശ്ചിതത്വം കൂടുതലുണ്ട് എന്നതാണ് രണ്ടാമത്തെ ന്യൂനത. ഇതിന്റെ തീരുമാനങ്ങൾ അംഗീകരിക്കപ്പെടുന്നില്ലെന്ന് സംശയിക്കപ്പെടുമ്പോൾ, നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യാനോ പുതിയ നിയമവ്യവസ്ഥകൾ പ്രയോഗക്ഷമമാക്കാനോ നിയമനിർമ്മാണ സംഘടന ഇതിനില്ലെന്നതും ഇതിന്റെ പരിമിതികളിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര നിശ്ചയങ്ങൾ നടപ്പിൽ വരുത്താനുള്ള ആസൂത്രിതമായ നടപടിച്ചട്ടങ്ങൾക്ക് രൂപംകൊടുക്കാൻ ഇതിന് സാധിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ട മറ്റൊരു ന്യൂനതയാണ്.

ഉദ്ഭവ വികാസങ്ങൾ

[തിരുത്തുക]

ക്രിസ്തുവിന് മുൻപുള്ള നൂറ്റാണ്ടുകങ്ങളിൽ ഡൽഹിയിൽവച്ച് ഇടയ്ക്കിടയ്ക്ക് സമ്മേളിച്ചിരുന്ന ആംഫിക്റ്റിയോണി ലീഗിന്റെ ലക്ഷ്യങ്ങളിലൊന്ന് നഗരരാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഒതുക്കുകയും യുദ്ധങ്ങൾ ഒഴിവാക്കുകയുമായിരുന്നു. ആദ്യകാലങ്ങളിൽ റോമൻസെനറ്റും സാമ്രാജ്യസ്ഥാപത്തിനുശേഷം ചക്രവർത്തിയും സാമന്തരാജ്യങ്ങളെ തമ്മിൽ അനുരഞ്ജിപ്പിച്ചുകൊണ്ടുപോവുക പ്രധാനപ്പെട്ട ഒരു കർത്തവ്യമായി കരുതി. മധ്യകാലഘട്ടങ്ങളിൽ പല അന്താരാഷ്ട്ര തർക്കങ്ങളിലും ചക്രവർത്തിയും മാർപാപ്പയും ചേർന്ന് മധ്യസ്ഥതീരുമാനങ്ങൾ എടുത്തിട്ടുള്ളതിന് ചരിത്രരേഖകളുണ്ട്. എ.ഡി. 13-ആം നൂറ്റാണ്ടിലെ അമിയൻസ് കരാറ് (Mise of Amiens)[4] പ്രഭുക്കൻമാർ തമ്മിലുണ്ടായ തർക്കത്തിൽ വരുത്തിയ തീർപ്പായിരുന്നു. സെയിന്റ് ലൂയിയിൽ വച്ച് ഇംഗ്ലണ്ടിലെ ഹെന്റി III-ആമനും (1207-72) മാടമ്പികളും തമ്മിൽ 1264-ൽ ഉണ്ടായ ഒരു യുദ്ധം അവസാനിച്ചത്, മാർപാപ്പയുടെ മധ്യസ്ഥതയുടെ ഫലമായാണ്. പുതിയതായി കണ്ടുപിടിക്കപ്പെട്ട നവലോകത്തെപ്പറ്റിയുള്ള അവകാശതർക്കങ്ങളിൽ സ്പെയിനും പോർത്തുഗലുമായി മധ്യസ്ഥ്യം വഹിക്കുകയും പ്രദേശങ്ങൾ ഇരുകൂട്ടർക്കും വിഭജിച്ചുകൊടുക്കുകയും (1493) ചെയ്ത മാർപാപ്പ അലക്സാണ്ടർ VI (1431-1503) അക്കാലത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര ന്യായനിർണയമാണ് ചെയ്തത്. വെർവിൻസിലേയും (1598) വെസ്റ്റ്ഫേലിയയിലേയും (1648) വെസ്റ്റ്മിനിസ്റ്ററിലേയും (1655) പിരണിസിലേയും (1659) റിസ്വിക്കിലേയും (1697) യൂട്രെക്റ്റിലേയും (1713) സന്ധികളും സമാധാന ഉടമ്പടികളും എല്ലാം ഒരർഥത്തിൽ അന്താരാഷ്ട്ര ന്യായനിർണയങ്ങളായിരുന്നു. എന്നാൽ 1794-ൽ ബ്രിട്ടനും യു.എസും. ചേർന്ന് രൂപവത്കരിച്ച ജേ സഖ്യ(Treaty of Jay)ത്തോടുകൂടിയാണ്[5] അന്താരാഷ്ട്ര ന്യായനിർണയത്തിന്റെ ആധുനിക ചരിത്രമാരംഭിക്കുന്നത്.

19-ആം നൂറ്റാണ്ടിൽ അന്താരാഷ്ട്രമാധ്യസ്ഥ സമ്പ്രദായം ഏതാണ്ട് സാർവത്രികമായിത്തീർന്നു. വിശേഷിച്ചും അമേരിക്കകളിലെ വിവിധ ഭൂവിഭാഗങ്ങളുടെ അന്താരാഷ്ട്രാതിർത്തികളെ സംബന്ധിച്ചിടത്തോളം. 12 സംസ്ഥാനങ്ങൾ കക്ഷിചേർന്ന വെനിസുലൻ തർക്കതീരുമാനങ്ങൾ (1903-04), ആംഗ്ലോ-അമേരിക്കൻ അവകാശവാദങ്ങളുടെ മധ്യസ്ഥതീർപ്പ് (1910), മെക്സിക്കൻ അവകാശവാദക്കമ്മിഷൻ (Mexican Claims Commission-1923-34)[6] എന്നിവ അന്താരാഷ്ട്ര ന്യായനിർണയത്തിന്റെ ചരിത്രത്തിലെ ഓരോ പ്രധാന നാഴികക്കല്ലുകളാണ്.

ഹേഗ് സമാധാന സമ്മേളനം

[തിരുത്തുക]

ഭൂപ്രദേശങ്ങളെ സംബന്ധിച്ചുള്ള വിരുദ്ധാവകാശങ്ങൾ വർധിച്ചുവന്നതിന്റെ പശ്ചാത്തലത്തിലാണ്, 1899-ൽ ഹേഗിൽ പല രാഷ്ട്രങ്ങളും പങ്കെടുത്ത ഒരു സമാധാന സമ്മേളനം വിളിച്ചുകൂട്ടിയത്. നിർബന്ധിത മധ്യസ്ഥതയ്ക്ക് ഒരു സ്ഥിരം അന്താരാഷ്ട്രകോടതി സംഘടിപ്പിക്കുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്; അവരുടെ ആശയങ്ങൾക്കനുസൃതമായ ഒരു കോടതി നിലവിൽ വരികയും ചെയ്തു. സമ്മേളനം ചില നടപടിക്രമങ്ങൾക്കും രൂപംകൊടുത്തു.

എന്നാൽ ഈ സമ്മേളനമോ 1907-ൽ ഹേഗിൽ വീണ്ടും കൂടിയ രണ്ടാം സമാധാനസമ്മേളനമോ, നിർബന്ധിത ന്യായനിർണയതത്ത്വം രാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ വിജയിച്ചു എന്ന് കരുതുന്നത് ശരിയല്ല. പല രാഷ്ട്രങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഈ സമ്മേളനങ്ങൾ ഏതാനും ഉഭയസമ്മത സഖ്യങ്ങൾ ഉണ്ടാക്കിയെങ്കിലും സ്ഥിരമായ ഒരു കോടതിയുടെ സ്ഥാപനം സാധ്യമായില്ല.

1920-ൽ സർവരാഷ്ട്രസഖ്യത്തിന്റെ പൊതുസഭകൂടി അന്താരാഷ്ട്ര നീതിന്യായനിർണയത്തിനുവേണ്ടി ഒരു സ്ഥിരം കോടതി സംഘടിപ്പിക്കാനുള്ള നിയമവ്യവസ്ഥകൾ അംഗീകരിക്കുകയും 1921-ൽ അത് നിലവിൽവരികയും ചെയ്തു. 1922-40 കാലത്ത് ഈ കോടതി 33 വിധിതീർപ്പുകളും 27 ഉപദേശങ്ങളും (Advisory opinions)[7] നല്കുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് ഇതിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. യുദ്ധാനന്തരം രൂപംകൊണ്ട ഐക്യരാഷ്ട്രസംഘടനയാണ്, ഈ സ്ഥിരം കോടതി(Permanent Court)യെ അന്താരാഷ്ട്രനീതിന്യായക്കോടതി (International Court of Justice)[8] എന്ന് പുനർനാമകരണം ചെയ്ത് അതിന്റെ പ്രവർത്തന വ്യവസ്ഥകൾ മാറിയ പരിതഃസ്ഥിതികളിൽ ക്രമപ്പെടുത്തിയത്.

പ്രശ്നങ്ങൾ

[തിരുത്തുക]

അന്താരാഷ്ട്രക്കോടതിയുടെ അധികാരപരിധിക്ക് പല പരിമിതികളുമുണ്ട്. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ മാത്രമല്ല, രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമിതികളും തമ്മിലുള്ള വിവാദങ്ങളിലും അന്താരാഷ്ട്രസമിതികൾ കൈക്കൊള്ളുന്ന നടപടികളുടെ നിയമവിധേയത്വത്തിലും ന്യായനിർണയം ചെയ്യാൻ കെല്പുറ്റ ഒരു കോടതിയായി ഇതിനെ വികസിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടന്നുവരുന്നു. ബർലിൻ പ്രതിസന്ധി (1961), ഇന്ത്യാ-ചൈനാ അതിർത്തിത്തർക്കം (1962), ക്യൂബയിലേയും ഇന്തോനേഷ്യയിലേയും സംഭവവികാസങ്ങൾ, യൂ-2-ആർ. ബി-47 വിമാനങ്ങളിൽ നടത്തിയതായി ആരോപിക്കപ്പെട്ട ചാരപ്രവർത്തനങ്ങൾ (1962), അക്വബാ ഉൾക്കടൽ സംഭവം (1967) തുടങ്ങിയവ വരുത്തിവച്ച സ്ഫോടനാത്മകമായ പ്രതിസന്ധികളിൽ തീരുമാനം കല്പിക്കാൻ അന്താരാഷ്ട്രകോടതിക്ക് കഴിയാതെപോയത്, അതിന് നിർബന്ധം ചെലുത്താവുന്ന അധികാരപരിധി ഇല്ലാതിരുന്നതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

യു.എസ്.എയും യു.എസ്.എസ്.ആറും ജനകീയ ചൈനയും ഈ ശക്തിച്ചേരികളിലുള്ള നിരവധി രാഷ്ട്രങ്ങളും ലോകകോടതിക്ക് എല്ലാ അന്താരാഷ്ട്ര തർക്കങ്ങളിലും നിർബന്ധിതമായ അധികാരപരിധി നൽകുന്ന കാര്യത്തിൽ വിഭിന്നാഭിപ്രായങ്ങളാണ് സ്വീകരിച്ചിരുന്നത്. ചരിത്രപരമായ പശ്ചാത്തലം, അവയുടെ ഇന്നത്തെ പ്രസക്തി, വ്യതിയാനപ്രവണതയെ ഉൾക്കൊള്ളാനുള്ള സന്നദ്ധത തുടങ്ങിയ കാര്യങ്ങളാണ് ഇത്തരം വീക്ഷണവൈജാത്യങ്ങളുടെ അടിസ്ഥാനകാരണം. സമ്പന്ന അവികസിത രാഷ്ട്രങ്ങൾ തമ്മിലുള്ള വിടവുകൾ നികത്താനോ, സാങ്കേതികവിജ്ഞാനത്തെ മനുഷ്യന്റെ യജമാനസ്ഥാനത്തുനിന്നും പിടിച്ചിറക്കി സേവനസ്ഥാനത്ത് പ്രതിഷ്ഠിക്കാനോ, അന്താരാഷ്ട്രന്യായനിർണയത്തിന്റെ വർത്തമാനകാലസംവിധാനത്തിന് സാധ്യമല്ലെങ്കിലും സമാധാനപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ ഏതാനും കോടി ജനങ്ങൾക്കെങ്കിലും രാഷ്ട്രീയ സ്വാതന്ത്രത്തിനുള്ള വഴി തെളിച്ചുകൊടുക്കുന്നതിലും ലോകത്തിന്റെ ആകമാനമുള്ള സാമ്പത്തിക വികസനത്തിൽ വസ്തുനിഷ്ഠമായ താത്പര്യം ചെലുത്തേണ്ട ഉത്തരവാദിത്തബോധം സമ്പന്നരാഷ്ട്രങ്ങളിൽ വളർത്തുന്നതിലും അത് ഒരളവുവരെ വിജയിച്ചു എന്നത് അതിന്റെ ഒരു നേട്ടം തന്നെയാണ്. എതിർചേരികളിൽ നിലകൊള്ളുന്ന രാഷ്ട്രീയസിദ്ധാന്തങ്ങളുടെ മത്സരമൂർഛക്ക് അയവുവരുത്താൻ ഈ കോടതി വ്യവസ്ഥയ്ക്ക് ഇന്ന് സാധ്യമല്ലെങ്കിൽതന്നെ, നിയമഭരണത്തിൽ വിശ്വസിക്കുന്ന രാഷ്ട്രസഞ്ചയങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ അന്താരാഷ്ട്രഘടനയിൽ ഫലപ്രദവും ആശാസ്യവുമായ ഒരു സംവിധാനം ഇതല്ലാതെ മറ്റൊന്നുമില്ല.

ചുരുക്കത്തിൽ ദേശീയതലത്തിൽ നീതിന്യായക്കോടതികൾ നിർവഹിക്കുന്ന ചുമതലകൾ അന്താരാഷ്ട്ര മണ്ഡലത്തിൽ പ്രാവർത്തികമാക്കാൻ ഈ ന്യായനിർണയസംവിധാനത്തിന് കഴിയണം എന്നതാണ് ഇതിന്റെ പരമമായ ലക്ഷ്യം.

മറ്റുചില അനുരഞ്ജന സംവിധാനങ്ങൾ

[തിരുത്തുക]

വിദേശ നിക്ഷേപങ്ങളെയോ അന്താരാഷ്ട്ര വാണിജ്യത്തെയോ സംബന്ധിച്ച് ഉണ്ടാകുന്ന തർക്കങ്ങൾ അന്താരാഷ്ട്രന്യായനിർണയത്തിന് വിധേയമാക്കാറുണ്ട്. ഇവയുടെ ന്യായാന്യായങ്ങൾക്ക് തീരുമാനം കല്പിക്കുന്നത് അന്താരാഷ്ട്ര വാണിജ്യമണ്ഡലം (International Chamber of Commerce)[9] പോലെയുള്ള സ്ഥാപനങ്ങളാണ്. ഇവയുടെ വിധിത്തീർപ്പുകൾക്കും അന്താരാഷ്ട്രനിയമത്തിൽ ഗണനീയമായ സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്. യു.എസ്.എസ്.ആറുമായി ലെനാ സ്വർണഖനികളെക്കുറിച്ചുണ്ടായ തർക്കം (Lena Gold Fields Arbitration, 1930),[10] അബുദാബിയിലെ ഷെയ്ഖും പേർഷ്യൻ കടൽത്തീരത്തുള്ള (Trucial coast)[11] രാജ്യങ്ങളും തമ്മിലുണ്ടായ വിവാദം (1952) തുടങ്ങിയവ അവസാനം ഒത്തുതീർപ്പിൽ എത്തിച്ചത് മേല്പറഞ്ഞ രീതിയിലുള്ള ന്യായനിർണയസംവിധാനങ്ങളാണ്. ഇവയുടെ ഫലക്ഷമതയും പ്രയോജനവും വർധിപ്പിക്കാനായി 1958-ൽ ഐക്യരാഷ്ട്രസഭ ഒരു അന്താരാഷ്ട്ര വാണിജ്യാനുരഞ്ജന സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. അന്താരാഷ്ട്ര ന്യായനിർണയത്തിൽ സമീപകാലത്ത് പ്രമുഖസ്ഥാനം വഹിക്കുന്നത് യൂറോപ്യൻ കോർട്ട് ഒഫ് ജസ്റ്റിസ്, യൂറോപ്യൻ കോർട്ട് ഒഫ് ഹ്യുമൻ റൈറ്റ്സ് (ഇ.സി.എച്ച്.ആർ.), ഇന്റർനാഷനൽ ക്രിമിനൽ കോർട്ട് (ഐ.സി.സി.) തുടങ്ങിയ സ്ഥാപനങ്ങളാണ്. 1952-ൽ ഇ.സി.ജെ. സ്ഥാപിതമായി. 1997-ലെ ആംസ്റ്റർഡാം ഉടമ്പടിയെത്തുടർന്ന് നിലവിൽവന്ന യൂറോപ്യൻ യൂണിയന്റെ മുഖ്യ ന്യായനിർണയ സ്ഥാപനമാണ് ഇ.സി.ജെ. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്കിടയിലും യൂണിയൻ സ്ഥാപനങ്ങളായ യൂറോപ്യൻ കമ്മിഷൻ, കൌൺസിൽ, പാർലമെന്റ് എന്നിവയ്ക്കിടയിലുമുള്ള മധ്യസ്ഥന്റെ സ്ഥാനമാണ് ഇ.സി.ജെ. വഹിക്കുന്നത്. യൂറോപ്യൻ നിയമം വ്യാഖ്യാനിക്കാനുള്ള ചുമതലയും ഇ.സി.ജെയിൽ നിക്ഷിപ്തമാണ്. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 15 ജഡ്ജിമാർ ഇ.സി.ജെ.യിലുണ്ട്.

ഇതുംകൂടികാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-31. Retrieved 2011-08-10.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-09-05. Retrieved 2011-08-10.
  3. http://www.arbitrationindia.org/index-1.html
  4. http://www.facebook.com/pages/Mise-of-Amiens/143936852288060
  5. http://www.columbia.edu/cu/lweb/digital/jay/jaytreaty.html
  6. http://heinonline.org/HOL/LandingPage?collection=journals&handle=hein.journals/ajil37&div=21&id=&page=
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-08-21. Retrieved 2011-08-10.
  8. http://supreme.lp.findlaw.com/supreme_court/decisions/avena33104icj.pdf
  9. http://www.iccwbo.org/incoterms/
  10. http://translex.uni-koeln.de/output.php?docid=127500
  11. http://www.answers.com/topic/trucial-coast

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ന്യായനിർണയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.