അന്ധജനക്ഷേമം
അന്ധജനങ്ങൾക്കുവേണ്ടി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ പൊതുവിൽ പറയുന്നതാണ് അന്ധജനക്ഷേമം. അന്ധർക്ക് പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുകയും അവരെ സമൂഹത്തിലെ മറ്റു പൗരന്മാരോടൊപ്പം പ്രയോജനകരമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ കർത്തവ്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകരാഷ്ട്രങ്ങളെല്ലാംതന്നെ അന്ധജനക്ഷേമത്തിന് ഇന്ന് പ്രാധാന്യം കൽപിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]അന്ധരുടെ പ്രശ്നം പണ്ടു മുതൽക്കേ സാമൂഹ്യപരിഷ്ക്കർത്താക്കളുടെയും മതാചാര്യന്മാരുടെയും ഭരണാധിപന്മാരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. മാനവചരിത്രത്തിൽ വളരെയധികം പ്രാന്തവൽക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് അന്ധർ. സ്പാർട്ട, റോം തുടങ്ങി സൈനിക ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലെല്ലാം അന്ധരായ ശിശുക്കളെ ജനിച്ച ഉടൻ നശിപ്പിച്ചുകളഞ്ഞിരുന്നു. റോമിൽ ഇത്തരം കുട്ടികളെ പുഴയിൽ ഒഴുക്കികളയുന്നതിനുള്ള പാത്രങ്ങൾ വിൽപനയ്ക്ക് വച്ചിരുന്നു. സ്പാർട്ടയിൽ ഒളിമ്പ്യൻ മലയിൽ നിന്നും താഴോട്ട് എറിഞ്ഞാണ് അന്ധശിശുക്കളെ കൊന്നൊടുക്കിയിരുന്നത്. ബുദ്ധദർശനത്തിന്റെയും, ക്രൈസ്തവ ആശയത്തിന്റെയും പ്രചാരത്തോടുകൂടി കാഴ്ചയില്ലാത്ത ഒരാൾക്ക് ജീവിക്കാനുള്ള അവകാശം നൽകപ്പെട്ടു. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും മുറ്റത്ത് യാചിക്കാനുള്ള അനുവാദവും അവർക്ക് ഇതോടൊപ്പം ലഭ്യമായി. എന്നാൽ മധ്യകാലത്തോടെ തെരുവുകളിൽ യാചകരുടെ എണ്ണം പെരുകിയതിന്റെ ഫലമായി ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളും അഭയകേന്ദ്രങ്ങൾ (asylums) ആരംഭിച്ചു. യാചനയുടെ അവസ്ഥയിൽ നിന്നും വലിയ വ്യത്യാസമൊന്നും ഈ അഭയകേന്ദ്രങ്ങൾ കൊണ്ടുവന്നില്ല. 11-ാം ശ.-ത്തിൽ 'വില്യം ദി കോൺക്വറർ' തന്റെ പാപകർമങ്ങളുടെ പ്രായശ്ചിത്തമായി അന്ധർക്കുവേണ്ടി ഒരു ആശുപത്രി സ്ഥാപിച്ചു. 1260-ൽ ചക്രവർത്തി ലൂയി IX ഇത്തരമൊരു ആശുപത്രി ഫ്രാൻസിൽ സ്ഥാപിച്ചു.
എന്നാൽ ശാസ്ത്രീയമായ അടിസ്ഥാനത്തിൽ അന്ധജനക്ഷേമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടത് 18-ാം ശ.-ത്തിലാണ്. വ്യവസായ വിപ്ളവത്തോടെയാണ് കാഴ്ചയില്ലാത്തവർക്ക് പുതിയ തൊഴിൽ സാധ്യതകൾ ഉയർന്നു വന്നതും നഷ്ടപ്പെട്ടുകൊണ്ടിരുന്ന മനുഷ്യ വിഭവശേഷിയെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞതും. വ്യവസായങ്ങൾ വളർന്നപ്പോൾ ആവർത്തനസ്വഭാവമുള്ള പായ്കിങ്, തുന്നൽ, നെയ്ത്ത് തുടങ്ങിയ ജോലികളിൽ കാഴ്ചയില്ലാത്തവർക്ക് അവസരം ലഭിച്ചു തുടങ്ങി.
ലോകമഹായുദ്ധങ്ങളാണ് കാഴ്ചയില്ലാത്തവരുടെ പുനരധിവാസ പ്രക്രിയ ത്വരിതപ്പെടുത്തിയ പ്രധാന ഘടകം. യുദ്ധത്തിൽ കാഴ്ചനഷ്ടപ്പെട്ട പട്ടാളക്കാർ ലോകമനസാക്ഷിക്കുമുന്നിലെ ചോദ്യചിഹ്നങ്ങളാവുകയും, ഇവരുടെ പുനരധിവാസത്തിനുവേണ്ടി സ്ഥാപനങ്ങൾ നിലവിൽ വരികയും ചെയ്തു. അന്ധർക്ക് അഭയം നൽകുന്നതോടൊപ്പം അവരെ വിദ്യാഭ്യാസം ചെയ്യിക്കാനും കർമപരിപാടികൾ ആവിഷ്കൃതമായി. അന്ധർക്ക് എഴുതുവാനും വായിക്കുവാനും സാധിക്കുന്ന തരത്തിലുള്ള അച്ചടി സമ്പ്രദായങ്ങൾ ആവിഷ്ക്കരിക്കുവാൻ പലശ്രമങ്ങളും ഉണ്ടായി. 'അന്ധരുടെ പിതാവും മാർഗദർശിയും' എന്ന് പിൽക്കാലത്ത് പ്രശസ്തി നേടിയ വാലെന്റിൻ ഹായു ഫ്രാൻസിൽ ഒരു അന്ധവിദ്യാലയം സ്ഥാപിച്ചു (1784). അന്ധർക്ക് വായിക്കുവാൻ സാധിക്കുന്ന അക്ഷരങ്ങൾ ആദ്യമായി കടലാസിൽ മുദ്രണം ചെയ്യുന്നതിലും ഹായു വിജയിച്ചു. ഹായു വിദ്യാലയത്തിന്റെ വിജയം മറ്റു രാഷ്ട്രങ്ങളെ സ്വാധീനിച്ചു. ക്ഷേമരാഷ്ട്രങ്ങൾ മിക്കതും അന്ധവിദ്യാലയങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. ലിവർപൂൾ (1791), ലണ്ടൻ (1799), വിയന്നാ (1805), ബർലിൻ (1806) എന്നിവിടങ്ങളിൽ അന്ധവിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. റഷ്യയിലെ സാർ ചക്രവർത്തി പോൾ സെന്റ് പീറ്റേഴ്സ്ബർഗിൽ (ഇന്നത്തെ ലെനിൻഗ്രാഡ്) ഒരു അന്ധവിദ്യാലയം സ്ഥാപിച്ചു. 1808-ൽ ആംസ്റ്റർഡാമിലും (നെതർലാൻഡ്) സ്റ്റോക്ക്ഹോമിലും (സ്വീഡൻ) 1809-ൽ സൂറിച്ചിലും (സ്വീറ്റ്സർലൻഡ്) ഓരോ അന്ധവിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. 1832-ലാണ് യു.എസ്സിൽ അന്ധവിദ്യാലയങ്ങൾ ആദ്യമായി തുറക്കപ്പെട്ടത്.
അന്ധർക്ക് എഴുതുവാനും വായിക്കുവാനും ആയി ബ്രെയിൽ സമ്പ്രദായം നിലവിൽ വന്നതോടെ (1829) അന്ധജനക്ഷേമത്തിന് ഒരു പുതിയ ദിശാബോധം ലഭിച്ചു. 1837-ൽ ഇതിനു ചില പരിഷ്ക്കാരങ്ങൾ വരുത്തുകയുണ്ടായി. ബ്രെയിൽ സമ്പ്രദായത്തോട് സാദൃശ്യമുള്ള ഒരു പദ്ധതി അമേരിക്കയിൽ വില്യം ബി. വെയിറ്റ് ആവിഷ്കരിച്ചു. പിന്നീട് ജോയൽ ഡബ്ള്യു. സ്മിത്ത് ഒരു പുതിയ 'അമേരിക്കൻ ബ്രെയിൽ' രീതി കണ്ടുപിടിച്ചു. 1916, 1932, 1957 എന്നീ വർഷങ്ങളിൽ ഇതിന് വീണ്ടും പരിഷ്ക്കാരങ്ങൾ വരുത്തി. ബ്രെയിൽ സമ്പ്രദായം സുകരമാക്കുന്നതിന് 1893-ൽ ഫ്രാങ്ക് ഹാൾ ഒരു സ്റ്റീരിയോ ടൈപ്പിങ് യന്ത്രം സംവിധാനം ചെയ്തു.
അന്ധജനങ്ങൾക്കുവേണ്ടി വിദ്യാലയങ്ങൾ തുടങ്ങുന്നതിനു മുൻപ് അവർക്കു വേണ്ട ശിക്ഷണം നൽകുന്നതിന് ചില ഉപകരണങ്ങൾ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ഇതിന്റെ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് ശ്രദ്ധിച്ചിരുന്നില്ല. ബ്രെയിൽ സമ്പ്രദായം പ്രയോഗത്തിൽ വന്നതോടെ ബ്രെയിൽ സ്ളേറ്റുകൾ, ടൈപ്പ്റൈറ്ററുകൾ എന്നിവയും ഉണ്ടാക്കി.
പ്രായപൂർത്തിയായതിനുശേഷം കാഴ്ച നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് പ്രത്യേക സമായോഗ പരിശീലന പദ്ധതികൾ ഉണ്ട്. ആപൽഘട്ട പ്രവർത്തനങ്ങൾ, സഞ്ചാരശേഷി വികാസം, തൊഴിൽപഠനം, ബ്രെയിൽ പഠനം, വൊക്കേഷണനൽ ട്രെയിനിങ് തുടങ്ങിയ മേഖലകളിൽ ഇവർക്ക് സമഗ്രപരിശീലനം ലഭിക്കുന്ന പക്ഷം മുഖ്യധാരയിലേക്ക് വീണ്ടും എത്തിച്ചേരാവുന്നതേയുള്ളൂ. അന്ധവനിതകൾക്ക് ഗൃഹഭരണം പാചകം, തയ്യൽ തുടങ്ങിയവയിൽ ഊന്നൽ നൽകിക്കൊണ്ടാണ് പരിശീലനം നൽകുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ അന്ധരുടെ സ്വതന്ത്രസഞ്ചാരത്തിനായി പരിശീലനം ലഭിച്ച നായ്കളെ ഉപയോഗിക്കുന്ന രീതി നിലവിലുണ്ട്.
ലോകമെമ്പാടുമുള്ള സു. 3 കോടി 80 ലക്ഷം കാഴ്ച വൈകല്യമുള്ളവരിൽ 89 ലക്ഷവും ഇന്ത്യയിലാണ്. മിസ് ആനി ഷാർപ്പ് 1887-ൽ അമൃത്സറിൽ ഒരു അന്ധ വിദ്യാലയം സ്ഥാപിച്ചതാണ് ഇന്ത്യയിലെ അന്ധജനക്ഷേമത്തിലെ ഒരു നാഴിക കല്ല്. ഇന്ത്യയിൽ ഇന്ന് 300 അന്ധവിദ്യാലയങ്ങളിലായി 20,000 കുട്ടികൾ പഠിക്കുമ്പോൾ സംയോജിത വിദ്യാഭ്യാസ (Itergrated Education) മേഖലയിൽ രണ്ട് ലക്ഷത്തോളം കാഴ്ചവൈകല്യമുള്ള കുട്ടികൾ പഠിക്കുന്നു.
1995-ൽ പാർലമെന്റ് പാസ്സാക്കിയ വികലാംഗ നിയമം (PWD ACT) ഇന്ത്യയിലെ വികലാംഗരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നു. ഇത് പ്രകാരം സർക്കാർ ജോലികളിലും, വിദ്യാഭ്യാസസ്ഥാപനങ്ങളിലും 3 ശതമാനം സംവരണം വികലാംഗർക്കു ലഭിക്കുന്നതിൽ 1 ശതമാനം അന്ധർക്കായി മാറ്റിവച്ചിരിക്കുന്നു. ഈ നിയമം വികലാംഗർക്കുനേരെയുള്ള ഏതൊരു വിവേചനവും ശക്തമായി വിലക്കുന്നതോടൊപ്പം പൂർണമായ പങ്കാളിത്തവും തുല്യഅവസരവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളിലും വികലാംഗ കമ്മിഷണർമാരും കേന്ദ്രത്തിൽ ചീഫ് കമ്മീഷണറും വികലാംഗ നിയമം നടപ്പിലാക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. 1992ൽ നിലവിൽവന്ന ആർ.സി.ഐ. ആക്ട് അനുസരിച്ച് റീഹാബിലിറ്റേഷൻ കൌൺസിൽ ഒഫ് ഇന്ത്യ നിലവിൽ വരികയും ഇന്ത്യയിലെ വികലാംഗ ക്ഷേമരംഗത്ത് മാനവവിഭവശേഷി വികസിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്നു.
1943-ൽ ഡെറാഡൂണിൽ സർ ക്ളൂത്ത മെക്കൻസി (Sir.Clutha Mackenzie) സ്ഥാപിച്ച സെന്റ് ഡൺസ്റ്റൻസ് ഹോസ്റ്റൽ ഫോർ വാർ ബ്ളൈന്റഡ് (St.Dunstan's Hostel for War Blinded) എന്ന സ്ഥാപനം പിൽക്കാലത്ത് കേന്ദ്രഗവൺമെന്റ് ഏറ്റെടുത്ത് ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വിഷ്വലി ഹാന്റികാപ്പ്ഡ്) വികസിപ്പിച്ചു. 1948-ൽ ഇതോടനുബന്ധിച്ച് ഒരു മാതൃകാ അന്ധവിദ്യാലയവും 1951-ൽ നാഷനൽ ബ്രെയിൽ പ്രസ്സും 1954-ൽ പഠനോപകരണങ്ങൾ നിർമ്മിക്കുന്ന യന്ത്രശാലയും സ്ഥാപിച്ചു. ദേശീയ അടിസ്ഥാനത്തിൽ, ആവശ്യമായ പഠനോപകരണങ്ങളും ബ്രയിൽ പുസ്തകങ്ങളും മറ്റും തയ്യാറാക്കുന്നത് ഈ സ്ഥാപനമാണ്. പ്രായപൂർത്തിയായ അന്ധർക്കുള്ള പരിശീലനകേന്ദ്രം (Training Center for the Adult Blind) ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. അന്ധവിദ്യാലയ അധ്യാപക പരിശീലനകേന്ദ്രങ്ങൾ രാജ്യവ്യാപകമായി ഈ സ്ഥാപനം നടത്തിവരുന്നു. ഈ മേഖലയിലെ ഗവേഷണം, ദേശീയ അടിസ്ഥാനത്തിലുള്ള സെമിനാറുകൾ, പരിശീലന കോഴ്സുകൾ തുടങ്ങിയവ ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു.
സംഘടനകൾ
[തിരുത്തുക]കാഴ്ചയില്ലാത്തവരുടെ ക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ ഇന്ത്യയിലുണ്ട്. നാഷനൽ ഫെഡറേഷൻ ഒഫ് ദ് ബ്ളൈന്റ്, ന്യൂഡൽഹി; ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഒഫ് ദ് ബ്ളൈന്റ്, ഡൽഹി; നാഷനൽ അസോസിയേഷൻ ഫോർ ദ് ബ്ളൈന്റ്, മുംബൈ; ബ്ളൈന്റ് പീപ്പിൾസ് അസോസിയേഷൻ, അഹമ്മദാബാദ്; കേരളാ ഫെഡറേഷൻ ഒഫ് ദ് ബ്ളൈന്റ്, തിരുവനന്തപുരം തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.
സ്ഥാപനങ്ങൾ
[തിരുത്തുക]അന്ധരുടെ വിദ്യാഭ്യാസ-പുനരധിവാസ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ലോകപ്രശസ്തങ്ങളായ സ്ഥാപനങ്ങളാണ് അമേരിക്കൻ ഫൌണ്ടേഷൻ ഫോർ ദ് ബ്ളൈന്റ്, അമേരിക്കൻ പ്രിന്റിങ് ഹൌസ് ഫോർ ദ് ബ്ളൈന്റ്്, പെർക്കിൻസ് സ്കൂൾ ഫോർ ദ് ബ്ളൈന്റ് യു.എസ്.എ., ഇംഗ്ളണ്ടിലെ റോയൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് ബ്ളൈന്റ്, ജർമനിയിലെ ക്രിസ്റ്റഫർ ബ്ളിന്റൻ മിഷൻ തുടങ്ങിയവ. ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങൾ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് വിഷ്വലി ഹാന്റികാപ്പ്ഡ് ഡെറാഡൂൺ, ഇൻർനാഷണൽ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ - കോയമ്പത്തൂർ, ബ്ളൈന്റ് പീപ്പിൾസ് അസോസിയേഷൻ അഹമ്മദാബാദ് മുതലായവ.
സാമൂഹ്യാധിഷ്ഠിത പുനരധിവാസം (Community Based Rehabilitation).
[തിരുത്തുക]1970-കൾക്ക് ശേഷം ആഗോള തലത്തിൽ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനരധിവാസ പ്രവർത്തനങ്ങളോട് (Institution based rehabilitation) എതിർപ്പ് പ്രകടമായി തുടങ്ങി. വികസ്വര രാഷ്ട്രങ്ങളിൽ 87 ശ.മാ. വികലാംഗരും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നത്. ഇവരുടെ പുനരധിവാസം ഉറപ്പു വരുത്തുന്നതിന് അവർ ജീവിക്കുന്ന സാഹചര്യങ്ങളിൽ തന്നെ അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.
ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും കൂട്ടമായി പ്രവർത്തിച്ച് ഈ പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ട മാനവ വിഭവശേഷിയും സാമ്പത്തിക സഹായവും ഉപകരണങ്ങളും ലഭ്യമാക്കിവരുന്നു. 1985 മുതൽ ജില്ലകൾ തോറും പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു വരുന്നു.
ഈ കേന്ദ്രങ്ങളിലൂടെ വികലാംഗരുടെ രജിസ്ട്രേഷൻ നടത്തുകയും അവർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുകയും സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. നോ: അന്ധജന വിദ്യാഭ്യാസം, അന്ധത
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്ധജനക്ഷേമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |