അപായോന്മുഖത
അപായങ്ങളിൽ ചെന്നുപെടുവാൻ കാരണമാകുന്ന ഒരു മാനസിക സവിശേഷതയാണ് അപായോന്മുഖത. ചിലരിൽ ഈ സവിശേഷത താരതമ്യേന അധികമായും മിക്കവാറും സ്ഥിരമായും കാണപ്പെടുന്നു. ഒരുവന് ബോധേന്ദ്രിയങ്ങളും ശാരീരികചലനങ്ങളും തമ്മിൽ യഥാതഥമായ ബന്ധം ഇല്ലെങ്കിൽ പലപ്പോഴും അപകടമുണ്ടാകുവാൻ സാധ്യതയുണ്ട്. അപകടത്തെ അഭിമുഖീകരിക്കുമ്പോൾ സന്ദർഭത്തെ അവലോകനം ചെയ്യുകയും തദനുസരണം ശാരീരികമായി പ്രതിപ്രവർത്തനം നടത്തുകയുമാണ് പലരും ചെയ്യാറുള്ളത്. എന്നാൽ യഥായോഗ്യമായ അവലോകനം നടത്താതെ പ്രവർത്തിക്കുന്നവരിൽ അപായോൻമുഖത കൂടിയിരിക്കും. ഒരു പ്രവൃത്തിയിൽ അതിവൈദഗ്ദ്ധ്യം സമ്പാദിച്ചതുകൊണ്ട് അപകടസാധ്യത കുറഞ്ഞിരിക്കും എന്നു കരുതുവാൻ സാധ്യമല്ല. അതിവിദഗ്ദ്ധർ അമിതമായ ആത്മവിശ്വാസംമൂലം സാഹസങ്ങൾ കാട്ടുകയും തന്മൂലം അപകടത്തിൽപ്പെട്ടുപോവുകയും ചെയ്യാറുണ്ട്.
സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് ഒരുവന്റെ അപായോന്മുഖതയെ കുറയ്ക്കുന്നു. പൊരുത്തപ്പെടുവാൻ ഒരുവനെ അശക്തനാക്കുന്ന ന്യൂറോട്ടിസിസം എന്ന പേഴ്സണാലിറ്റി ഘടകം അപായോൻമുഖതയെ വർധിപ്പിക്കുന്നു. ബഹിർമുഖത പ്രകടമാക്കുന്ന ന്യൂറോട്ടിക് പ്രവണതയുള്ളവരിൽ അപായോന്മുഖതയുടെ അളവ് കൂടിയിരിക്കും എന്നതിന് എച്ച്.ജെ. ഐസങ്ക് എന്ന മനഃശാസ്ത്രജ്ഞൻ തെളിവു നല്കുന്നു. അന്തർമുഖത ഉള്ളവർ താരതമ്യേന പരിസരബോധമുള്ളവരും ശ്രദ്ധയും ഏകാഗ്രതയും കൂടുതൽ ഉള്ളവരും ആകയാൽ ഈ പ്രത്യേകത അവരിൽ കുറഞ്ഞിരിക്കും. കൂടാതെ ധാരാളംപേർ ഇഷ്ടപ്പെടുന്ന സ്വഭാവമുള്ളവരും വിശ്വസ്തരും സാമൂഹികപ്രവർത്തനത്തിൽ ഉത്സുകരും പൊതുവേ അപായോന്മുഖത കുറവുള്ളവരാണെന്ന് സമർഥിക്കപ്പെട്ടിരിക്കുന്നു. പ്രവൃത്തി ചെയ്യുന്നതിനുള്ള സാമാന്യബുദ്ധി ഉണ്ടായിരുന്നാൽ അപകടസാധ്യത കുറഞ്ഞിരിക്കുമെങ്കിലും ബുദ്ധിശക്തി കൂടുന്തോറും അപായോന്മുഖത കുറയുമെന്നു പറയുവാൻ സാധ്യമല്ല.
അപകടം സംഭവിക്കുന്നതിന് മുഖ്യകാരണമായി അപായോന്മുഖത കഴിഞ്ഞ കാലങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നു. 20 ശതമാനം മുതൽ 40 ശതമാനം വരെ മാത്രമേ ഇതു കാരണമാകുന്നുള്ളു എന്നാണ് ആധുനികഗവേഷകരുടെ നിഗമനം. പാരമ്പര്യം , പ്രായാധിക്യം, വൈദഗ്ദ്ധ്യക്കുറവ്, ക്ഷീണം, മാനസികക്ലേശം,മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം, രോഗം, കാഴ്ചക്കുറവു, കേഴ്വിക്കുറവു, ശരീര വൈകല്യങ്ങൾ , ജോലിസ്ഥലത്തെ അസൌകര്യങ്ങൾ എന്നിവ അപകടസാധ്യത വർധിപ്പിക്കുന്ന മറ്റു ഘടകങ്ങളാകുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപായോന്മുഖത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |