അബാബ്കോ (ചോപ്‍ടാങ്ക്) വർഗ്ഗം
Regions with significant populations | |
---|---|
Eastern Shore of Maryland | |
Languages | |
Nanticoke | |
Religion | |
Native religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Nanticoke, Delaware |
അമേരിക്കൻ ഐക്യനാടുകളിലെ ചെസാപീക് ഉൾക്കടലിൽ (Chesapeake Bay) പതിക്കുന്ന ചോപ്റ്റാങ്ക് നദിയ്ക്കു സമീപം മേരിലാൻറിൻറെ കിഴക്കൻ തീരങ്ങളിൽ ഡെൽമാർവ (Delmarva) ഉപദ്വീപിൽ അധിവസിച്ചിരുന്ന തദ്ദേശീയ ഇന്ത്യൻ വർഗ്ഗമായിരുന്നു അബാബ്കോ. ലോവർ ചോപ്‍ടാങ്ക് നദീതടത്തിനു സമാന്തരമായുള്ള പ്രദേശമായിരുന്നു പ്രധാന അധിവാസമേഖല.[1] ഈ അധിവാസ മേഖലയിൽ ഇന്നത്തെ ടാൽബട്ട് (Talbot), ഡോർച്ചെസ്റ്റർ (Dorchester), കരോലിൻ (Caroline) കൌണ്ടികളും ഉൾപ്പെട്ടിരുന്നു.[2] ഇവർ ചോപ്‍ടാങ്ക് ഇന്ത്യൻസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. കിഴക്കൻ അൽഗോങ്കിയൻ ഉപഗോത്രമായിരുന്നു ഇവരെന്നാന്നാണ് വിശ്വസിക്കപ്പെടുന്നത്. 1765 ൽ പ്രസിദ്ധീകരിക്കപ്പെട്ട തോമസ് ബേകണ് (Thomas Bacon) തൻറെ "ലാസ് ഓഫ് മേരിലാൻറ്" (Laws of Maryland) എന്ന് പുസ്തകത്തിലാണ് ഇവരെപ്പറ്റി ആദ്യപരാമർശനമുണ്ടാകുന്നത്.
ഇവർ ചോപ്റ്റാങ്ക് വർഗ്ഗത്തിൻറെ ഒരു ഉപവിഭാഗമായി ചില ചരിത്രകാരന്മാർ കണക്കുകൂട്ടുന്നു. ചോപ്റ്റോങ്ക് വംശത്തിൽ അബാബ്കോ, ഹുട്സാവാപ് (Hutsawap), ടെക്വാസിമോ (Tequassimo) എന്നിങ്ങനെ മൂന്ന് അവാന്തരവിഭാഗങ്ങളുണ്ടായിരുന്നുവെന്നാണ് ഇവരുടെ മതം. 1600 കളിലെ ജോൺ സ്മിത്തിൻറെ ചെസാപീക്ക് ഉൾക്കടൽ മേഖലയിലെ (Chesapeake) പര്യവേക്ഷണ രേഖകളിൽ ഈ വർഗ്ഗത്തെക്കുറിച്ച് പരാമർശിക്കപ്പെട്ടിട്ടില്ല. 1837 ആയപ്പോഴേയ്ക്കും ഈ വർഗ്ഗം ഒന്നാകെ അംഗബലം ക്ഷയിച്ച് ഏതാനും ചില വ്യക്തികൾ മാത്രം ബാക്കിയായി. ഇവർതന്നെ യഥാർത്ഥ അബാബ്കോകൾ മറ്റ് ഇന്ത്യൻ ഗോത്രങ്ങളുമായും ആഫ്രിക്കൻ വംശജരുമായി ലയിച്ചുള്ള മിശ്രവംശമായിരുന്നു.
അലോങ്കിയൻ ഭാക്ഷ സംസാരിച്ചിരുന്ന ചോപ്‍റ്റോക് ഇന്ത്യൻസ് സ്വതന്ത്രവർഗ്ഗമായിരുന്നുവെങ്കിലും സാസ്ക്കാരികമായും ഭാഷാപരമായും ഇവർ തൊട്ടു തെക്കുള്ള വിശാല പാരമൌണ്ട് ചീഫ്ഡമായ നാൻറികോക്ക് വംശത്തോട് ബന്ധപ്പെട്ടിരുന്നു. കിഴക്കൻ തീരങ്ങളിൽ ഇവർക്കായിരുന്നു പ്രാമുഖ്യം.[3] ഇംഗ്ളീഷ് കുടിയേറ്റക്കാരുടെ ആഗമനത്തോടെ ഗോത്രങ്ങളുടെ ചരിത്രം വിവിധ പാതകളിലേയ്ക്കു വഴിതിരിഞ്ഞുപോയി. ചൊപ്റ്റ്ങ്ക് വർഗ്ഗക്കാർ യൂറോപ്യൻ അധിനിവേശകരുമായി നല്ല ബന്ധത്തിലായിരുന്നു. വിജാതീയ വിവാഹബന്ധങ്ങളിലൂടെയും മറ്റും ഇവരിൽ ഏതാനുംപേർ മുഖ്യധാരാ സമൂഹത്തിലെത്തിച്ചേർന്നു. ഏതാനും പിൻതുടർച്ചക്കാർ നിലനിന്നുവെങ്കിലും മറ്റനേകം ചെറിയ ഗോത്രവർഗ്ഗങ്ങളെപ്പോലെ ഒരു പ്രത്യേക സമൂഹമായി നിലനില്ക്കാനുള്ള ശ്രമം അവർ എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ചു. ചോപ്ടാങ്ക്, മെരിലാൻറ്, ചോപ്റ്റാങ്ക് മിൽസ്, ഡിലാവെയർ എന്നീ പേരുകൾ നദിയുടെ പേരിൽ നിന്നാണുത്ഭവിച്ചത്.[4]
ചരിത്രം
[തിരുത്തുക]ആദ്യകാല വെള്ളക്കാരായ കുടിയേറ്റക്കാർ എത്തിയ കാലത്ത് ഒരു ചൊപ്റ്റാങ്ക് ഇന്ത്യൻ ഗോത്രത്തലവൻറെ പേരായിരുന്നു യഥാര്ത്ഥത്തിൽ അബാബ്കോ എന്ന നാമം. സാൻറി ഹിൽ പോയിന്റ് (കേംബ്രിഡ്ജിന് പടിഞ്ഞാറ്) മുതൽ എൽ ഡോൺ (ഇന്നത്തെ ബോണ്ണി ബ്രൂക്ക്) വരെ, ഇന്നത്തെ കേംബ്രിഡ്ജ് ഉൾപ്പെടെയുള്ള പ്രദേശത്തായിരുന്നു അദ്ദേഹവും ജനങ്ങളും അധിവസിച്ചിരുന്നത്. ഈ പ്രദേശം 40 മാച്ച് കോട്ടുകൾക്കു (ഒറ്റ വൂളൻ ബ്ലാങ്കറ്റ് ഉപയോഗിച്ചു നിർമ്മിക്കുന്നതും ശരീരം മൂടിപ്പൊതിയുന്ന ഒറ്റവസ്ത്രം) പകരമായി ഇംഗ്ലീഷുകാർ ഇവരിൽ നിന്നു കൈവശപ്പെടുത്തി. ആദ്യകാല കുടിയേറ്റക്കാർ ഈ വർഗ്ഗത്തിൻറെ രാജാവിൻറെ പേര് വർഗ്ഗത്തെ മുഴുവനായി സൂചിപ്പിക്കുവാൻ ഉപയോഗിച്ചുവന്നു. അതോടൊപ്പം അവരുടെ വില്ലേജ് “കിങ്ങ് അബാബ്കോസ് ടൌൺ” എന്നും അറിയപ്പെട്ടു. ചോപ്‍ടാങ്ക് ഇന്ത്യൻസ് എന്ന പേരിലും ഈ വർഗ്ഗം അറിയപ്പെട്ടു. ചോപ്‍ടാങ്ക് എന്ന വാക്ക് നാൻറികോക്ക ഭാക്ഷയിലെ "tshapetank" നിന്ന് ഉടലെടുത്തതാണ്. ഇതിനർത്ഥം "a stream that separates"[5] അഥവാ "place of big current" എന്നൊക്കെയാണ്.[6]
വെള്ളക്കാർ എത്തിയതിനു ശേഷം അബാബ്കോകൾ ഏകദേശം 1600 പേരായി ചുരുങ്ങി. 1669 ലും 1671 ലുമായി, ചോപ്റ്റാങ്ക്സ്, ഹറ്റ്സാവാപ്, ടെക്വിസ്സിനോ ചീഫുകൾക്കൊപ്പം ചേർന്ന് അബാബ്കോ വർഗ്ഗക്കാർ കുടിയേറ്റക്കാരുമായി ആദ്യ സമാധാനഉടമ്പടിയുണ്ടാക്കുകയും ചൊപ്റ്റാങ്ക് റിസർവ്വേഷൻ (McCallister) ഈ വർഗ്ഗങ്ങൾക്കായി മാത്രം നീക്കിവയ്ക്കുവാൻ ഈ സമാധാന ഉടമ്പടി ഒപ്പുവച്ചതിലൂടെ സാധിച്ചു.
1676 ൽ ഹറ്റ്സാവാപ്, ടെക്വിസ്സിനോ ഗോത്രങ്ങളോടൊപ്പം ചേർന്ന് ചീഫ് അബാബ്കോ, ഇംഗ്ലീഷുകാരുടെയു നാൻറികോക്ക് ‘രാജാവ്’ “ഉന്നകോകാസിമ്മോണും” ഇടയില് ഒരു മധ്യസ്ഥൻ ആയി പ്രവർത്തിച്ചു. 1669 ലെ സമാധാന ഉടമ്പടിയുടെ കാലത്ത് ഡിലാവെയർ”(മിൻക്വാസ്) വർഗ്ഗക്കാർ അവശിഷ്ട “വിക്കാമിസ്സെസ്” (Wickamisses) വർഗ്ഗവുമായി സഖ്യം ചെയ്ത് ചോപ്ടാങ്ക് വർഗ്ഗക്കാരെ ഉപദ്രവിച്ചിരുന്നു. എന്നിരുന്നാലും അബാബ്ക്കോ വർഗ്ഗക്കാരുടെ പ്രധാന ശത്രുക്കൾ സെനെക്കാസ് (Senecas) (വടക്കൻഇന്ത്യൻസ്) ആയിരുന്നു. സെനെക്കാസ് വർഗ്ഗക്കാർ ചോപ്റ്റാങ്കുകളെ തടവുകരായി പിടിച്ചിരുന്നു. 1683 ൽ ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥതയില് ആകെയുള്ള തടവുകാരിൽ നിന്ന് 14 ചോപ്ടാങ്ക് തടവുകാർ വിട്ടയയ്ക്കപ്പെട്ടു. വിട്ടയയ്ക്കപ്പെട്ടവരിൽ അബാബ്കോ രാജാവിൻറെ പുത്രിയും ഉൾപ്പെട്ടിരുന്നു.
1681 ൽ ചീഫ് അബാബ്കോ, നാൻറികോക്കുകളോട് ഇംഗ്ലീഷുകാർക്കെതിരെ തങ്ങളോടൊപ്പം അണി ചേരുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന നിരസിക്കപ്പെട്ടു. അബാബ്കോ ചീഫിൻറെ മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പുത്രൻ നെറ്റ്ഗുഘ്‍വൌഗ്ടോൺ (Netgughwoughton) ചീഫ് ടെക്വിസ്സിനോയോടൊപ്പം നാൻറികോക്സിൻറെ രാജാവിനെ തെരഞ്ഞെടുക്കുന്നതിനോടനുബന്ധിച്ച് ഇംഗ്ലീഷുകാരുടെ ഉപദേശം ആരാഞ്ഞു.
1701 ൽ അവരുടെ ചീഫ് വിനികോകോ (Winicaco) ആയിരുന്നു. 1702 ൽ അദ്ദേഹത്തിൻറെ മരണശേഷം ജനങ്ങൾ റിസർവ്വേഷൻറെ പരിധിയ്ക്കുള്ളിലെ ജീവിതത്തിൽ അസംതൃപ്തരായിത്തീർന്നു. ജനങ്ങളിൽ കുറച്ചുപേർ വിശാലായതും വേട്ടയാടാൻ പറ്റിയ ഭൂമിയുള്ളതും ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ ഉപദ്രവം കുറവുള്ളതുമായ ഉൾവനങ്ങളിലേയ്ക്ക് സഞ്ചരിച്ചു.
ചോപ്ടാങ്കുകൾ അവർക്കു നീക്കിവച്ച റിസർവേഷൻറെയുള്ളിൽ അധിവസിക്കാനാരംഭിച്ചതോടെ അവരുടെയിടെയിലെ വിവിധ ഗോത്രങ്ങളിൽ നിലനിന്നരുന്ന വർഗ്ഗഭേദ ചിന്ത അപ്രത്യക്ഷമായി. ടെക്വിസിനോകളെ പ്രത്യേക വർഗ്ഗമായി പരാമർശിച്ചിരുന്നത് അവസാനിച്ചു. ഹറ്റ്സാവാപ് എന്ന വിഭാഗത്തെക്കുറിച്ച് 1727 നു ശേഷം പരാമർശനം വന്നതേയില്ല. 1726 ലെ ഒരു നിയമപ്രമാണം അനുസരിച്ച് അബാബ്കോകളും ഹറ്റ്സ്‍വാപ്പുകളും യോജിച്ച് "the 2 nations" എന്നു വിശേഷിപ്പിക്കപ്പെട്ടു. ചീഫ് വിനികാകോയുടെ മരണത്തിനു ശേഷം മകൾ ബെറ്റ് കാകോ (Betty Cacoe) രാജ്ഞിയായി തെരഞ്ഞെടുക്കപ്പെട്ടു. 1722 ലെ പ്രമാണങ്ങളിൽ അവരുടെ പേര് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 1727 വരെ അവർ ഈ വർഗ്ഗത്തിൻറെ രാജ്ഞിയായി തുടർന്നു. നിർഭാഗ്യവശാൽ ചോപ്ടാങ്ക് ഇന്ത്യൻ റിസർവേഷനിലെ ബാക്കിയുള്ള ഏതാനും പ്രദേശങ്ങളൊഴികെ, ഭൂരിപക്ഷം ഭൂമിയും കുടിയേറ്റക്കാർക്കു കൈമാറിയ ഭരണാധികാരിയായി അവർ ഓർമ്മിക്കപ്പെടുന്നു. റിസർവേഷൻ കൈമാറ്റം ചെയ്യപ്പെട്ടതിനു ശേഷം കുടിയേറ്റക്കാർ കുത്സിത മാർഗ്ഗങ്ങളിലൂടെ റിസർവ്വഷൻ ഭൂമിയുടെ അവകാശികളായിത്തീർന്നു. 14 പ്രത്യേകം പ്രത്യേകമായുള്ള പ്രമാണങ്ങളിലൂടെ 1692 നും 1720 നുമിടയ്ക്കുള്ള കാലഘട്ടത്തിൽ കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലായിത്തീർന്നു. 1719 ൽ ടോംബിഷപ്പ് എന്ന ഇന്ത്യൻ വർഗ്ഗക്കാരൻ, തങ്ങളുടെ അധീനതയിലുള്ള ഭൂമി ഇംഗ്ലീഷ് കുടിയേറ്റക്കാർ കയ്യേറുന്നതിനെക്കുറിച്ച് ചോപ്ടാങ്ക് ഇന്ത്യൻസിനു വേണ്ടി, മേരിലാൻറ് അസംബ്ലിയൽ ഒരു പരാതി സമർപ്പിച്ചിരുന്നു. യൂറോപ്യൻ കുടിയേറ്റക്കാർ ഇറക്കുമതി ചെയ്ത സാംക്രമിക രോഗങ്ങളോട് തീരെ പ്രതിരോധശേഷിയില്ലാത്തതിനാൽ ചോപ്ടാങ്ക് ഇന്ത്യൻസിൻറെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞു. ഭൂമി കുറഞ്ഞു വന്നതും ജീവസന്ധാരണ മാർഗ്ഗങ്ങൾ അടഞ്ഞതും യൂറോപ്യന്മാരുടെ സമ്മാനമായ ക്ഷയം, വസൂരി, രതിജന്യരോഗങ്ങൾ എന്നിവയാലും ഈ വർഗ്ഗക്കാരിലെ ഭൂരിപക്ഷവും മരണമടഞ്ഞു.
അവരുടെ ഉപഗോത്രമായിരുന്ന നാൻറികോക്ക്സും ചോപ്ടാങ്കുകളിൽപ്പെട്ട ഏതാനു പേരും 1744 ൽ വടക്കൻ മേഖലയിലേയ്ക്ക് പോയി. കുറച്ചു പേർ റിസർവ്വേഷനിൽത്തന്നെ തുടരുകയും ചെയ്തു. 1792 ൽ വില്ലയം വാൻസ് മുറേ തൻറെ ഗോത്രവർഗ്ഗപഠനത്തെക്കുറിച്ചുള്ള ചില പ്രബന്ധങ്ങൾ തോമസി ജാഫേർസനു സമർപ്പിച്ചിരുന്നു. ഇതിൽ ചോപ്ടോങ്ക് വർഗ്ഗം വെറും 9 പേർ മാത്രമുള്ള സംഘമായി ചുരുങ്ങിയ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇവർ സെഡർ മരത്തൊലികൾ കൊണ്ട് മേഞ്ഞ നാല് പഴയ വിഗ്‍വാമുകളിൽ (റ്റീപ്പീ, കുടിൽ എന്നിവ) കഴിയുന്നതായി പറഞ്ഞിരുന്നു. ഇവരെ നയിച്ചിരുന്നത് രാജ്ഞി മേരി മൾബറിയായിരുന്നു. 1801 ൽ മേരി മൾബറി മരണമടയുകയും അവരുടെ അധീനതയിലുണ്ടായിരുന്ന 20 ഏക്കറോളം ഭൂമി സംസ്ഥാനത്തിൻറെ അധീനതയിലാകുകയും ചെയ്തു. 1856 ലെ ഒരു മേരിലാൻറ് ആക്ടിൽ ചോപ്ടാങ്കുകളുടെ ഭൂമി, അവർ ഒരു വർഗ്ഗമായി നിലവിലില്ലാത്തതിനാൽ ഒരു പാഴ്നിലമായി പരിഗണിച്ച് പഴയ പ്രമാണം റദ്ദാക്കി ഭൂമി സംസ്ഥാനത്തോടു ചേർത്തതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഭാഷ
[തിരുത്തുക]ഈ വർഗ്ഗക്കാർ കിഴക്കൻ അലോങ്കിയൻ ഭാഷാ കുടുംബത്തിൽപ്പെട്ട "നാൻറികോക്ക്" ഭാഷയാണ് സംസാരിച്ചിരുന്നുത്. ഈ ഭാഷ ഡിലാവെയർ ഭാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.[7][8]
അവലംബം
[തിരുത്തുക]- ↑ "Choptank River Basin" Archived 2011-04-20 at the Wayback Machine., Dept of Natural Resources, Maryland, accessed 18 Mar 2010
- ↑ Wayne E. Clark, "Indians in Maryland, an Overview", Maryland Online Encyclopedia', 2004-2005, accessed 18 Mar 2010
- ↑ Wayne E. Clark, "Indians in Maryland, an Overview", Maryland Online Encyclopedia', 2004-2005, accessed 18 Mar 2010
- ↑ "Placenames - Choptank Mills, Kent County, Delaware, U.S.A." Archived from the original on 2009-09-09. Retrieved 2017-01-03.
- ↑ Terry Plowman, "Native Americans of Delmarva" Archived 2013-11-03 at the Wayback Machine., Delmarva Millennium, Vol. 1, 1999, accessed 18 Mar 2010
- ↑ Choptank River Basin Archived 2011-04-20 at the Wayback Machine., Dept of Natural Resources, Maryland, accessed 18 Mar 2010
- ↑ Nanticoke Language, Native Languages of the Americas, accessed 18 Mar 2010
- ↑ Nanticoke Tribe, Native Languages of the Americas, accessed 18 Mar 2010