അബുൽ ഫിദ
മരണം | 732 AH (1331–1332) |
---|---|
കാലഘട്ടം | Medieval era |
പ്രദേശം | Damascus scholar |
സ്വാധീനിച്ചവർ |
അറബ് ചരിത്രപണ്ഡിതനും ഭൂമിശാസ്ത്രകാരനുമായിരുന്നു അബുൽ ഫിദ (അറബി: أبو الفداء). പൂർണമായ പേര് അബുൽ ഫിദ ഇസ്മായിൽ ഇബ്നു അലി എന്നാണ്. 1273 നവംബറിൽ ദമാസ്കസിൽ ജനിച്ചു. ഈജിപ്തിലെ സുൽത്താനായിരുന്ന സലാഡിന്റെ (സലാഹുദ്ദീൻ യൂസഫ് ഇബ്നു അയൂബ് 1137-93) വംശജനായിരുന്നു ഇദ്ദേഹം. അബുൽഫിദ ചെറുപ്പത്തിൽതന്നെ വിദ്യാഭ്യാസം പൂർണമാക്കി. 12-ആമത്തെ വയസ്സിൽ മർക്കാബ് ഉപരോധ (1285)ത്തിൽ പങ്കെടുത്തു. കുരിശുയുദ്ധക്കാർക്കെതിരായുള്ള മികച്ച സേവനത്തിന് പാരിതോഷികമായി 1310-ൽ ഈജിപ്തിലെ മംലൂക്ക് സുൽത്താനായ നാസിർമുഹമ്മദ് ഇദ്ദേഹത്തെ ഹമായിലെ ഗവർണറായി നിയമിച്ചു. ഭരണ നൈപുണ്യം കാരണം ഉദ്യോഗത്തിൽ പടിപടിയായി ഉയർന്നു. 1320-ൽ സുൽത്താൻ എന്ന പദവിയും മാലിക്കുൽ മുഅയ്യദ് എന്ന ബിരുദവും ഇദ്ദേഹത്തിനു നൽകപ്പെട്ടു.
ഭരണനിർവഹണത്തിനിടയിലായിരുന്നു അബുൽഫിദ തനിക്കേറ്റവും ഇഷ്ടപ്പെട്ട വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. അബുൽഫിദയുടെ എണ്ണപ്പെട്ട കൃതികൾ മുഖ്തസർ താരിഖ് അൽ ബഷർ (മനുഷ്യവർഗത്തിന്റെ സംക്ഷിപ്ത ചരിത്രം), തഖ്വീൻ അൽ ബുൽദാൻ (രാജ്യങ്ങളുടെ യഥാർഥ വിവരണം) എന്നിവയാണ്. മുഖ്തസർ മനുഷ്യവർഗത്തിന്റെ ഉദ്ഭവം മുതൽ 1329 വരെയുള്ള ചരിത്രമാണ് പ്രതിപാദിക്കുന്നത്. ഇതിന്റെ ആദ്യഭാഗങ്ങൾ ചരിത്രകഥകളുടെ നൂലാമാലകളിൽ കുടുങ്ങിക്കിടക്കുകയാണെങ്കിലും ഇതുൾക്കൊള്ളുന്ന സമകാലീനചരിത്രം ഏറ്റവും ആധികാരികമായി ഗണിക്കപ്പെടുന്നു. കുരിശുയുദ്ധത്തെക്കുറിച്ച് ഇതിൽ വിവരിച്ചിരിക്കുന്ന ഭാഗം, ചരിത്രകാരന്മാർ ഉദ്ധരിക്കാറുണ്ട്. തഖ്വീൻ അൽ ബുൽദാൻ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള മധ്യകാലവിജ്ഞാനത്തിന്റെ ഒരു ഭാണ്ഡാഗാരമാണ്. ഭൂപ്രകൃതിയെ സംബന്ധിച്ചുള്ള പൊതുവിവരണത്തിനുശേഷം ഭൂമിയുടെ 28 വിഭാഗങ്ങളുടെ വിശദവിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അക്കാലത്തെ ഏറ്റവും പ്രഗല്ഭ ഭൂമിശാസ്ത്രകാരനുമായിരുന്ന അബുൽ ഫിദ, 1331 |ഒക്ടോബറിൽ ഹാമായിൽ (പശ്ചിമ സിറിയയിലെ ഒരു നഗരം) വച്ച് അന്തരിച്ചു.
അവലംബം
[തിരുത്തുക]- http://knolik.com/article0003163.html
- http://chestofbooks.com/reference/American-Cyclopaedia-V1/Ismail-Ibn-Ali-Abulfeda.html
- http://www.sccs.swarthmore.edu/users/08/ajb/tmve/wiki100k/docs/Abu_al-Fida.html Archived 2011-10-13 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബുൽ ഫിദ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |