Jump to content

അബൂസുഫ്‌യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബു സുഫ്യാൻ ഇബ്നു ഹർബ്
صخر بن حرب
ജനനം
സഖർ ഇബ്നു ഹർബ് ഇബ്നു ഉമയ്യ

c. CE
മരണംc. 653(653-00-00) (പ്രായം 87–88)
അന്ത്യ വിശ്രമംഅൽ-ബാഖി സെമിത്തേരി, മദീന
തൊഴിൽഖുറൈഷ് ഗോത്രത്തിന്റെ പ്രധാന നേതാവ്
കാലഘട്ടം624–630
ജീവിതപങ്കാളി(കൾ)
കുട്ടികൾ
  • Sons
  • Daughters
മാതാപിതാക്ക(ൾ)
ബന്ധുക്കൾമുഹമ്മദ് (മരുമകൻ)
Military career
യുദ്ധങ്ങൾ

ആദ്യകാലത്ത് ഇസ്ലാമിന്റെ കടുത്ത ശത്രുവും പില്ക്കാലത്ത് ഉറച്ച അനുയായിയും ആയിത്തീർന്ന വീരപുരുഷനായിരുന്നു അബൂ സുഫ്‌യാർ. മക്കയിൽ ഒരു ധനികകുടുംബത്തിലാണ് ജനനം (564). ഖുറൈഷിവംശജനായ ഹർബാണ് പിതാവ്. ഇസ്ലാംമതപ്രവാചകനായ മുഹമ്മദുനബിയെക്കാൾ ഏഴു വയസ്സ് കൂടുതലുണ്ടായിരുന്നു അബൂ സുഫ്യാന്. ഇദ്ദേഹം പലപ്പോഴും മക്കയിലെ സാർഥവാഹകസംഘത്തിന്റെ നായകൻ ആയിരുന്നു. മുസ്ലീങ്ങളും അമുസ്ലീങ്ങളും തമ്മിലുണ്ടായ ബദർ യുദ്ധത്തിൽ ഭാഗഭാക്കായി. യുദ്ധത്തിൽ അമുസ്ലീം പക്ഷത്തായിരുന്ന ഇദ്ദേഹത്തിന് കടുത്ത നഷ്ടം ഉണ്ടായി. മൂത്തമകൻ ഹൻസല വധിക്കപ്പെട്ടു. മറ്റൊരു മകൻ തടവുകാരനാക്കപ്പെട്ടു. തടവുകാരനാക്കപ്പെട്ട ഒരു മുസ്ലീമിനെ പകരം നല്കി ഈ മകനെ അദ്ദേഹം മോചിപ്പിച്ചു. മറ്റൊരു മുസ്ലീം-അമുസ്ലീം യുദ്ധക്കളമായിരുന്ന ഉഹ്ദിൽ നേതൃത്വം വഹിച്ച അബൂ സുഫ്യാനും കൂട്ടുകാർക്കും വിജയമുണ്ടായി. എങ്കിലും ഈ താത്കാലിക വിജയത്തെതുടർന്നുണ്ടായത് പരാജയമായിരുന്നു. അതുകൊണ്ട് യുദ്ധനടപടികളിൽനിന്ന് ഇദ്ദേഹം പിൻമാറി. ബക്കർ, കുസാത് എന്നീ ഗോത്രങ്ങൾ തമ്മിലുണ്ടായ ഉരസലിൽ ഹുദൈബിയ സമാധാനസന്ധി ലംഘിക്കപ്പെട്ടു. ഇതിനെ തുടർന്ന് സന്ധി പുനഃസ്ഥാപിക്കുവാൻ അബൂ സുഫ്യാൻ മദീനയിൽ ചെന്ന് നബിയെ കാണാൻ ശ്രമിച്ചു. നബിയുടെ സഹധർമിണിമാരിൽ ഒരാളായ ഉമ്മുഹബീബ ഇദ്ദേഹത്തിന്റെ മകളാണ്. പക്ഷേ, ഉമ്മുഹബീബയും നബിയും ഇദ്ദേഹത്തെ അവഗണിച്ചുവെന്നാണ് പറയപ്പെടുന്നത്.

നബി പരിവാരസമേതം മക്കയിലേക്കു പുറപ്പെട്ടു. പ്രവാചകന്റെ അനുശാസനപ്രകാരം ഇങ്ങനെ വിളംബരം ചെയ്യപ്പെട്ടു: ആരെങ്കിലും അബൂ സുഫ്യാന്റെ വീട്ടിൽ പ്രവേശിക്കുകയാണെങ്കിൽ അവർക്ക് ആരേയും ഭയപ്പെടേണ്ടതില്ല. കൂടാതെ വീടുകൾക്കുള്ളിൽ ഇരിക്കുന്നവരും കഅറ്ബയുടെ പരിസരത്ത് സമ്മേളിക്കുന്നവരും നിർഭയരായിരിക്കും.

മക്കാവിജയത്തെ തുടർന്ന് അബൂ സുഫ്യാൻ ഇസ്ലാംമതം സ്വീകരിച്ചു. 88-ആമത്തെ വയസ്സിൽ (652-ൽ) ഇദ്ദേഹം അന്തരിച്ചു. ഉമയ്യാ ഭരണകൂടത്തിന്റെ സ്ഥാപകൻ മൂആവിയ ഇദ്ദേഹത്തിന്റെ മകനാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബൂസുഫ്‌യാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബൂസുഫ്‌യാൻ&oldid=3826373" എന്ന താളിൽനിന്ന് ശേഖരിച്ചത്