Jump to content

അബ്ദുല്ല ഇബ്‌നു ആമീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഹമ്മദ്നബിയുടെ ഒരു പ്രമുഖ ശിഷ്യനായിരുന്നു ‍അബ്ദുല്ല ഇബ്‌നു ആമിർ(Arabic:عبدالله بن عامر ). ധാരാളം സമ്പത്തും സന്താനങ്ങളും ഉണ്ടായിരുന്ന ഖുറൈഷിവംശജനായ ഇദ്ദേഹത്തിന് നബിയുമായി അടുത്ത രൂപസാദൃശ്യമുണ്ടായിരുന്നതിനാൽ പ്രവാചകൻ ഇദ്ദേഹത്തെ നമ്മുടെ ദത്തുപുത്രൻ എന്നു വിളിക്കാറുണ്ടായിരുന്നു. ആമിർ യുദ്ധനിപുണനും അതിബുദ്ധിമാനും ആയിരുന്നു. മൂന്നാം ഖലീഫാ ഉസ്മാൻ ഇദ്ദേഹത്തെ ബസറയിലെ ഭരണനേതാവായി നിയമിച്ചു. എ.ഡി. 608-ൽ ഉമ്മാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ സൈന്യത്തിന്റെ നിയന്ത്രണവും ഇദ്ദേഹത്തിനു നൽകി. ഇക്കാലത്തെ ഖുറാസാൻ, പേർഷ്യയുടെ ചില ഭാഗങ്ങൾ, ഫൈസാബൂർ എന്നീ രാജ്യങ്ങൾ ഇദ്ദേഹം കീഴടക്കുകയുണ്ടായി. യസ്ദജിർദു എന്ന കിസ്രാ ചക്രവർത്തിയെ വധിച്ച് പേർഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് നാന്ദി കുറിച്ചത് ഇബ്നു ആമിറാണ്.

ചില കാരണങ്ങളാൽ ഉസ്മാൻ ഇദ്ദേഹത്തെ ഭരണാധികാരിസ്ഥാനത്തുനിന്ന് ഒഴിവാക്കിയെങ്കിലും ഖലീഫ മൂആവിയയുടെ കാലത്ത് ഇദ്ദേഹം വീണ്ടും ബസറയിലെ ഭരണാധികാരിയായി നിയമിക്കപ്പെട്ടു. ഈ അവസരത്തിലാണ് പേർഷ്യ മുതൽ അഫ്ഗാനിസ്താൻ വരെയുള്ള രാജ്യങ്ങൾ ഇദ്ദേഹം ഇസ്ലാമിന്റെ അധീനതയിൽ ആക്കിയത്. ബസറയുടെയും ഹിജാസിന്റെയും ഇടയിൽ തോടുകൾ നിർമിച്ച് ധാരാളം സ്ഥലങ്ങൾ കൃഷിയോഗ്യമാക്കിയത് ഇബ്നു ആമിറാണ്. ഖവാരിജുകൾ തുടങ്ങിയ വിദ്രോഹശക്തികൾ രാജ്യത്ത് ആവിർഭവിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് ഭരണാധികാരം നഷ്ടപ്പെടുവാൻ ഇടയായി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുല്ല ഇബ്നു ആമിർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുല്ല_ഇബ്‌നു_ആമീർ&oldid=3528741" എന്ന താളിൽനിന്ന് ശേഖരിച്ചത്