Jump to content

അബ്ദുൽ സത്താർ സേട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയിലെ ആദ്യ ശബ്ദ ചിത്രം,ബാലൻ. റിലീസ് ചെയ്തത് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ സെലക്റ്റ് ടാക്കീസിലാണ്. കേരളത്തിലെ ആദ്യ റിലീസ് ആയിരുന്നു അത്. 1938 ജനുവരി 19ന് ആയിരുന്നു ആ ചരിത്രം സൃഷ്ടിച്ച പ്രദർശനം. കൊച്ചീക്കാരനായ അബ്ദുൽ സത്താർ സേട്ട് ആയിരുന്നു ആദ്യമായി ശബ്ദ ചിത്രം കൊച്ചിയിൽ കൊണ്ട് വന്നത്. അതിനും വളരെ മുൻപ് തന്നെ അദ്ദേഹം സിനിമാ പ്രദർശന രംഗത്ത് സജീവമായിരുന്നു. സഞ്ചരിക്കുന്ന കൊട്ടകകളായ ടൂറിംഗ് ടാക്കീസുമായി മലയാളികളെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. പിന്നീട് കൊച്ചിയിൽ ഒരു സ്ഥിരം പ്രദർശന ശാല സ്ഥാപിച്ചതും അദ്ദേഹമാണ്. "പാരമൌണ്ട്" എന്ന പേരിൽ അദ്ദ്ദേഹം സ്ഥാപിച്ച തിയേറ്റർ പിന്നീട് "സെലക്റ്റ്", "റോയൽ" എന്നീ പേരുകളിൽ കുറേക്കാലം വരെ നിലനിന്നിരുന്നു.

കൊച്ചിയിലെ കഛ്ഛീ മേമൺ സമുദായംഗമായ സത്താർ സേട്ട് , ടി.കെ.പരീക്കുട്ടിയുടെയും മുൻഗാമി ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യത്തെ മുസ്ലിമും അദ്ദേഹം ആയിരുന്നു.വളരെ യാഥാസ്ഥിതികരായ കഛീ മേമൺ സമുദായം അദ്ദേഹത്തിൻറെ സിനിമാ ബന്ധത്തെ ശക്തമായി എതിർക്കുകയും അദ്ദേഹത്തോട് ആ മേഖലയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ൦ ആ ആവശ്യം നിരസിച്ചതോടെ അവർ അദ്ദേഹത്തെ ബഹിഷ്ക്കരിക്കുകയും ചെയ്തു. ഈ ബഹിഷ്ക്കരണം മറി കടക്കാൻ അദ്ദേഹം ആ സമുദായ അംഗംങ്ങളെ സൌജന്യമായി സിനിമാ കാണാൻ ക്ഷണിച്ചു. ചിലർ രഹസ്യമായി സിനിമാ കാണാൻ ചെന്നു. ഇത് നേതാക്കന്മാരെ പ്രകോപിപ്പിച്ചു. അന്ന് കഛീ മേമൺ സമുദായത്തിൽ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവർ വളരെ കുറവേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ഒരാളായിരുന്നു സത്താർ സേട്ട്. ഒരിക്കൽ ബ്രിട്ടീഷ്‌കാരനായ പോലീസ് ഉദ്യോഗസ്ഥന് മുന്നിൽ സമുദായത്തിന്റെ ഒരു പ്രശ്നം അവതരിപ്പിക്കേണ്ടി വന്നപ്പോൾ സമുദായ നേതാക്കൾക്ക് സത്താർ സേട്ടിനെ ആശ്രയിക്കേണ്ടി വന്നു. അതോടെ അദ്ദേഹത്തിനെതിരെയുള്ള വിലക്കും അവസാനിച്ചു. തിയേറ്റർ ഇരിക്കുന്ന സ്ഥലത്തെ വസ്തു തർക്കവുമായി ബന്ധപ്പെട്ട് ഒരു മാർവാടിയുമായി കേസ്സിൽ ഏർപ്പെടുകയും കോടതിയിൽനിന്ന് പ്രതികൂല വിധി വന്നതോടെ അദ്ദേഹത്തിന് തിയേറ്റർ നഷ്ടമാവുകയുമാണ് ഉണ്ടായത്. പാരമൌണ്ട് തിയേറ്റർ നഷ്ടമായതിനു ശേഷം സത്താർ സേട്ട്, മട്ടാഞ്ചേരിയിലെ മറ്റൊരു തിയേറ്റർ ആയ ബോസ്കോ തിയേറ്ററിൽ മാനേജർ ആയി ജോലി ചെയ്തിരുന്നു.

അന്നത്തെ പരസ്യ രീതി വിചിത്രമായിരുന്നു. ഒരു സംഘം ആളുകൾ കവലകളിൽ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുന്നത്‌ പോലെ സിനിമയുടെ പേരും പ്രദർശന സമയവും മറ്റും ഉറക്കെ വിളിച്ചു പറയുകയായിരുന്നു രീതി .അന്ന് പ്രദർശനത്തിനിടയിലെ ഇടവേളകൾ സാമാന്യം ദീർഘമായിരുന്നു. ഈ ഇടവേളകളിൽ സ്റ്റേജിൽ മറ്റു കലാപരിപാടികൾ നടത്തുമായിരുന്നു. ജീവനുള്ള പാമ്പിനെ ഒരാൾ കടിച്ചു മുറിക്കുന്നതായിരുന്നു ഒരു ദിവസത്തെ ഇടവേളയിലെ പരിപാടി. എന്നാൽ ഈ ദ്ര്യശ്യം കണ്ട കാണികളിൽ ചിലർ ചർദ്ദിച്ചു അവശരായി. ഇതോടെ മാനേജർ സത്താർ സേട്ട് ഇടപെട്ട് ഇടവേളയിലെ ഈ കലാപരിപാടി അവസാനിപ്പിച്ചു.

സത്താർ സേട്ടിന് നാല് മക്കൾ ആയിരുന്നു. മറിയം ബായ്, അബ്ബാസ്‌ സേട്ട്, കബീർ സേട്ട്, കുൽസും ബായ് എന്നിവരായിരുന്നു അവർ. ഇവരിൽ മൂത്ത മകളായ മറിയം ബായിയുടെ മൂത്ത മകനാണ് ഇന്നത്തെ പ്രമുഖ നടനും, സംവിധായകനും എഴുത്തുകാരനും ഒക്കെയായ ആദം അയുബ്. സിനിമയുടെ പേരിൽ ആദ്യമായി ബഹിഷ്ക്കരണം നേരിട്ട സത്താർ സേട്ടിന്റെ നാലാം തലമുറയും സിനിമയാണ് തൊഴിലായി സ്വീകരിച്ചത്. ആദം അയൂബിന്റെ മകൻ അർഫാസ് അയൂബ് ഇന്ന് ബോളിവുഡ് സിനിമയിൽ വളരെ തിരക്കുള്ള സഹാസംവിധായകനാണ്. ഹിന്ദി സിനിമയിലെ വൻ താരങ്ങളോടും, പ്രമുഖ സംവിധായകരോടും ഒപ്പം പ്രവർത്തിക്കുന്ന അർഫാസ് മുതു മുത്തശ്ശന്റെ പാത അഭിമാനത്തോടെ പിന്തുടരുന്നു, വിലക്കുകളും ബഹിഷ്ക്കരണവും ഇല്ലാതെ.

"https://ml.wikipedia.org/w/index.php?title=അബ്ദുൽ_സത്താർ_സേട്ട്&oldid=3067310" എന്ന താളിൽനിന്ന് ശേഖരിച്ചത്