Jump to content

അബ്ദുർറഹ്മാൻ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അബ്ദ് അൽ റഹ്മാൻ ഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്ദുർറഹ്മാൻ ഖാൻ
അഫ്ഗാനിസ്താന്റെ അമീർ
അബ്ദുർറഹ്മാൻ റഹ്മാൻ ഖാൻ
ഭരണകാലം1880–1901
സ്ഥാനാരോഹണം1880 ജൂലൈ 20
പൂർണ്ണനാമംഅബ്ദുർറഹ്മാൻ റഹ്മാൻ ഖാൻ
പദവികൾഅബ്ദുർറഹ്മാൻ ഖാൻ
മുൻ‌ഗാമിമുഹമ്മദ് യാക്കൂബ് ഖാൻ
പിൻ‌ഗാമിഹബീബുള്ള ഖാൻ
രാജവംശംബാരക്സായ് വംശം
പിതാവ്മുഹമ്മദ് അഫ്സൽ ഖാൻ

അഫ്ഗാനിസ്താൻ അമീറത്തിലെ ശക്തനായ ഒരു ഭരണാധികാരിയായിരുന്നു (അമീർ) അബ്ദുർറഹ്മാൻ ഖാൻ (അബ്ദ് അൽ റഹ്മാൻ ഖാൻ) (പഷ്തു: عبدر رحمان خان) (ജനനം: 1840-നും 1844-നുമിടക്ക് – മരണം 1901 ഒക്ടോബർ 1). [ഖ] 1880 മുതൽ 1901 വരെ ഇദ്ദേഹം അഫ്ഗാനിസ്താനിലെ അമീർ ആയിരുന്നു. അമീറത്തിലെ മൂന്നാമത്തെ അമീർ ആയിരുന്ന മുഹമ്മദ് അഫ്സൽ ഖാന്റെ പുത്രനായ ഇദ്ദേഹം സാമ്രാജ്യസ്ഥാപകനായ ദോസ്ത് മുഹമ്മദ് ഖാന്റെ പൗത്രനാണ്.

രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധാനന്തരം ഛിന്നഭിന്നമായ അഫ്ഗാനിസ്താനെ ഏകീകരിച്ച് ഭരണം പുനഃസ്ഥാപിച്ച ഇദ്ദേഹം ശക്തനായ ഒരു ഭരണാധികാരിയായി കണക്കാക്കപ്പെടുന്നു. ഭീകരമായ സൈനികനടപടികളും ഇസ്ലാം മതനിയമങ്ങളും ഉപയോഗിച്ച് അധികാരം രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയും വിവിധ വംശനേതാക്കളുടെ അധികാരത്തിന് കടിഞ്ഞാണിടുകയും ചെയ്ത അബ്ദുർറഹ്മാൻ, ഇരുമ്പ് അമീർ (Iron Amir) എന്നാണ് അറിയപ്പെട്ടിരുന്നത്. പരമ്പരാഗതരീതികളെ തച്ചുടച്ച് ഒരു കേന്ദ്രീകൃത സർക്കാർ രൂപീകരിച്ച അമീറിന്റെ നയം മൂലം ഇദ്ദേഹത്തിന്റെ ഭരണകാലത്തെ, ആന്തരികസാമ്രാജ്യത്വത്തിന്റെ[ങ] കാലഘട്ടം എന്നാണ് വിലയിരുത്തുന്നത്.

ജീവിതരേഖ

[തിരുത്തുക]

ഇദ്ദേഹം മുഹമ്മദ്സയ് (ബറക്സയ്) ഗോത്രത്തിൽപെട്ട ദോസ്ത് മുഹമ്മദ്ഖാന്റെ പൌത്രനായി 1844-ൽ ജനിച്ചു. 1863-ൽ ദോസ്ത് മുഹമ്മദ്ഖാൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രനായ ഷേർ അലി അധികാരം പിടിച്ചെടുത്തു. ഷേർ അലിയുടെ മൂത്ത സഹോദരന്മാരായ അഫ്സൽഖാനും ആസംഖാനും ഷേർ അലിക്കെതിരായി യുദ്ധം ചെയ്തുവെങ്കിലും പരാജിതരായി. അഫ്സൽഖാന്റെ പുത്രനായ അബ്ദുർ റഹ്മാൻഖാൻ റഷ്യൻ തുർക്കിസ്താനിൽ അഭയം തേടി. 1870 മുതൽ 1880 വരെ സമർക്കണ്ഡിൽ താമസിച്ച അബ്ദുർറഹ്മാന് റഷ്യൻ ഭരണക്രമത്തെപ്പറ്റി വിശദമായി പഠിക്കാൻ അവസരം ലഭിച്ചു. രണ്ടാം അഫ്ഗാൻ യുദ്ധത്തിൽ (1878-81) ബ്രിട്ടീഷ്സൈന്യം കാബൂൾ ആക്രമിച്ചു കീഴടക്കുകയും ഷേർ അലിയുടെ പുത്രനായ യാക്കൂബ്ഖാനെ തടവുകാരനാക്കുകയും ചെയ്തു. സ്ഥാനത്യാഗം ചെയ്ത യാക്കൂബ് ഖാനെ ഇന്ത്യയിലേക്കു നാടുകടത്തി. തുടർന്ന് അബ്ദുർ റഹ്മാൻഖാൻ അമീറായി അംഗീകരിക്കപ്പെട്ടു (ജൂലൈ 1880).

അബ്ദുർ റഹ്മാൻഖാൻ തന്റെ പ്രധാന എതിരാളികളെയെല്ലാം വളരെ വേഗം തോല്പിച്ച് അഫ്ഗാനിസ്താനിൽ അധികാരം ഉറപ്പിച്ചു. അതിനുശേഷം അഫ്ഗാനിസ്താനും വൻശക്തികളുമായുള്ള അതിർത്തിത്തർക്കങ്ങൾ അവസാനിപ്പിക്കുന്നതിന് ഇദ്ദേഹം ശ്രമിച്ചു. 1887-ൽ റഷ്യയുമായുണ്ടാക്കിയ ഒരു കരാറനുസരിച്ച് അഫ്ഗാനിസ്താന്റെ വടക്കു പടിഞ്ഞാറൻ അതിർത്തി നിർണയിക്കുകയുണ്ടായി. 1893 നവംബറിൽ ബ്രിട്ടിഷ് ഗവൺമെന്റുമായുള്ള ഒത്തുതീർപ്പനുസരിച്ച് ഡ്യൂറൻഡ് ലൈൻ ബ്രിട്ടിഷ് ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും അതിർത്തിയായി അംഗീകരിക്കപ്പെട്ടു.

രാജ്യത്തുടനീളം നിലനിന്ന കലാപങ്ങളും അസ്വസ്ഥതകളും അവസാനിപ്പിക്കാൻ നടപടികൾ എടുത്തതോടുകൂടിത്തന്നെ സുശക്തമായ ഒരു ഭരണകൂടം സ്ഥാപിക്കാനും ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്താനും അബ്ദുർ റഹ്മാൻഖാൻ പരിശ്രമിച്ചു. വിദേശീയ സാങ്കേതികവിദഗ്ദ്ധന്മാരുടെ സഹായത്തോടുകൂടി കൃഷിയിലും വ്യവസായത്തിലും ഒരു വിപ്ലവംതന്നെ സൃഷ്ടിച്ചു. പല വ്യവസായങ്ങളും ഏർപ്പെടുത്തുകയും ആധുനിക കൃഷിസമ്പ്രദായങ്ങൾ നടപ്പിലാക്കുകയും ചെയ്തു. അഫ്ഗാനിസ്താനിൽ ആദ്യത്തെ ആശുപത്രി സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്. അബ്ദുർ റഹ്മാൻഖാൻ കാബൂളിൽവച്ച് 1901 ഒക്ടോബർ 1-ന് അന്തരിച്ചു.

പിതാവിനു വേണ്ടിയുള്ള പോരാട്ടം

[തിരുത്തുക]
മുഹമ്മദ് അഫ്സൽ ഖാൻ - അബ്ദുർ റഹ്മാൻ ഖാന്റെ പിതാവ്

അബ്ദ് അൽ റഹ്മാന്റെ ആദ്യകാലപോരാട്ടങ്ങൾ, തന്റെ പിതാവ് മുഹമ്മദ് അഫ്സൽ ഖാനെ അമീർ സ്ഥാനത്ത് അവരോധിക്കുന്നതിനു വേണ്ടിയായിരുന്നു.

ദോസ്ത് മുഹമ്മദ് ഖാന്റെ മൂത്ത പുത്രനായിരുന്നിട്ടും, അഫ്സൽ ഖാനെ അദ്ദേഹം പിൻ‌ഗാമിയായി പ്രഖ്യാപിച്ചിരുന്നില്ല. മറിച്ച് ഇളയപുത്രന്മാരിലൊരാളായ ഷേർ അലിയായിരുന്നു ദോസ്ത് മുഹമ്മദിനു ശേഷം 1863-ൽ അമീർ ആയത്. ഷേർ അലിക്കെതിരെ പോരാടിയ അഫ്സൽ ഖാൻ തടവിലാക്കപ്പെടുകയും ചെയ്തു.

1866-ൽ അബ്ദ് അൽ റഹ്മാൻ ഖാൻ, ഷേർ അലിയെ പരാജയപ്പെടുത്തുകയും തന്റെ പിതാവായ മുഹമ്മദ് അഫ്സൽ ഖാനെ അമീർ ആയി വാഴിക്കുകയും ചെയ്തു. എന്നാൽ അഫ്സൽ ഖാന്റെ ഭരണം വളരെ ചുരുങ്ങിയ കാലം മാത്രമേ നീണ്ടു നിന്നുള്ളൂ. 1867 ഒക്ടോബർ 7-ന് അദ്ദേഹം മരണമടഞ്ഞു. തുടർന്ന് അഫ്സൽ ഖാന്റെ ഇളയ നേർസഹോദരൻ മുഹമ്മദ് അസം ഖാൻ അധികാരത്തിലേറി.[1]

പലായനം

[തിരുത്തുക]

പുറത്താക്കപ്പെട്ട അമീർ ഷേർ അലിയും അയാളുടെ പുത്രനായ യാക്കൂബ് ഖാനും ചേർന്ന് ബ്രിട്ടീഷുകാരുടെ സാമ്പത്തികസഹായത്തോടെ 1869 ജനുവരി മാസത്തിൽ കാബൂൾ പിടിച്ചെടുത്തു. ഇതിനെത്തുടർന്ന് അസം ഖാൻ ഇറാനിലേക്കും അബ്ദ് അൽ റഹ്മാൻ ഖാൻ വടക്കൻ അഫ്ഗാനിസ്താനിലെ മസാർ ഇ ശരീഫിലേക്കും അവിടെ നിന്ന് റഷ്യൻ നിയന്ത്രിതപ്രദേശമായിരുന്ന താഷ്കന്റിലേക്കും പലായനം ചെയ്തു.[1]

അധികാരത്തിലേക്ക്

[തിരുത്തുക]
ഷേർ അലി ഖാൻ - അബ്ദുർ റഹ്മാൻ ഖാന്റെ ആദ്യകാല എതിരാളി

1879 ജനുവരി മാസത്തിൽ നടന്ന രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ, ബ്രിട്ടീഷുകാർ ഷേർ അലിയെ അധികാരത്തിൽ നിന്നും പുറത്താക്കി. ഷേർ അലിയുടെ പുത്രൻ മുഹമ്മദ് യാക്കൂബ് ഖാനുമായി ഗന്ദാമാക് സന്ധിയിൽ ഒപ്പുവച്ച്, അദ്ദേഹത്തെ കാബൂളിൽ അമീർ ആയി വാഴിച്ചെങ്കിലും വൻ ജനരോഷം മൂലം യാക്കൂബ് ഖാന് അധികകാലം പിടിച്ചുനിൽക്കാനായില്ല. 1879 ഫെബ്രുവരിയിൽ അധികാരത്തിലേറിയ യാക്കൂബ് ഖാൻ അതേ വർഷം ഒക്ടോബറിൽ അധികാരമുപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നു. ഭരണം ബ്രിട്ടീഷുകാർ ഏറ്റെടുത്തെങ്കിലും തദ്ദേശീയരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ബ്രിട്ടീഷുകാരുടെ നിലയും ഇക്കാലത്ത് പരിതാപകരമായിരുന്നു.

ഇങ്ങനെ കാബൂളിൽ നാഥനില്ലാത്ത അവസ്ഥയിലാണ്, റഷ്യൻ നിയന്ത്രിത താഷ്കന്റിലും സമർഖണ്ഡിലും പ്രവാസത്തിലായിരുന്ന അബ്ദുർറഹ്മാൻ ഖാൻ, 1880-ൽ അഫ്ഗാനിസ്താനിൽ തിരിച്ചെത്തിയത്. ഇതോടെ അഫ്ഗാനിസ്താന്റെ ഭരണമേൽപ്പിക്കാൻ പറ്റിയ ഒരു തദ്ദേശീയനേതാവിനെത്തേടിയിരുന്ന ബ്രിട്ടീഷുകാർ, അബ്ദുർറഹ്മാന്റെ കൈയിൽ ഭരണമേൽപ്പിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണം സുഗമമാക്കുന്നതിന് കാബൂളിന് തെക്കു വച്ച് ഘൽജികളോടും മറ്റുമായി ചില യുദ്ധങ്ങളും ബ്രിട്ടീഷുകാർ നടത്തി. 1880 ജൂലൈ 20-ന് കാബൂളിന് വടക്കുള്ള ചാരികാർ എന്ന പ്രദേശത്തുവച്ച് അബ്ദുർറഹ്മാൻ ഖാൻ കാബൂളിന്റെ അമീർ ആയി പ്രഖ്യാപിച്ചു. ജൂലൈ 22-ന് ഒരു പൊതുയോഗത്തിൽ വച്ച് ബ്രിട്ടീഷുകാർ പുതിയ അമീറിനെ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.[1]

സമ്പൂർണാധിപത്യം സ്ഥാപിക്കുന്നു

[തിരുത്തുക]

അബ്ദുർറഹ്മാൻ ഖാൻ അധികാരത്തിലെത്തിയതിനു ശേഷം, ഗന്ദാമാക് ഉടമ്പടിപ്രകാരം ബ്രിട്ടീഷുകാർ അഫ്ഗാനിസ്താന് സൈനിക സാമ്പത്തികസഹായങ്ങൾ നൽകിപ്പോന്നെങ്കിലും കാര്യമായ ആഭ്യന്തരഇടപെടലുകൾ നടത്തിയില്ല. ബ്രിട്ടീഷ് വംശജർക്കു പകരം ഇന്ത്യക്കാരായിരുന്നു ഇക്കാലത്ത് പ്രതിനിധികളായി കാബൂളിലെത്തിയിരുന്നത്. എന്നാൽ രണ്ടാം അഫ്ഗാൻ യുദ്ധത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തികഭദ്രതയും, കാബൂളിൽ നിന്നുള്ള കേന്ദ്രീകൃതനിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു. അധികാരം, വിവിധ വംശനേതാക്കൾ കൈയടക്കുകയും ചെയ്തു. ഈ വെല്ലുവിളികളാണ് അമീറിന് ആദ്യമായി നേരിടേണ്ടിവന്നത്.

ബ്രിട്ടീഷുകാരുടെ സാമ്പത്തികപിന്തുണയിൽ അബ്ദുർറഹ്മാൻ ഖാൻ തന്റെ സാമ്രാജ്യവും കേന്ദ്രീകൃതാധിപത്യവും വ്യാപിപ്പിക്കാനാരംഭിച്ചു. വിദേശഇടപെടലുകളുടെ അഭാവം ഈ ഘട്ടത്തിൽ അദ്ദേഹത്തിന് തുണയായി. അബ്ദുർറഹ്മാൻ ഖാന്റെ 21 വർഷത്തെ ഭരണകാലത്ത് അഫ്ഗാനിസ്താനിൽ എല്ല രംഗത്തും വൻ മാറ്റത്തിന് വഴിവച്ചു. വംശനേതാക്കളുടേയും മറ്റും അധികാരങ്ങൾ നാമമാത്രമായി ചുരുങ്ങി. ഇക്കാലത്ത് വിദേശബന്ധങ്ങൾ വളരെ കുറച്ചതിലൂടെ അഫ്ഗാനിസ്താൻ ലോകരാജ്യങ്ങളിൽ നിന്നും ഏതാണ്ട് ഒറ്റപ്പെട്ടു. അമീറീന്റെ കർശനനടപടികൾ മൂലം അഫ്ഗാനിസ്താന്റെ ഇന്നത്തെ അതിർത്തിക്കുള്ളിലെ പ്രദേശങ്ങൾ മുഴുവൻ കാബൂളിൽ നിന്നുള്ള കേന്ദ്രീകൃതഭരണത്തിന് കീഴിലായി. 1901-ൽ അബ്ദുർറഹ്മാൻ ഖാൻ മരണമടയുന്നതിനു മുൻപ് രാജ്യത്തെ അനിഷേധ്യനായ നേതാവായി വളർന്നിരുന്നു. പിൻ‌ഗാമിയായി മകൻ ഹബീബുള്ള, അമീർ ആയി നിശ്ചയിക്കപ്പെട്ടതും എതിരഭിപ്രായങ്ങളില്ലാതെയായിരുന്നു.[2]

പടയോട്ടങ്ങൾ

[തിരുത്തുക]
ഷേർ അലിയുടെ പുത്രൻ മുഹമ്മദ് അയൂബ് ഖാൻ

1881-ൽ ഷേർ അലി ഖാന്റെ പുത്രൻ മുഹമ്മദ് അയൂബ് ഖാനെയായിരുന്നു അധികാരമേറ്റെടുത്തതിനു ശേഷം അബ്ദ് അൽ റഹ്മാന് ആദ്യമായി നേരിട്ട് തോൽപ്പിക്കേണ്ടി വന്നത്. അമീറിന്റെ സേനാനായകനായിരുന്ന ഗുലാം ഹൈദർ ഓരക്സായ് ചാർഖി[ഗ] ആയിരുന്നു ഈ യുദ്ധം നയിച്ചിരുന്നത്. 1881 ഓഗസ്റ്റിൽ ബ്രിട്ടീഷുകാരുടെ പിന്മാറ്റത്തോടെ അനാഥമായ കന്ദഹാർ, അയൂബ് ഖാൻ പിടിച്ചിരുന്നു. ഇക്കാലത്ത്, അബ്ദുർറഹ്മാൻ, ബ്രിട്ടീഷ് പാവയാണെന്ന് വരെ ഗോത്രനേതാക്കാൾ ആരോപണമുന്നയിച്ചിരുന്നെങ്കിലും ശക്തമായി ആക്രമണം നടത്തി തൊട്ടടുത്ത മാസം തന്നെ അദ്ദേഹം കന്ദഹാർ പിടിച്ചടക്കി. ഇതോടെ അയൂബ് ഖാൻ രാജ്യത്തു നിന്നും പലായനം ചെയ്തു.[ഘ] കന്ദഹാർ പിടിച്ചടക്കിയതിനൊപ്പം അമീർ അബ്ദ് അൽ റഹ്മാന്റെ മറ്റൊരു സൈന്യം ഹെറാത്തും പിടിച്ചടക്കിയിരുന്നു.

വടക്കൻ അഫ്ഗാനിസ്താനിലെ മായ്മാത, 1884-ൽ അബ്ദുറഹ്മാൻ ഖാൻ പിടിച്ചടക്കി. വടക്കൻ അഫ്ഗാനിസ്താനിൽ വിമതനായി മാറിയ തന്റെ ബന്ധുവും ഭരണാധികാരിയുമായിരുന്ന മുഹമ്മദ് ഇഷാഖ് ഖാനെ, 1888-ൽ പരാജയപ്പെടുത്തി നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തു.[2]

ഘൽജികൾക്കെതിരെയുള്ള പോരാട്ടങ്ങൾ

[തിരുത്തുക]

1880-കളിൽ ഘൽജികളുടെ കലാപങ്ങളും അമീറിന് നേരിടേണ്ടി വന്നു. ബ്രിട്ടീഷുകാരുടെ പിന്തുണയോടെ അധികാരത്തിൽ വന്നതും അവരോട് വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്ത അമീർ അബ്ദുർറഹ്മാനെ ഘൽജികൾ അംഗീകരിച്ചിരുന്നില്ല. പകരം ഷേർ അലിയുടെ പുത്രനായ മുഹമ്മദ് യാക്കൂബ് ഖാനെ അമീർ ആയിക്കാണുന്നതിലായിരുന്നു ഘൽജികൾ താല്പര്യപ്പെട്ടിരുന്നത്. മുഷ്ക് ഇ ആലം എന്നറിയപ്പെട്ടിരുന്ന ദിൻ മുഹമ്മദ് എന്ന ഒരു മുല്ല ആയിരുന്നു ഘൽജികളുടെ നേതാവ്. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന ഇദ്ദേഹം, ഗസ്നിയിലായിരുന്നു വസിച്ചിരുന്നത്. 1886-ൽ ദിൻ മുഹമ്മദ് മരണമടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പുത്രൻ അബ്ദ് അൽ കരിം അന്ദാർ, അബ്ദുറഹ്മാനെതിരെയുള്ള ഘൽജികളുടെ കലാപത്തിന് നേതൃത്വം നൽകി. 1886-ലും 1887-ലും ഈ പോരാട്ടങ്ങൾ വൻ നാശനഷ്ടങ്ങളിൽ കലാശിച്ചിരുന്നു.

വടക്കൻ അഫ്ഗാനിസ്താൻ നിയന്ത്രണത്തിലാക്കിയ ശേഷം, അമീറിന്റെ ആജ്ഞപ്രകാരം പഷ്തൂണുകൾ ഹിന്ദുകുഷിന്റെ തെക്കുനിന്നും വടക്കുഭാഗത്തേക്ക് കുടിയേറാനാരംഭിച്ചു. ഇങ്ങനെ കുടിയേറിയവരിൽ കൂടുതലും ഘൽജികളായിരുന്നു. ഇതുമൂലം ഹിന്ദുകുഷിന് തെക്കുഭാഗത്തെ ഘൽജികളുടെ കലാപം നിയന്ത്രിക്കാനും അതേ സമയം വടക്ക് ഉസ്ബെക്കുകൾക്കും താജിക്കുകൾക്കുമിടയിൽ അമീറിന് സ്വാധീനമുള്ള പഷ്തൂൺ വിഭാഗങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനും സാധിച്ചു.[2]

ഭരണപരിഷ്കാരങ്ങൾ

[തിരുത്തുക]

വിവിധ പ്ഷ്തൂൺ വംശനേതാക്കളിൽ നിന്നും, തന്റെ കുടുംബാംഗങ്ങളിൽ നിന്നും സ്വതന്ത്രനായി ഒരു ഭരണകൂടം കെട്ടിപ്പടുക്കുക എന്നതായിരുന്നു അബ്ദുർറഹ്മാൻ നേരിട്ട മറ്റു പ്രധാന വെല്ലുവിളികൾ.

ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചിരുന്ന ധനസഹായം ഒരു സ്ഥിരം സൈന്യത്തെ കെട്ടിപ്പടുക്കാനായി അബ്ദുർ റഹ്മാൻ ഖാൻ ഉപയോഗിച്ചു. തന്റെ വംശമായ പഷ്തൂണുകളടക്കമുള്ള എല്ലാ ജനവിഭാഗങ്ങളേയും നികുതി നൽകാൻ ബാധ്യസ്ഥരാക്കി. ഒരു ഉപദേശകസമിതിയും മന്ത്രിസഭക്ക് സമാനമായുള്ള ഒരു ഉന്നതസമിതിയും രൂപീകരിച്ചെങ്കിലും ഏതാണ്ട് മുഴുവൻ അധികാരവും അമീറിന്റെ കൈയിൽത്തനെയായിരുന്നു.

തന്റെ മുൻ‌ഗാമികൾ ചെയ്തതുപോലെ പ്രവിശ്യ്യകൾ മക്കളുടെ നിയന്ത്രണത്തിൽ സാമന്തരാജ്യങ്ങളെപ്പോലെ വർത്തിക്കാൻ അബ്ദുർറഹ്മാൻ അനുവദിച്ചില്ല. മറിച്ച് പ്രവിശ്യാഭരണാധികാരികൾ മിക്കവരും സൈനികരായിരുന്നു. പൊതുവേ, പ്രസ്തുതപ്രവിശ്യ പിടിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയ സൈന്യാധിപരെത്തന്നെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഇങ്ങനെ സ്വന്തം കുടുംബാംഗങ്ങളെ അധികാരത്തിൽ കൈ കടത്തുന്നതിൽ നിന്നും നിയന്ത്രിച്ചു. എങ്കിലും തന്റെ മുഹമ്മദ്സായ് കുടുംബാംഗങ്ങൾക്ക്, അവരുടെ പിന്തുണ ഉറപ്പാക്കുന്നതിനായി, സ്ഥിരം ധനസഹായം അബ്ദുർറഹ്മാൻ ഖാൻ അനുവദിച്ചു പോന്നു.[2]

മതത്തിന്റെ ഫലപ്രദമായ ഉപയോഗം

[തിരുത്തുക]

ബ്രിട്ടീഷുകാരുമായുള്ള സഖ്യത്തോടെയാണ് അധികരത്തിലേത്തിയതെങ്കിലും ഒരു പഷ്തൂൺ ആയിരുന്ന അബ്ദുർറഹ്മാൻ, തന്റെ മുൻ‌ഗാമികളെപ്പോലെ പഷ്തൂണുകളുടെ ദേശത്തേക്ക് ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ബ്രിട്ടീഷുകാർക്കെതിരെയും വടക്കുനിന്നുള്ള റഷ്യക്കാർക്കെതിരെയുമുള്ള തന്റെ പോരാട്ടത്തിനെ ഒരു ജിഹാദ് പരിവേഷം അദ്ദേഹം നൽകി.

രാജ്യത്ത് നേരത്തേ നിലനിന്നിരുന്ന വിവിധ ഇസ്ലാമിക അനുഷ്ഠാനരീതികളെയെല്ലാം മാറ്റി ഏകീകൃത ഇസ്ലാമിക നിയമമായ ശരി അത്ത് നടപ്പിലാക്കി. ഇത് വിവിധ ഗോത്രനിയമങ്ങളെ അസാധുവാക്കി. ശരി അത്ത് നിയമം നടപ്പിലാക്കുന്നതിനുള്ള ന്യായാധിപരേയും സർക്കാർ തന്നെ നിയമിച്ചു എന്നതിനാൽ വിവിധ മതനേതാക്കളുടെ അധികാരത്തിന് തടയിടാനും അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ തന്റെ സ്ഥാനത്തെ ഉറപ്പിക്കുന്നതിനും രാജ്യത്തിനകത്തുള്ള വിവിധ അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും ഇസ്ലാം മതത്തെ അബ്ദുർറഹ്മാൻ ഖാൻ ഫലപ്രദമായി ഉപയോഗിച്ചു.

മുല്ലമാർക്ക് വേണ്ടി ഒരു പരീക്ഷ സംഘടിപ്പിക്കുകയും ഇതിൽ വിജയിക്കുന്നവർക്ക് രാജകീയബിരുദം നൽകുകയും ചെയ്തു. വിജയികൾക്ക് സർക്കാർ ശമ്പളം നൽകിയിരുന്നു എന്നതിനു പുറമേ അവർക്ക് വെളുത്ത തലപ്പാവ് ധരിക്കാനും അനുവാദം നൽകി. പരീക്ഷ ജയിക്കാത്ത മുല്ലമാരാകട്ടെ, നിറങ്ങളുള്ള തലപ്പാവ് ധരിക്കണമായിരുന്നു[3].

മതകാര്യങ്ങളിൽ ഭരണകൂടത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതിന്, കാബൂളിൽ ഒരു മദ്രസ സ്ഥാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനുള്ള ഗ്രന്ഥങ്ങളും ലഘുലേഖകളും ഇവിടെ നിന്നും പുറത്തിറക്കി. ജനങ്ങൾ ഇസ്ലാമികരീതിയിൽത്തന്നെ ചരിക്കുന്നു എന്നുറപ്പുവരുത്താൻ പ്രത്യേക മതകാര്യ ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു. അമീറിന്റെ ഇത്തരം പരിഷ്കരണനടപടികൾ മൂലം പാരമ്പര്യമതനേതാക്കളുടെ സ്ഥാനത്തിന് ഇടിവ് സംഭവിച്ചെങ്കിലും മൊത്തത്തിൽ അഫ്ഗാനിസ്താനിൽ ഇസ്ലാം മതം വളർച്ച പ്രാപിച്ചു.[2]

ഭീകരഭരണം

[തിരുത്തുക]

പൊതുവേ അമീർ അബ്ദുർറഹ്മാൻ ഖാന്റെ ഭരണം ഭീകരമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കാലത്തെ ജനകീയകലാപങ്ങൾ, വൻ രക്തച്ചൊരിച്ചിലുകളുണ്ടാക്കിയ അടിച്ചമർത്തലുകളിൽ കലാശിച്ചു. അമീറിന്റെ സ്വന്തം വാക്കുകളനുസരിച്ച് 1894-ഓടെ ഏതാണ്ട് 1,20,000 പ്രജകളുടെ മരണത്തിന് അദ്ദേഹം ഉത്തരവാദിയായിരുന്നു[4]. 1880-കളിൽ ജലാലാബാദിനടുത്തുള്ള ഒരു പഷ്തൂൺ വിഭാഗക്കാരായിരുന്ന ഷിൻ‌വാരികളെ നിരവധി യുദ്ധങ്ങളിലൂടെ അമീർ തോൽപ്പിച്ചു. ഷിൻ‌വാരികൾ തുടർന്നൊരു കലാപത്തിന് മുതിരാതിരിക്കുന്നതിന് മരണമടഞ്ഞവരുടെയെല്ലാം തലകൾ അടുക്കി ഗോപുരങ്ങൾ തീർത്തുവച്ചു.

മദ്ധ്യ അഫ്ഗാനിസ്താനിലെ ഹസാരകളെ 1893-ൽ ഭീകരമായ സൈനികനടപടികളിലൂടെ തന്റെ ഭരണത്തിനു കീഴിലാക്കി. ഇക്കാലത്തെ പഷ്തൂണുകളെ ക്രൂരതമൂലം ഇന്നും ഈ രണ്ടു ജനവിഭാഗങ്ങളും തമ്മിൽ ശത്രുത വച്ചുപുലർത്തുന്നു. 1895/96 കാലത്ത് കാഫിറിസ്താനിലെ കാഫിറുകളെ അമീർ തന്റെ കീഴിലാക്കി. കാഫിറുകളെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും പ്രദേശത്തിനെ നൂറിസ്താൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.[2]

രാജ്യത്തിന്റെ അതിർത്തിനിർണയം

[തിരുത്തുക]

ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിൽ അഫ്ഗാനിസ്താന്റെ വടക്കും കിഴക്കുമുള്ള അതിർത്തിനിർണയക്കരാറുകൾ അബ്ദുർ‌റഹ്മാന്റെ ഭരണകാലത്താണ് നിലവിൽ വന്നത്.

1884-മുതൽ റഷ്യക്കാർ അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിക്കപ്പുറത്ത് ആധിപത്യം സ്ഥാപിച്ചെടുത്തിരുന്നു. അഫ്ഗാനിസ്താനിലേക്ക് റഷ്യക്കാരുടെ വരവിനെ ചെറുക്കുന്നതിന് ബ്രിട്ടീഷ് സൈന്യം വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ സൈനികനടപടികൾക്കായാണ് ഹെറാത്തിലെ തിമൂറി സ്മാരകമായ മൂസല്ല സമുച്ചയം തകർത്തത്. ഹെറാത്തിനും മാർവിനും ഇടയിലുള്ള പഞ്ച്ദീഹിൽ റഷ്യക്കാരെ നേരിടാനായി ബ്രിട്ടീഷ് സൈന്യം തയ്യാറായിരുന്നെങ്കിലും ഒരു പോരാട്ടത്തിനു മുതിരാതെ റഷ്യക്കാർ പിന്മാറുകയായിരുന്നു. 1887-ലെ ഒരു ഉടമ്പടിപ്രകാരം പഞ്ച്ദീഹിനെ റഷ്യൻ നിയന്ത്രണത്തിലായി ഔദ്യോഗിക അംഗീകാരം നൽകുകയും ഇന്നത്തെ വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താന്റെ അതിർത്തിയെ ഇരുകൂട്ടരും അംഗീകരിക്കുകയും ചെയ്തു.

1895-ൽ അമു ദര്യ നദിയെ രാജ്യത്തിന്റെ വടക്കൻ അതിർത്തിയായി, പാമിർ ഉടമ്പടിയിലൂടെ അംഗീകരിക്കപ്പെട്ടു. ഇതിനോടൊപ്പം നദിക്ക് തെക്ക് റഷ്യക്കാർ പിടിച്ചെടുത്തിരുന്ന ദർവാസ്, അഫ്ഗാനിസ്താന് വിട്ടുകൊടുക്കുകയും പകരം നദിക്ക് വടക്കുള്ള ഷുഗ്നാൻ, റഷ്യക്കാരുടെ നിയന്ത്രണത്തിൽ വിടുകയും ചെയ്തു.[2]

ഡ്യൂറണ്ട് രേഖ

[തിരുത്തുക]
പ്രധാന ലേഖനം: ഡ്യൂറണ്ട് രേഖ

1893-ൽ അമീർ അബ്ദുർ റഹ്മാൻ ഖാനും ബ്രിട്ടീഷ് ഇന്ത്യയുടെ അക്കാലത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന സർ ഹെന്രി മോർട്ടൈമർ ഡ്യൂറണ്ടും തമ്മിൽ ഒപ്പുവച്ച ഡ്യൂറണ്ട് രേഖ കരാർ പ്രകാരം അഫ്ഗാനിസ്താനും ബ്രിട്ടീഷ് ഇന്ത്യയും തമ്മിലുള്ള അതിർത്തി നിശ്ചയിക്കപ്പെട്ടു. ഡ്യൂറണ്ട് രേഖ എന്നറിയപ്പെടുന്ന ഈ അതിർത്തി വിവിധ പഷ്തൂൺ വിഭാഗങ്ങളുടെ ആവാസമേഖലകളെ രണ്ടായി വിഭജിച്ചെങ്കിലും പഷ്തൂൺ ആവാസമേഖലയിലേക്ക് മുന്നേറി വന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് ആധിപത്യത്തിന് ഒരു പരമാവധി അതിർത്തി നിശ്ചയിക്കപ്പെട്ടതിനാൽ ഈ രേഖയുടെ കാര്യത്തിൽ അമീർ അബ്ദുർറഹ്മാൻ സംതൃപ്തനായിരുന്നു.[2]

കുടുംബം

[തിരുത്തുക]
അമീർ അബ്ദുർ റഹ്മാൻ ഖാൻ - 1897-ലെ ചിത്രം

അബ്ദുർ റഹ്മാൻ ഖാന്, അഞ്ച് ഭാര്യമാരുണ്ടായിരുന്നു. ഇതിൽ ഒരു ഭാര്യയിൽ രണ്ടു പുത്രന്മാരായിരുന്നു ഹബീബുള്ളയും നാസറുള്ളയും. മൂത്തയാളായ ഹബീബുള്ള, 1872-ൽ[5] സമർഖണ്ഡിൽ വച്ചാണ് ജനിച്ചത്. ഇദ്ദേഹം അബ്ദുർ റഹ്മാൻ ഖാന്റെ കാലശേഷം രാജ്യത്തിന്റെ അമീർ ആയിരുന്നു.

രണ്ടാമത്തെ പുത്രൻ നാസറുള്ള, 1874-ലാണ് ജനിച്ചത്. 1895-ൽ ആ സമയത്ത് അസുഖബാധിതനായിരുന്ന തന്റെ പിതാവിനെ പ്രതിനിധീകരിച്ച് നാസറുള്ള ബ്രിട്ടണിലേക്ക് പോയിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ മുഖാന്തരമല്ലാതെ, ലണ്ടനുമായി നേരിട്ട് നയതന്ത്രബന്ധം സ്ഥാപിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എങ്കിലും ബ്രിട്ടീഷ് നേതൃത്വം ഈ ആവശ്യം നിരാകരിച്ചു. നാസറുള്ളായുടെ ലണ്ടൻ സന്ദർശനത്തിന്റെ പരാജയം, ബ്രിട്ടീഷുകാരും അഫ്ഗാനിസ്താനുമായുള്ള ബന്ധത്തിൽ വിടവ് വർദ്ധിപ്പിച്ചു എന്നു മാത്രമല്ല 1897-ൽ ഡ്യൂറണ്ട് രേഖക്ക് കിഴക്കുള്ള പഷ്തൂൺ വിഭാഗങ്ങളുടെ കലാപത്തിനും കാരണമായി.[2]

അന്ത്യം

[തിരുത്തുക]
അബ്ദുർ റഹ്മാൻ ഖാന്റെ ശവകുടീരം

1901 ഒക്ടോബർ 1-ന് അമീർ അബ്ദുർറഹ്മാൻ ഖാൻ മരണമടഞ്ഞു. കാബൂൾ നദിയുടെ ഇടത്തേ കരയിൽ ആർഗ് എന്നറിയപ്പെടുന്ന രാജകൊട്ടാരത്തിന്റെ എതിർവശത്താണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. പുത്രൻ, ഹബീബുള്ളായാണ് ഇവിടത്തെ ശവകുടീരത്തിന്റെ പണി പൂർത്തിയാക്കിയത്. കാബൂൾ നഗരത്തിന്റെ മദ്ധ്യത്തിൽ സാർനെഗർ പാർക്കിൽ ഈ ശവകുടീരം നിലനിൽക്കുന്നു. 1879-ൽ ബാല ഹിസാർ തകർത്ത അതേ സ്ഥലത്താണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.

തന്റെ പിതാവിന്റെ മരണത്തിന് 2 ദിവസങ്ങൾക്കു ശേഷം, അതായത് 1901 ഒക്ടോബർ 3-ന് ഹബീബുള്ള, അഫ്ഗാനിസ്താന്റെ അമീർ ആയി അധികാരമേറ്റു.[2]

കുറിപ്പുകൾ

[തിരുത്തുക]
  • ക., ഖ.^ ^ ചേംബേർഴ്സ് ബയോഗ്രഫിക്കൽ ഡിക്ഷ്ണറി അനുസരിച്ച് ഇദ്ദേഹത്തിന്റെ ജനനം 1830-ലാണ് [6]
  • ഗ.^ ഗുലാം ഹൈദർ, പിൽക്കാലത്ത് അഫ്ഗാൻ സേനയുടെ സർവസൈന്യാധിപനായിരുന്നു.
  • ഘ.^ 1888-ൽ മുഹമ്മദ് അയൂബ് ഖാൻ ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കി. തന്റെ കുടുംബത്തിലെ മറ്റു പലരേയും പോലെ 1914-ൽ ബ്രിട്ടീഷ് ആശ്രിതനായിരിക്കേ ലാഹോറിൽ വച്ചാണ് അദ്ദേഹവും മരിച്ചത്
  • ങ.^ Period of internal imperialism.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 257–262. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 263–271. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Olesen 1995:73-4
  4. Mousavi 1998:113
  5. "HH Sir Amir HABIBULLAH KHAN" (in ഇംഗ്ലീഷ്). Ancestry.com. 2003 ഓഗസ്റ്റ് 5. Archived from the original (html) on 2012-10-24. Retrieved 2010 മാർച്ച് 16. {{cite web}}: Check date values in: |accessdate= and |date= (help)
  6. Chambers Biographical Dictionary, ISBN 0-550-18022-2, page 2

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുർ റഹ്മാൻ, അമീർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുർറഹ്മാൻ_ഖാൻ&oldid=3770179" എന്ന താളിൽനിന്ന് ശേഖരിച്ചത്