Jump to content

നാസറുള്ള ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസറുള്ള ഖാൻ
അഫ്ഗാനിസ്താനിലെ അമീർ
ഭരണകാലം1919 ഫെബ്രുവരി 21 - 1919 ഫെബ്രുവരി 28
മുൻ‌ഗാമിഹബീബുള്ള ഖാൻ
പിൻ‌ഗാമിഅമാനുള്ള ഖാൻ
പിതാവ്അബ്ദുർ‌റഹ്മാൻ ഖാൻ

1919 ഫെബ്രുവരി 21 മുതൽ 28 വരെയുള്ള ഒരാഴ്ച്ചക്കാലത്തേക്ക് മാത്രം അഫ്ഗാനിസ്താനിൽ അമീർ ആയിരുന്നയാളാണ് നാസറുള്ള ഖാൻ (ജീവിതകാലം: 1874-1920). അമീർ അബ്ദുർ‌റഹ്മാൻ ഖാന്റെ രണ്ടാമത്തെ പുത്രനായിരുന്ന ഇദ്ദേഹം, തന്റെ സഹോദരൻ ഹബീബുള്ളയുടെ മരണശേഷമാണ് അമീർ ആയി സ്ഥാനമേറ്റത്. ഹബീബുള്ളയുടെ മൂന്നാമത്തെ പുത്രൻ, അമാനുള്ളയാണ് ഇദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്.

ജീവചരിത്രം

[തിരുത്തുക]

തന്റെ പിതാവിന്റെ പ്രവാസകാലത്ത് സമർഖണ്ഡിൽ വച്ചാണ് 1874-ൽ നാസറുള്ള ജനിച്ചത്.

പിതാവ്, അബ്ദുർ‌റഹ്മാൻ ഖാന്റെ ഭരണസമയത്ത് അദ്ദേഹത്തെ പ്രതിനിധീകരിച്ച് 1895-ൽ നാസറുള്ള ലണ്ടൻ സന്ദർശിച്ചിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മുഖാന്തരമല്ലാതെ, ബ്രിട്ടണുമായി നേരിട്ടുള്ള നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിനായിരുന്നു ഈ സന്ദർശനം[ക]. എങ്കിലും സന്ദർശനത്തിന്റെ ലക്ഷ്യം പരാജയമായി.

മൂത്ത സഹോദരൻ ഹബീബുള്ളയുടെ ഭരണകാലത്ത്, ഹബീബുള്ള ബ്രിട്ടീഷുകാർക്കെതിരെ മൃദുവായ സമീപനമായിരുന്നു എടുത്തിരുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അഫ്ഗാനിസ്താൻ നിഷ്പക്ഷമായ നിലപാടായിരുന്നു എടുത്തിരുന്നത്. എന്നാൽ സഹോദരന്റെ ഈ നീക്കത്തിൽ അസംതൃപ്തനായിരുന്ന നാസറുള്ള, കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന മഹ്മൂദ് താർസിയുടെ സംഘത്തിൽ ചേരുകയും അതിർത്തിപ്രദേശത്തെ യാഥാസ്ഥിതികരായ പഷ്തൂൺ ഗോത്രനേതാക്കളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് വിരുദ്ധനടപടികളിലേർപ്പെടുകയും ചെയ്തിരുന്നു. ഹബീബുള്ളയുടെ ഒരു പുത്രനായിരുന്ന ഇനായത്തുള്ളയും ഇക്കാലത്ത് നാസറുള്ളയോടൊപ്പമുണ്ടായിരുന്നു.[1]

അധികാരത്തിലേറലും പുറത്താകലും

[തിരുത്തുക]

1919 ഫെബ്രുവരി 20-ന് ഒരു നായാട്ടിനിടെ ഹബീബുള്ള അവിചാരിതമായി കൊല്ലപ്പെടുകയായിരുന്നു. സഹോദരന്റെ മരണത്തിനു ശേഷം 1919 ഫെബ്രുവരി 21-ന് നാസറുള്ള അധികാരമേറ്റു. ഹബീബുള്ളയുടെ പുത്രൻ ഇനായത്തുള്ളയുടെ പിന്തുണയും നാസറുള്ളക്കുണ്ടായിരുന്നു.

രാഷ്ട്രീയനിലപാടുകളിലുള്ള വ്യത്യാസം മൂലം ഹബീബുള്ളയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചു എന്ന ആരോപണം നാസറുള്ളക്കെതിരെയുണ്ടായി. ഹബീബുള്ളയുടെ മൂന്നാമത്തെ മകനും ആ സമയത്തെ കാബൂളിലെ പ്രതിനിധിയുമായിരുന്ന സർദാർ അമാനുള്ള, ഈ ആരോപണം ശക്തമായി ഉന്നയിച്ചു.[1] കാബൂളിൽ ഖജനാവിന്റേയും കോട്ടയുടേയും ചുമതലയുണ്ടായിരുന്ന അമാനുള്ള, ശമ്പളവർദ്ധന നൽകി സൈന്യത്തിന്റെ പിന്തുണ ഉറപ്പിക്കുകയും ഫെബ്രുവരി 28-ന് നാസറുള്ളായെ അട്ടിമറിച്ച് അധികാരത്തിലേറി. മൂന്നു ദിവസത്തിനു ശേഷം (1919 മാർച്ച് 3-ന്) നാസറുള്ളാ ഖാൻ തടവിലാക്കപ്പെടുകയും ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. കുറച്ചു നാളുകൾക്കകം തന്നെ നാസർ അള്ളാ മരണമടഞ്ഞു.[2]

കുറിപ്പുകൾ

[തിരുത്തുക]

.^ നാസറുള്ളയുടെ ലണ്ടൻ സന്ദർശനത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത ഇവിടെ വായിക്കുക

അവലംബം

[തിരുത്തുക]
  1. 1.0 1.1 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 270–276. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "Afghanistan 1919-1928: Sources in the India Office Records". Afghanistan Collection (in ഇംഗ്ലീഷ്). ബ്രിട്ടീഷ് ലൈബ്രറി. Archived from the original (html) on 2017-01-16. Retrieved 2010 മേയ് 2. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നാസറുള്ള_ഖാൻ&oldid=3988675" എന്ന താളിൽനിന്ന് ശേഖരിച്ചത്