അബ്രഹാം പണ്ഡിതർ
അബ്രഹാം പണ്ഡിതർ | |
---|---|
ജനനം | ഓഗസ്റ്റ് 2, 1859 |
മരണം | ഓഗസ്റ്റ് 31, 1919 | (പ്രായം 60)
ഒപ്പ് | |
കരുണാമൃതസാഗരം എന്ന ബൃഹത്തായ സംഗീത ലക്ഷണ ഗ്രന്ഥത്തിന്റെ രചയിതാവും ദക്ഷിണേന്ത്യൻ സംഗീതത്തിന് 20-നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നവചൈതന്യം പകർന്ന സംഗീത ശാസ്ത്രജ്ഞനുമായിരുന്നു അബ്രഹാം പണ്ഡിതർ (തമിഴ്: ஆபிரகாம் பண்டிதர், August 2, 1859 - August 31, 1919). തിരുനൽവേലി ജില്ലയിൽ മുക്കുടൽ ഗ്രാമത്തിലെ ആയുർവേദ ചികിത്സാപാരമ്പര്യമുള്ള ഒരു നാടാർ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു. അധ്യാപകനായിട്ടാണ് ജീവിതം ആരംഭിച്ചതെങ്കിലും കുലവിദ്യയായ വൈദ്യവും തുടർന്നുപോന്നു. ക്രമേണ വൈദ്യവിദ്യയിൽ നിഷ്ണാതനാകയും മരുന്നുകൾ തയ്യാറാക്കി വ്യാവസായികാടിസ്ഥാനത്തിൽ വിതരണം ചെയ്യുകയും അത്തരത്തിൽ പ്രശസ്തി നേടുകയും ചെയ്തു. അതോടെ പച്ചമരുന്നുകൾ വൻതോതിൽ കൃഷിചെയ്യുന്നതിനായി വിസ്തൃതമായ ഒരു മരുന്നുതോട്ടം തഞ്ചാവൂരിൽ ഇദ്ദേഹം നിർമിച്ചു.
കരുണാമൃതസാഗരം
[തിരുത്തുക]ഈ കാലഘട്ടത്തിലാണ് പ്രസിദ്ധ സംഗീതജ്ഞനായ ഡോ. മുത്തയ്യാ ഭാഗവതരുമായി പരിചയപ്പെടുവാൻ ഇടയായത്. ജന്മസിദ്ധമായ വാസനാവൈഭവം അനുകൂലസാഹചര്യങ്ങളിൽ അത്ഭുതാവഹമായി വികസിക്കുകയും വിസ്മയകരമായ ഫലങ്ങൾ ഉളവാക്കുകയും ചെയ്യുമെന്നതിന്റെ ഒരു ദൃഷ്ടാന്തമായിത്തീർന്നു ഈ പരിചയം. മുത്തയ്യാഭാഗവതരുടെ സഹകരണവും പ്രോത്സാഹനവും അബ്രഹാം പണ്ഡിതരിലെ കലാകാരനെയും ഗവേഷകനെയും ഉത്തേജിപ്പിച്ചു. തഞ്ചാവൂരിലെ സരസ്വതീമഹൽ എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥാലയത്തിലെ ഗ്രന്ഥശേഖരങ്ങളിൽ നിന്നും അപൂർവങ്ങളും വിശിഷ്ടങ്ങളുമായ പല പ്രാചീന സംഗീതഗ്രന്ഥങ്ങളും തേടിപ്പിടിച്ച് സമഗ്രമായി പഠിക്കുകയും ഗവേഷണങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ബൃഹത്തായ കരുണാമൃതസാഗരം ഇദ്ദേഹം രചിച്ചത്. 1500-ൽപ്പരം പുറങ്ങളുള്ളതും തമിഴിൽ രചിക്കപ്പെട്ടതുമായ ഈ കൃതി പുരാതന സംഗീതത്തെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥത്തിനുപരി സംഗീതകലയെ സംബന്ധിച്ച് ശാസ്ത്രീയവീക്ഷണം പുലർത്തുന്ന ഒരു വിജ്ഞാനകോശം കൂടിയാണ്. ദക്ഷിണേന്ത്യൻ സംഗീതത്തെക്കുറിച്ച് അതിവിസ്തൃതമായ ഒരു പഠനംതന്നെ ഈ കൃതി ഉൾക്കൊള്ളുന്നു. സംഗീതകലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചകളും ഇതിലടങ്ങിയിരിക്കുന്നു. സംഗീതസദസ്സുകൾ സംഘടിപ്പിക്കുകയും സംഗീതവിഷയകമായ ചർച്ചകൾ നടത്തുകയും ചെയ്ത് സംഗീതശാസ്ത്ര സംബന്ധമായ പരിജ്ഞാനത്തിന് ഇദ്ദേഹം പ്രചാരം നൽകി. സംഗീതാഭ്യസനത്തിന് പാട്ടുപാടാനുള്ള കഴിവുണ്ടാക്കുക എന്നതിൽ കവിഞ്ഞ ഒരു ലക്ഷ്യം ഇല്ലാതിരുന്ന അക്കാലത്ത് ശാസ്ത്രവീക്ഷണത്തോടെ ആ കലയെ സമീപിക്കുന്നതിനുള്ള താത്പര്യം സംഗീതകുതുകികളിൽ ഉളവാക്കാൻ കഴിഞ്ഞു എന്നുള്ളതുതന്നെ ഒരു വലിയ നേട്ടമായിരുന്നു. തഞ്ചാവൂരിൽ ഇദംപ്രഥമമായി ഒരു സംഗീതസമ്മേളനം ഇദ്ദേഹം സംഘടിപ്പിച്ചു. സംഗീതകലയുടെ വളർച്ചയ്ക്ക് വലിയ പ്രോത്സാഹനമാണ് ഇതുമൂലം ലഭിച്ചത്. മദിരാശി സംഗീത അക്കാദമിയുടെ സ്ഥാപനത്തിനു വഴിതെളിച്ചത് ഇദ്ദേഹം സംഘടിപ്പിച്ച സംഗീതസമ്മേളനങ്ങളായിരുന്നു. 1917-ൽ ബറോഡായിൽ ചേർന്ന ഒന്നാമത്തെ അഖില ഭാരത സംഗീതസമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തു. സംഗീതകലയ്ക്ക് ഇദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളെ ആദരിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് ഇദ്ദേഹത്തിന് റാവു സാഹിബ് എന്ന ബിരുദം നൽകി ബഹുമാനിച്ചു.
അവലംബം
[തിരുത്തുക]- http://www.geni.com/people/Abraham-Pandithar/6000000004457526019
- http://thanjavurchristiansincanada.com/about_thanjai_1.htm Archived 2008-10-20 at the Wayback Machine
- http://tamilkeerthanaigal.blogspot.com/2008/09/abraham-pandithar-brief-history-about.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്രഹാം പണ്ഡിതർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |