Jump to content

അബ്രഹാം മല്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്രഹാം മല്പാൻ
വ്യക്തി വിവരങ്ങൾ
ജനനം(1796-05-30)മേയ് 30, 1796
മരണംസെപ്റ്റംബർ 9, 1845(1845-09-09) (പ്രായം 49)
പങ്കാളിഏലിയാമ്മ
കുട്ടികൾതോമസ് അത്താനാസിയോസ്
ഉദ്യോഗംപുരോഹിതൻ

മലങ്കര സുറിയാനിസഭയിലെ നവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പുരോഹിതനായിരുന്നു അബ്രഹാം മല്പാൻ. ഇദ്ദേഹം പൌരോഹിത്യ പാരമ്പര്യമുള്ള മാരാമൺ പാലക്കുന്നത്തു കുടുംബത്തിൽ 1796-ൽ ജനിച്ചു.

ബാല്യകാലം

[തിരുത്തുക]

ഗർഭസ്ഥശിശുവായിരിക്കുമ്പോൾ തന്നെ സ്വപിതാവ് അന്തരിച്ചതിനാൽ പിതൃസഹോദരനായ തോമാമല്പാന്റെ സംരക്ഷണത്തിലും ശിക്ഷണത്തിലുമാണ് വളർന്നുവന്നത്. ചെറുപ്പത്തിൽ തന്നെ ഇദ്ദേഹത്തിന് ആധ്യാത്മികമായ പരിശീലനം സിദ്ധിച്ചിരുന്നു. കാലോചിതമായ നാട്ടുഭാഷാഭ്യസനം കഴിഞ്ഞ് അബ്രഹാം ശെമ്മാശനായി. പുതുപ്പള്ളിൽ പടിഞ്ഞാറേക്കൂറ്റു കോരമല്പാന്റെ കീഴിൽ സുറിയാനി പഠിക്കുകയും പ്രസ്തുത ഭാഷയിലും ദൈവശാസ്ത്രത്തിലും അവഗാഹം നേടുകയും ചെയ്തു. എട്ടാം മാർത്തോമ്മായിൽനിന്ന് കത്തനാരുപട്ടം ഏറ്റ ശേഷം ഇദ്ദേഹം മാരാമൺ പള്ളിയിലെ കൊച്ചുകത്തനാരായി സേവനം നടത്തിവന്നു.

കോട്ടയം പഴയസെമിനാരി

[തിരുത്തുക]

എട്ടാം മാർത്തോമ്മായുടെ കാലത്താണ് കോട്ടയം പഴയസെമിനാരിയുടെ ആവിർഭാവം. 1810-ൽ കേണൽ മൺറോ ബ്രിട്ടിഷ് റസിഡന്റായി നിയമിക്കപ്പെട്ടശേഷം, പ്രത്യേകിച്ച് 1816 മുതൽ 1819 വരെയുള്ള കാലഘട്ടത്തിൽ, സി.എം.എസ്. മിഷനറിമാർ തിരിവിതാംകൂറിൽ വന്നുചേർന്നു. സുറിയാനി സഭയുടെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടമാണിത്. മിഷനറിമാരുടെ സഹായത്തോടുകൂടി കോട്ടയം പഴയ സെമിനാരിയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ അവിടെ സുറിയാനി പഠിപ്പിക്കാൻ കോനാട്ടു മല്പാനോടൊപ്പം അബ്രഹാം മല്പാനും നിയമിതനായി.

മലങ്കര സുറിയാനി സഭയുടെ നവീകരണം

[തിരുത്തുക]

മലങ്കര സുറിയാനി സഭയിൽ അന്നുണ്ടായിരുന്ന ആചാരവൈകൃതങ്ങൾ തുടച്ചുനീക്കി സഭയെ ശുചീകരിക്കുക എന്ന മഹാസംരംഭത്തിലേർപ്പെടാൻ അബ്രഹാം മല്പാന് മിഷനറിമാരോടുള്ള സമ്പർക്കം കൊണ്ടും വേദപുസ്തകപഠനം കൊണ്ടും സിദ്ധിച്ച പുതിയ വെളിച്ചം പ്രചോദനം നൽകി. പന്ത്രണ്ടു പ്രമുഖ വൈദികർ അബ്രഹാം മല്പാന് പിന്തുണ നൽകി. അവർ കൂടിയാലോചിച്ച് ആരാധനാക്രമം പരിഷ്കരിച്ചു. സുറിയാനിയിലുള്ള വി. കുർബാനക്രമം മലയാളത്തിൽ തർജുമ ചെയ്ത് ഉപയോഗിക്കണമെന്നും തീരുമാനിച്ചു.

എ.ഡി. 1837-ൽ അബ്രഹാം മല്പാൻ മാരാമൺ ഇടവകയിൽ ശുചീകരണ പരിപാടികൾ നടപ്പാക്കി. മലയാളത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന ചേപ്പാട് മാർ ദിവന്യാസിയോസും അനുയായികളും അബ്രഹാം മല്പാൻ വരുത്തിയ നവീകരണത്തെ എതിർത്തു. തുടർന്നു മല്പാന് അതിശക്തമായ എതിർപ്പുകളെ നേരിടേണ്ടിവന്നു. ഇതിനിടയ്ക്ക് മിഷനറിമാരും മലങ്കരമെത്രാപ്പോലീത്തയും തമ്മിൽ പിണങ്ങിപ്പിരിഞ്ഞു.

അനവധി പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും യാതൊരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ വ്യക്തമായ ലക്ഷ്യബോധത്തോടും ദൃഢവിശ്വാസത്തോടുംകൂടി, സഭയുടെ നവീകരണത്തിനുവേണ്ടി അർപ്പിതബുദ്ധ്യാ യത്നിച്ച അബ്രഹാം മല്പാൻ 1846 ചിങ്ങം 24-ന് 50-ആമത്തെ വയസ്സിൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്രഹാം മല്പാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്രഹാം_മല്പാൻ&oldid=3970091" എന്ന താളിൽനിന്ന് ശേഖരിച്ചത്