അമലസുന്ത
ഇറ്റലിയിലെ ഒസ്റ്റ്രഗോത്ത് രാജാവായിരുന്ന തിയോഡെറിക്കിന്റെ (454-526) പുത്രിയാണു് അമലസുന്ത. 515-ൽ യുഥാറിക് എന്ന പ്രഭുവിനെ വിവാഹം കഴിക്കുകയും യുഥാറികിന്റെ മരണശേഷം 526-ൽ അവരുടെ പുത്രനായ അഥാലാറിക് രാജ്യാവകാശിയാകുകയും ചെയ്തു. അക്കാലത്ത് അമലസുന്ത റീജന്റായി ഭരണം നടത്തി. അഥാലാറിക്കിന്റെ മരണശേഷം (ഒ. 2, 534) അമലസുന്ത രാജ്ഞിയായി. അവർ ബന്ധുവായ തിയോഡഹാഡിനെ സഹഭരണാധികാരിയായിരിക്കാൻ ക്ഷണിച്ചെങ്കിലും അയാൾ അതിനു വഴിപ്പെട്ടില്ല.
ബൈസാന്തിയൻ സാമ്രാജ്യവുമായി സൌഹൃദബന്ധങ്ങൾ പുലർത്തുന്നതിൽ പ്രത്യേകം നിഷ്കർഷിച്ചിരുന്ന അമലസുന്തയെ എതിർത്ത പ്രഭുക്കൻമാർ നാടുകടത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്തത് ഒസ്റ്റ്രഗോത്ത് വർഗക്കാരിൽ അമർഷം ഉളവാക്കി. തന്റെ നില കൂടുതൽ സുരക്ഷിതമാക്കുന്നതിനായി അമലസുന്ത ബൈസാന്തിയൻ ചക്രവർത്തിയായ ജസ്റ്റിനിയനു (483-565) മായി സുഹൃദ്ബന്ധം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഏറെത്താമസിയാതെ അമലസുന്ത രാജ്യത്തുനിന്ന് ബഹിഷ്കൃതയായി. പൗരസ്ത്യ-പാശ്ചാത്യ-റോമാ സാമ്രാജ്യങ്ങളിലെ വിദ്യാഭ്യാസ സംസ്കാരികാദികളെ പ്രോത്സാഹിപ്പിക്കാൻ അമലസുന്ത ശ്രമങ്ങൾ നടത്തി. ഇതിഷ്ടപ്പെടാതിരുന്ന ഗോത്തുവർഗക്കാരുടെ അവജ്ഞയ്ക്കും ശത്രുതയ്ക്കും അവർ പാത്രമായി. ബൊൾസേനയിലെ ടസ്കൻ തടാകത്തിലെ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട അമലസുന്ത 535-ൽ വധിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- This article incorporates text from the Encyclopædia Britannica Eleventh Edition, a publication now in the public domain.
- Continuité des élites à Byzance durante les siècles obscurs. Les princes caucasiens et l'Empire du VIe au IXe siècle, 2006
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമലസുന്ത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |