അമാൽറിക്ക്
അമാൽറിക്ക് | |
---|---|
ജീവിതപങ്കാളി(കൾ) | Agnes of Courtenay Maria Komnene |
മാതാപിതാക്ക(ൾ) | Fulk, King of Jerusalem Melisende, Queen of Jerusalem |
ജറുസലേമിലെ രണ്ടു രാജാക്കൻമാരായിരുന്നു അമാൽറിക്ക് ഒന്നാമനും (1135-74) അമാൽറിക് രണ്ടാമനും (1144-1205). ഇവരെ പൊതുവെ അമാൽറിക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്.
അമാൽറിക്ക് I
[തിരുത്തുക]ജ്യേഷ്ഠസഹോദരനായ ബാൾഡ്വിനെ (III) തുടർന്ന് 1164-ൽ രാജാവായി. ഈജിപ്റ്റിനെ കീഴടക്കാൻ നൂറുദ്ദീനോട് ഇദ്ദേഹം അഞ്ചു സംവത്സരക്കാലം നിരന്തരം യുദ്ധം ചെയ്തു. ഈജിപ്തിലെ ഖലീഫയുടെ നിര്യാണത്തെത്തുടർന്ന് (1171) നൂറുദ്ദീന്റെ സൈന്യാധിപനായ ഷർക്കിന്റെ അനന്തരവനായ സാലാവുദ്ദീൻ ഈജിപ്തിൽ രാജാവായതോടുകൂടി അമാൽറിക്കിനു തന്റെ ലക്ഷ്യം ഉപേക്ഷിക്കേണ്ടിവന്നു. ബൈസാന്തിയൻ സാമ്രാജ്യവുമായി അടുത്തബന്ധം പുലർത്തുന്നതിൽ അമാൽറിക്ക് പ്രത്യേകം നിഷ്കർഷിച്ചു. അമാൽറിക്ക് ഒരു പണ്ഡിതൻ കൂടിയായിരുന്നതായി കരുതപ്പെടുന്നു. 1174-ൽ അമാൽറിക്ക് നിര്യാതനായി.
അമാൽറിക്ക് II
[തിരുത്തുക]സൈപ്രസിലെയും ജറുസലേമിലെയും രാജാവ്. സൈപ്രസിലെ രാജാവ് നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ സഹോദരനായ അമാൽറിക്ക് സൈപ്രസിലെ രാജാവായി. അമാൽറിക്ക് I-ന്റെ പുത്രിയായ ഇസബെല്ലയെ ആണ് അമാൽറിക്ക് II വിവാഹം ചെയ്തിരുന്നത്. അമാൽറിക്ക് I-ന്റെ നിര്യാണത്തോടെ (1174) അമാൽറിക്ക് II ജറുസലേമിലെയും രാജാവായി. ഈജിപ്തുമായി ഇദ്ദേഹം അഞ്ചുകൊല്ലത്തെ അനാക്രമണ സന്ധിയുണ്ടാക്കി, സമാധാനം സ്ഥാപിച്ചു (1198). ഈ സന്ധി വീണ്ടും ആറു കൊല്ലത്തേക്ക് (1204) പുതുക്കുകയുണ്ടായി. 1205-ൽ അമാൽറിക്ക് II നിര്യാതനായി. തുടർന്ന് ജറുസലേമിന്റെ ഭരണാവകാശം ഇസബെല്ലയുടെ പുത്രിയായ മേരിക്കു ലഭിച്ചു. സൈപ്രസിലെ ഭരണാവകാശം അമാൽറിക്ക് II-ന്റെ പുത്രനായ ഹഗ്ഗിനു ലഭിക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- അമാൽറിക്ക് Archived 2016-03-05 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമാൽറിക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |