Jump to content

അമീബിയ പ്രത്യൗഷധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമീബിയാസിസ് (Amoebiasis) എന്ന രോഗത്തിനു പ്രതിവിധിയായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളാണ് അമീബിയ പ്രത്യൗഷധങ്ങൾ. അമീബകൾ പലതരം ഉണ്ട്. അവയിൽ എന്റമീബ ഹിസ്റ്റോളിറ്റിക്ക (Entamoeba histolytica) എന്ന ഇനമാണ് രോഗത്തിനു മുഖ്യകാരണം. ഭൂമിയിൽ ഇവ സാർവത്രികമായിട്ടുണ്ടെങ്കിലും ഉഷ്ണരാജ്യങ്ങളിൽ അധികമായിക്കാണും. ഇവ തുടക്കത്തിൽ അതിസാരവും രക്താതിസാരവും തുടർന്നു കരൾവീക്കം, കരൾപ്പഴുപ്പ് എന്നിവയും ഉണ്ടാക്കും.

തരങ്ങൾ

[തിരുത്തുക]

പ്രാകൃതികൗഷധങ്ങൾ

[തിരുത്തുക]

വള്ളിപ്പാല (Ipecacaunha), കുടകപ്പാല, (Kurchi) എന്നിവയാണ് ആദ്യകാലത്ത് അമീബിയാസിസിന് ഉപയോഗിച്ചിരുന്ന ഔഷധങ്ങൾ. വള്ളിപ്പാലയുടെ വേരിൽ ഉപസ്ഥിതമായ എമറ്റിൻ (Emetin) എന്ന ഒരു ആൽക്കലോയ്ഡാണ് ഔഷധമായി പ്രവർത്തിക്കുന്നത്. 1817-ൽ ഈ ആൽക്കലോയ്ഡ് വേർതിരിച്ചെടുക്കപ്പെട്ടു. അമീബിയാസിസ് മൂലമുളവാകുന്ന വേദന, ജ്വരം മുതലായ ഗുരുതരാവസ്ഥകളെ നിയന്ത്രിക്കുന്നതിന് എമറ്റിൻ ഹൈഡ്രൊക്ളോറൈഡ് കുത്തിവയ്ക്കാറുണ്ട്. പക്ഷേ വിഷവീര്യമുള്ള പദാർഥമാകയാൽ ഇതിന്റെ പ്രയോഗത്തിൽ പ്രത്യേകം ശ്രദ്ധയും മേൽനോട്ടവും ആവശ്യമാണ്. എമറ്റിനും ബിസ്മത്ത് അയഡൈഡും ചേർന്ന ഒരു സങ്കീർണയൌഗികമായ എമറ്റിൻ ബിസ്മത്ത് അയഡൈഡ് വായിൽകൂടെയും കൊടുത്തുവരുന്നു.

കുടകപ്പാലയുടെ തൊലി അമീബികാതിസാരത്തിനു മരുന്നായി ആയുർവേദത്തിൽ വിധിച്ചിരിക്കുന്നു. ഈ തൊലിയിൽ അടങ്ങിയ മൊത്തം ആൽക്കലോയ്ഡുകളും ബിസ്മത്ത് അയഡൈഡും ചേർന്ന ഒരു ഔഷധം ഗുളിക രൂപത്തിൽ ലഭ്യമാണ്. കുടകപ്പാലത്തൊലിയിൽ അനേകം ആൽക്കലോയ്ഡുകൾ ഉള്ളതിൽ ഏറ്റവും പ്രധാനം കൊണിസ്സൈൻ (Conessine) ആണ്.

മെക്സിക്കോയിൽ പ്രചാരത്തിലുണ്ടായിരുന്ന സിമറൂബ-ഉത്പന്നങ്ങൾ, ഏഷ്യയിൽ ശതാബ്ദങ്ങളായി ഉപയോഗിച്ചു വരുന്ന ബ്രൂസിയ എന്ന ചെടിയുടെ കുരുവിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയും അമീബികാതിസാരത്തിനു സമർഥമായ പ്രാകൃതികൌഷധങ്ങളാണ്.

ആന്റിബയോട്ടിക്കുകൾ

[തിരുത്തുക]

ക്ളോറാംഫെനിക്കോൾ (Chloram-phenicol), ടെട്രാ സൈക്ളിനുകൾ (tetracyclins), ബാസിട്രസിൻ (Bacitracin), കാർബൊമൈസിൻ (Carbomycin), പോളിമിക്സിൻ-ബി (Polymyxin B) മുതലായ ആന്റിബയോട്ടിക്കുകൾക്ക് അമീബികാതിസാരം ചെറുക്കുന്നതിന് ഏറെക്കുറെ കഴിവുണ്ട്. എങ്കിലും സംശ്ളേഷിത-ഔഷധങ്ങൾക്ക് (Synthetic drugs) ആനുബന്ധമായിട്ടേ ഇവയെ പ്രായേണ പ്രയോഗിക്കാറുള്ളൂ.

സംശ്ളേഷിത-ഔഷധങ്ങൾ

[തിരുത്തുക]
ക്വിനൊലിൻ വ്യുത്പന്നങ്ങൾ (quinoline derivatives).

ഇവ അമീബികാതിസാരത്തിനു കൈകണ്ട ഔഷധങ്ങളാണ്. അമീബ മൂലം ഉണ്ടാകുന്ന കുടൽവീക്കം ഈ മരുന്നുകൾകൊണ്ട് ശമിപ്പിക്കാം. താരതമ്യേന ഇവയ്ക്കു വിഷവീര്യം കുറയും. മരുന്നുകളായിട്ടുപയോഗിക്കുന്ന 8-ഹൈഡ്രോക്സി ക്വിനൊലിൻ വ്യുത്പന്നങ്ങളിൽ പ്രധാനപ്പെട്ട മൂന്നെണ്ണത്തിന്റെ ഫോർമുലയും പേരും താഴെ കൊടുക്കുന്നു:

അടുത്തകാലത്ത് വേറെ ചില ക്വിനൊലിൻ വ്യുത്പന്നങ്ങളും ചികിത്സാരംഗത്തിൽ പ്രവേശിച്ചിട്ടുണ്ട്.

മറ്റ് കാർബണിക യൗഗികങ്ങൾ

ക്ളോറോക്വിൻ, സാന്റൊക്വിൻ, ക്വിനാക്രിൻ മുതലായ ആന്റിമലേറിയൽ ഔഷധങ്ങളും അമീബമൂലം ഉണ്ടാകുന്ന കരൾവീക്കത്തിന് പ്രതിവിധിയായിട്ടുപയോഗിക്കാം. എന്നാൽ സാധാരണമായി ഇവ ക്വിനൊലിൻ ഔഷധങ്ങളോടൊത്തു പ്രയോഗിക്കുകയാണ് പതിവ്.

ഓർഗാനൊ മെറ്റാലിക് യൗഗികങ്ങൾ

അസറ്റാർസോൺ (Acetarsone), കാർബർസോൺ (Carbarsone) മുതലായ ആർസനിക-കാർബണിക യൗഗികങ്ങൾ നല്ല അമീബിക പ്രത്യൗഷധങ്ങൾ ആണ്. പക്ഷേ, ഇവയ്ക്കെല്ലാം അല്പം വിഷാലുത്വം ഉണ്ട്. ചില ആന്റിമണി-കാർബണിക യൗഗികങ്ങളും അമീബിക പ്രത്യൗഷധങ്ങളായി പ്രയോഗിച്ചു വരുന്നു. നോ: അമീബിക-അതിസാരം

"https://ml.wikipedia.org/w/index.php?title=അമീബിയ_പ്രത്യൗഷധങ്ങൾ&oldid=1969324" എന്ന താളിൽനിന്ന് ശേഖരിച്ചത്