Jump to content

അമ്മച്ചിപ്ലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രത്തിൽ

[തിരുത്തുക]

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ മഹാരാജാവ് ദുർബലനായിരുന്നതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്. ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും അതിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന പ്രഭുശക്തിയെ അമർച്ച ചെയ്യാനും അദ്ദേഹം ശ്രമം തുടങ്ങി. തന്നിമിത്തം പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. യുവരാജാവിനു സ്വൈരസഞ്ചാരം സാധ്യമായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിനു പ്രച്ഛന്നവേഷനായി യാത്രചെയ്യേണ്ടിവന്നു. ഒരിക്കൽ നെയ്യാറ്റിൻകരയിൽ വച്ചു ശത്രുക്കളുടെ കൈയിലകപ്പെടുമെന്ന നിലയിലെത്തിയ യുവരാജാവ് അടുത്തു കണ്ട ഇഞ്ചപ്പടർപ്പിനിടയിൽ അഭയംതേടി. അവിടെ ഒരു വലിയ പ്ലാവ് നിന്നിരുന്നു.[1] ശത്രുഹസ്തങ്ങളിലകപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ ആലോചിച്ചുകൊണ്ടു നില്ക്കുമ്പോൾ അദ്ദേഹത്തിന്റെ മുൻപിൽ ഒരു ബാലൻ പ്രത്യക്ഷനായി എന്നും 'ഈ പ്ലാവിന്റെ പൊത്തിൽ കടന്നുകൊള്ളുക' എന്നു പറഞ്ഞിട്ട് ബാലൻ ഓടിമറഞ്ഞുവെന്നും ഐതിഹ്യമുണ്ട്. അദ്ദേഹം ആ പ്ലാവിന്റെ വലിയ പൊത്തിൽ കയറി ഒളിച്ചിരുന്നു. അദ്ദേഹത്തെ പിൻതുടർന്നുവന്നവർ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാതെ നിരാശപ്പെട്ടു മടങ്ങി. ശത്രുക്കൾ വളരെ ദൂരെയായി എന്നു ബോധ്യമായപ്പോൾ യുവരാജാവ് അവിടെനിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1757-ൽ ആ സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രവളപ്പിനകത്തു വടക്കു പടിഞ്ഞാറെ കോണിലായി നില്ക്കുന്ന പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പറഞ്ഞുപോരുന്നു. അമ്മച്ചിപ്ലാവിന് 1500-ൽപ്പരം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായം.[2]

ഇപ്പോൾ

[തിരുത്തുക]

രണ്ടു ശിഖരങ്ങൾ മാത്രമേ ഇപ്പോൾ പ്ലാവിലുള്ളു. പ്ലാവിന് ഭംഗിയായി കല്തറകെട്ടി അതിന്മേൽ ഗണപതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചുറ്റമ്പലങ്ങളിലെ വിഗ്രഹങ്ങളെയെന്ന പോലെ ഭക്തജനങ്ങൾ ഇതിനെയും വന്ദിച്ചുവരുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.keralaculture.org/malayalam/cultural-atlas/ammachiplavu/27
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-20. Retrieved 2019-04-20.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമ്മച്ചിപ്ലാവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമ്മച്ചിപ്ലാവ്&oldid=3650725" എന്ന താളിൽനിന്ന് ശേഖരിച്ചത്