അറഫാദിനം
ഇസ്ലാമിക കാലഗണന രീതി അനുസരിച്ച് ദുൽഹജ്ജ് മാസം 9-നെ അറഫാദിനം അഥവാ യൌം അറഫ (അറബി: يوم عرفة) എന്ന് അറിയപ്പെടുന്നു. മുഹമ്മദ് നബി വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജതുൽ വദാ (അറബി: حجة الوداع) നിർവഹിച്ച് ഇസ്ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചത് ഹിജ്റ വർഷം10-നു (632 CE) വെള്ളിയാഴ്ച ഇതേ ദിവസമായിരുന്നു. റമദാൻ മാസം കഴിഞ്ഞ് ഏകദേശം 70 ദിവസങ്ങൾക്ക് ശേഷമാണിത്. ഹജ്ജ് കർമ്മത്തിന്റെ രണ്ടാമത്തെ ദിവസമാണ് അറഫാദിനം. ഇതിനടുത്ത ദിവസം (ദുൽഹജ്ജ് 10) ബലിപെരുന്നാൾ അതായത് ഈദുൽ അദ്ഹ കടന്നു വരുന്നു.
അറഫാ പ്രഭാഷണം
[തിരുത്തുക]ഹിജ്റ പത്താമത്തെ വർഷം അറഫയിൽ ഹജ്ജിനോടനുബന്ധിച്ച് നടന്ന പ്രഭാഷണം നബിയുടെ അവസാനത്തെ പ്രസംഗമായി കണക്കാക്കപ്പെടുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായും ഈ പ്രഭാഷണത്തെ കണക്കാക്കുന്നു.[1]
അവസാന പ്രസംഗത്തിൽ നിന്ന്...
“ | മനുഷ്യരേ! എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാൻ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു. ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യം ചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവനാശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകൻ തന്നെ. നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു. ആദം മണ്ണിൽനിന്നും. നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങൾ ഖുർആൻ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമത്രെ അത്. ജനങ്ങളെ! സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്റെ സംതൃപ്തിയോടുകൂടിയല്ലാതെ അവന്റെ ധനം കരസ്ഥമാക്കുവാൻ ഒരാൾക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. ആ ഇനത്തിൽ ഒന്നാമതായി ഞാൻ ദുർബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അല്ലാഹു നിങ്ങളോട് സൂക്ഷിക്കാനേൽപ്പിച്ച ആസ്തിയാണ് (അമാനത്ത്) നിങ്ങളുടെ പത്നിമാർ. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക. മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ നാഥന്റെ പരിശുദ്ധഹറമിൽ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോൾ നിങ്ങളുടെ നാഥന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം. ' പ്രസംഗത്തിന്റെ അവസാനത്തിൽ ആ ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയിൽ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ പറയുക?.'ജനസമൂഹം ഒരേ സ്വരത്തിൽ മറുപടി നൽകി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാദ്ധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ മറുപടി നൽകും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയർത്തികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! |
” |
ഇങ്ങനെ മൂന്നുപ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-23. Retrieved 2011-11-04.