തീക്കൊള്ളി വേഗം ചുഴറ്റുമ്പോഴുണ്ടാകുന്ന അഗ്നിരേഖാചക്രം. തീക്കൊള്ളി ചക്രാകാരമല്ലെങ്കിലും അതു വട്ടത്തിൽ ചുഴറ്റുന്നതുകൊണ്ട് ചക്രാകൃതിയാണെന്ന ഭ്രമം കാണികൾക്കുണ്ടാകുന്നു. ചലിപ്പിക്കുന്നതിനനുസരിച്ച് ഉണ്ടാകുന്ന ദീർഘം, കോണം മുതലായ ആകൃതികളും അപ്രകാരംതന്നെ. ഇങ്ങനെ പലവിധത്തിൽ ചലിപ്പിക്കുന്ന അലാതത്തിൽ പലവിധം ആകൃതികൾ തോന്നുകയും ചലനം നിർത്തുമ്പോൾ, അഥവാ ചലനം മാത്രമാണ് തോന്നലിനു കാരണമെന്നറിയുമ്പോൾ, ആ തോന്നൽ (ഭ്രമജ്ഞാനം) ഇല്ലാതാകുകയും ചെയ്യും.
അലാതചക്രത്തിന്റെ ഈ ഉദാഹരണം അദ്വൈതവാദികൾ സ്വമതസിദ്ധാന്തത്തിന് പ്രയോജനപ്പെടുത്താറുണ്ട്. മാണ്ഡൂക്യോപനിഷത്തിന് കാരികയെഴുതിയ ഗൗഡപാദാചാര്യൻ ഗ്രന്ഥത്തിന്റെ നാലാമത്തെ പ്രകരണത്തിന് അലാതശാന്തിപ്രകരണം എന്നാണു പേർ ഇട്ടിട്ടുള്ളത്. പരമമായ സത്യം അദ്വൈതമാണെന്നും അതിൽ വാസ്തവത്തിൽ ദ്വൈതം ഇല്ലെന്നും ദ്വൈതം ആധാരമായ അദ്വൈതത്തിൽത്തന്നെ അജ്ഞാനംകൊണ്ടു തോന്നുകയാണു ചെയ്യുന്നത് എന്നും സമർഥിക്കുവാനാണ് അലാതചക്രദൃഷ്ടാന്തം കൊണ്ട് ആചാര്യൻ ഉദ്ദേശിച്ചിട്ടുള്ളത്.
ഋജു (നേരെയുള്ളത്), വക്രം മുതലായ തോന്നൽ എപ്രകാരം അലാതത്തിന്റെ സ്പന്ദിതം (ഇളക്കം) കൊണ്ടാണോ അപ്രകാരം ഗ്രഹണം എന്നും ഗ്രാഹകൻ എന്നും ഉള്ള ദ്വൈതദർശനം വിശേഷജ്ഞാനത്തിന്റെ (നിർവിശേഷജ്ഞാനത്തിന്റെ അല്ല) സ്പന്ദിതം (ഇളക്കം, അസ്ഥിരത) കൊണ്ടാണ് എന്നു സാരം. നിർവിശേഷജ്ഞാനത്തിനേ സ്ഥിരതയുള്ളു. വിശേഷജ്ഞാനം യഥാർഥജ്ഞാനമുണ്ടാകുമ്പോൾ നശിക്കുന്നതാകകൊണ്ട് സ്ഥിരതയില്ലാത്തതാണ്.