അവശിഷ്ടപർവ്വതം
വ്യാപകമായ അപരദനത്തെ അതിജീവിച്ച് പർവതാകാരത്തിൽ എഴുന്നു കാണുന്ന ഒറ്റപ്പെട്ട ഭൂരൂപങ്ങളാണ് അവശിഷ്ടപർവ്വതം. സാധാരണയായി ഇത്തരം പർവ്വതങ്ങളുടെ പ്രത്യേകതകൾ മൂന്നാണ്:
- അവ സമീപപ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ഉയരത്തിൽ എഴുന്നു നില്ക്കുന്നു;
- അവയ്ക്ക് ഇടുങ്ങിയ ഒരു ശിഖരവും തൂക്കായി ചരിഞ്ഞ പാർശ്വങ്ങളുമുണ്ട്;
- അനേകം ഇടുങ്ങിയ താഴ്വരകളും അവയ്ക്കു മധ്യത്തായി നീണ്ട തിണ്ടുകളും ഉൾക്കൊണ്ടു കാണുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
പർവ്വതങ്ങളുടെ ഉദ്ഗമം രണ്ടു വിധത്തിലാകാം; വിവർത്തനിക (tectonic)[1] പ്രക്രിയകളുടെ ഫലമായി മടങ്ങി ഉയർന്നവയായോ, അപരദനം മൂലം സമീപസ്ഥ ശിലകൾക്കു നശീകരണം സംഭവിക്കുമ്പോൾ വിനാശത്തിനു വഴിപ്പെടാതെ അവശിഷ്ടമായോ ആണ് പർവതങ്ങൾ രൂപംകൊള്ളുന്നത്. ഇവയിൽ രണ്ടാമത്തെ ഇനമാണ് അവശിഷ്ടപർവതങ്ങൾ. പ്രോത്ഥാന (upheaval)[2] വിധേയമാവുന്ന ഓരോ പ്രദേശവും അപരദനത്തിനു വഴിപ്പെടുന്നു. കാഠിന്യത്തിന്റെ ഏറ്റക്കുറവനുസരിച്ച് അപരദനത്തിന്റെ തോതും വ്യത്യസ്തമായിരിക്കും. നർമശിലകൾ(soft rocks) വിഘടിപ്പിക്കപ്പെട്ട് വഹിച്ചു നീക്കപ്പെടുമ്പോൾ കഠിനശിലകൾ യഥാരൂപത്തിൽ ശേഷിക്കുന്നു.
പൂർണമായും മേല്പറഞ്ഞതുപോലെ രൂപംകൊണ്ട പർവതങ്ങൾ വിരളമാണ്. പർവതനസമയത്തു മറ്റു പല സഹായകഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടാവും. കാനഡയിൽ ക്യൂബെക് സംസ്ഥാനത്തെ ലാറെൻഷ്യൻ പർവതങ്ങൾ(Laurentian Mountains) ഭാഗികമായി അവശിഷ്ടപർവതങ്ങളാണ്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അവശിഷ്ടപർവ്വതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |