Jump to content

അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്
Cover -->
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ശ്രീ ആനന്ദ് നീലകണ്ഠൻ
യഥാർത്ഥ പേര്Asura tale of the vanquished
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്

രാക്ഷസ രാജാവായ രാവണനെ കേന്ദ്ര കഥാപാത്രമാക്കി ഇംഗ്ലിഷിൽ എഴുതപ്പെട്ട പുസ്തകമാണ് അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്. ഇന്ത്യൻ ഓയിൽ കോർപറേഷനിലെ മാനേജർ ആയ ശ്രീ ആനന്ദ് നീലകണ്ഠൻ ആണ് രചയിതാവ്.

കഥാസൂചന

[തിരുത്തുക]

ആസുരിക ഭാവമാണെങ്കിലും രാവണനിലും നന്മയുടെ അംശങ്ങളുണ്ട്. ആസുരിക ലോകം കണ്ടതിൽ വച്ചേറ്റവും ധൈര്യശാലിയും പണ്ഡിതനും വാഗ്മിയും ശക്തിമാനുമായിരുന്നു രാവണൻ. ബ്രാഹ്മണ കുലത്തിലാണ് ജനിച്ചതെങ്കിലും അസുരനായി വളർന്ന രാവണനിൽ ചില സമയങ്ങളിൽ തന്റെ പൈതൃകം വെളിവാകുന്നതു കാണാം. രാക്ഷസരാജനായിരുന്നെങ്കിലും ലങ്കാ നിവാസികൾക്ക് രാവണൻ ഉത്തമനായ ഭരണാധികാരിയായിരുന്നു. മാത്രമല്ല ശൈവാരാധകനായിരുന്ന രാവണൻ ധാരാളം ക്ഷേത്രങ്ങളും പണികഴിപ്പിച്ചിരുന്നു. സംസ്കൃത സാഹിത്യത്തിലെ ഏറ്റവും പടു കഠിനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ശിവ താണ്ഡവ സ്തോത്രം എഴുതിയത് രാവണനാണ്. ഇതൊക്കെയായിരിക്കാം ഇന്നും ലങ്കാനിവാസികൾ രാവണനെ ആരാധിക്കുന്നതിനു നിദാനം. രാവണന്റെ ആസുരികമായ ഭാവം പുറമെയുള്ള ഒരു ചട്ടക്കൂടു മാത്രമാണ്. ചില നേരങ്ങളിൽ രാവണനിലെ അസുരനും ബ്രാഹ്മണനും പരസ്പരം ഏറ്റുമുട്ടുന്നതു കാണാം. സീതാപഹരണത്തിൽ ഇതു വ്യക്തമാണ്. വാല്മീകി രാമായണം ഉൾപ്പെടെയുള്ള പല രാമരാവണ കഥകളിലും ഇതു വ്യക്തമാണ്. തീർച്ചയായും അസാമാന്യമായ ബുദ്ധിവൈഭവവും പാണ്ഡിത്യവും കലാനിപുണതയുമുള്ള രാവണൻ വെറും സുഖലോലുപതയ്ക്കു വേണ്ടി സീതാപഹരണം ചെയ്യാൻ വഴിയില്ല. നന്മയേയും തിന്മയയേയും വേർതിരിക്കുന്ന ചില ഉൾബോധങ്ങൾ നഷ്ട്ടപ്പെട്ടതായിരിക്കാം രാവണനെ ബാധിച്ച പ്രശ്നമെന്നു ഭാരതീയരല്ലാത്ത ചില ആധുനിക പുരാണ പണ്ഡിതർ പറയുന്നുണ്ട്. മഹാഭാരതത്തിലെ കർണൻ തീർച്ചയായും ഇതുപോലൊരു കഥാപാത്രമാണ്. നൈമിഷികമല്ലാത്ത ത്രിശങ്കു സ്വർഗ്ഗത്തിലാണ് ഇവർ രണ്ടു പേരും.

അസുര എന്നത് രാവണന്റെ മാത്രം കഥയല്ല. ഈ പുസ്തകത്തിൽ മറ്റൊരു നായകനും ഉണ്ട്. ഒരു സാധാരണ അസുരനായ ഭദ്രൻ. രാവണനും ഭദ്രനും മാറിമാറി അവരവരുടെ കഥ പറയുന്ന രീതിയിൽ ആണ് ഇതിലെ ആഖ്യാന രീതി. അസുര എന്ന ഈ പുസ്തകം രാമനാൽ കൊലചെയ്യപ്പെട്ട അസുരരാജാവായ രാവണന്റെയും, വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവനും അജ്ഞനും അവഗണിക്കപ്പെട്ടവനും ആയ, പാവപ്പെട്ടവനും കറുത്തവനുമായ, ഒരു സാധാരണ അസുരനായ ഭദ്രന്റെയും കാഴ്ചപ്പാടിൽ രാമായണത്തെ നോക്കികാണുന്നു. പുരാതനമായ അസുര സാമ്രാജ്യത്തിലൂടെയുള്ള ഒരു മഹായാത്രയാണിത്‌. കൂടാതെ, പകുതി ബ്രാഹ്മണനും പകുതി അസുരനുമായി ജീവിച്ച ഒരു ശൈശവത്തിൽ നിന്നും അതിശക്തനായ ഒരു സ്വേച്ഛാധിപതിയിലേക്കുള്ള രാവണന്റെ വളർച്ചയും നാം രാമായണത്തിൽ കാണുന്നു. മഹാബലിയുടെ രാജ്യത്തിൽ ദേവന്മാർ യുദ്ധം നയിച്ചപ്പോൾ സ്വന്തം കുടുംബം നഷ്ടപ്പെട്ട അസുരനാണ് ഭദ്രൻ. മറ്റു പല അസുരന്മാരെ പോലെ തന്നെ അവസാനത്തെ അസുര രാജാവായ മുസിരിസിലെ മഹാബലിയും വാമനന്റെ കുതന്ത്രത്തിൽ അടിയറവു പറഞ്ഞപ്പോൾ ദേവന്മാർക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഭദ്രനും പ്രതിജ്ഞ ചെയ്തു. അസുരന്മാർ അവരുടെ നഷ്ടപ്പെട്ട പ്രതാപവും സംസ്കാരവും തിരിച്ചുപിടിക്കാൻ കെൽപ്പുള്ള ഒരാളായി രാവണനെ കണ്ടു. രാവണൻ, ഭദ്രനെ പോലുള്ള സാധാരണ അസുരന്മാരുടെയും, മാരീചൻ, പ്രഹസ്തൻ, രുദ്രകൻ തുടങ്ങിയ മിടുക്കരായ മന്ത്രിമാരുടെയും സഹായത്തോടെ പല പ്രശസ്ത വിജയങ്ങളും നേടിയെങ്കിലും സാധാരണ അസുരരുടെ മനസ്സിൽ തങ്ങൾക്കു രാവണന്റെ ഭരണത്തിൻകീഴിൽ മെച്ചമൊന്നും ഉണ്ടായില്ല എന്നൊരു തോന്നലായിരുന്നു. ഈ കഥയിൽ സീത രാവണന്റെ പുത്രിയാണ്. രാവണൻ തന്റെ സഹോദരിയെ അംഗഭംഗം വരുത്തിയ ദേവകളോട് തൻറെ പുത്രിക്ക് വേണ്ടിയാണു യുദ്ധം ചെയ്യുന്നത്. കുതന്ത്രം മെനയുന്ന വിഭീഷണന്റെ കീഴിൽ സാമ്രാജ്യം ചിന്നഭിന്നമാകുമ്പോൾ രാജ്യത്ത് പിടി മുറുക്കുന്ന ജാതി വ്യവസ്ഥയിൽപ്പെട്ടു ഭദ്രന്റെ നില വളരെ മോശമാകുന്നു. ലങ്കയിൽ നിന്നും രക്ഷപ്പെട്ടോടി അയോധ്യയിലെത്തുന്ന ഭദ്രൻ കാണുന്നത് ഒട്ടും വിഭിന്നമല്ലാത്ത കാഴ്ചകൾ തന്നെ. ഇവിടെയും സാധാരണക്കാരന്റെ അവസ്ഥ ദയനീയം തന്നെ. ഭദ്രന്റെ വളര്തു പുത്രനായ ശംഭുകനെ വേദം പഠിച്ചുവെന്ന പേരിൽ രാമൻ തലയറുത്ത് കൊന്നു. അബദ്ധ ധാരണകൾ മാറിയ ഭദ്രൻ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നു. കഥയുടെ അവസാനമെത്തുന്പോഴേക്കും ഭദ്രനെപോലുള്ള ആളുകൾ ജാതി വ്യവസ്ഥയുടെ കുരുക്കുകളിൽ പെട്ട് ശ്വാസം മുട്ടി സമൂഹത്തിൽ ഒറ്റപ്പെടുന്നതും സാക്ഷാൽ രാമൻ പോലും തങ്ങളുടെ മഹത്തായ സംസ്കാരത്തിന്റെ കൂപ്പുകുത്തലിനെതിരെ ഒന്നും ചെയ്യാനാവാതെ നിസ്സഹായനാകുന്നതും നാം കാണുന്നു.

സീതയെ അപഹരിച്ചതിൽ രാവണനുണ്ടായ ദുഃഖം ചില രാമായണങ്ങളിലെങ്കിലും പറയുന്നുണ്ട്. കേവലം ശാരീരികമായ വികാരമായിരിക്കില്ല രാവണനു സീതയോട് തോന്നിയിട്ടുള്ളത്. എന്നാൽ യഥാർഥമായി തോന്നിയതെന്ത് എന്നത് ഇന്നും പുരാണ പണ്ഡിതരെ കുഴക്കുന്ന ഒരു ചോദ്യമാണ്. അശോകവനിയിലെ സീതയെ രാവണൻ ഒരു തവണ പോലും സ്പർശിച്ചിരുന്നില്ല എന്നതു തന്നെ രാവണന്റെ നന്മയെ ചൂണ്ടിക്കാണിക്കുന്നു. രസകരമായ ഒരു സംഗതി, ഭാരതത്തിനു പുറത്തുള്ള ചില രാമായണങ്ങളിൽ രാവണന്റെ മകളാണ് സീത. തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ പുത്രിയെ പ്രണയിച്ചു സ്വന്തമാക്കിയ രാമനിൽ നിന്നും സീതയെ മാറ്റിനിർത്തുക മാത്രമാണ് രാവണൻ ചെയ്തത്. രാമരാവണയുദ്ധം നടന്നപ്പോൾ രാവണനെ വന്ദിച്ചതിനു ശേഷമാണ് രാമൻ യുദ്ധം ചെയ്യാൻ തുടങ്ങിയത്.

രാവണനിലെ ഇത്തരം നന്മകളുടെ ഉറവിടം തേടിപ്പോവുകയാണ് ഈ പുസ്തകത്തിൽ ശ്രീ ആനന്ദ് നീലകണ്ഠൻ ചെയ്തിരിക്കുന്നത്.

പുറം കണ്ണികൾ

[തിരുത്തുക]