അസ്വാൻ അണക്കെട്ട്
അസ്വാൻ അണക്കെട്ട് | |
നദി | നൈൽ നദി |
---|---|
സ്ഥിതി ചെയ്യുന്നത് | ഈജിപ്റ്റ് |
നീളം | 11,811 feet (high Dam) |
ഉയരം | 364 feet |
വീതി (at base) | 3215 feet |
ഈജിപ്തിലെ നൈൽ നദിയ്ക്കു കുറുകേയുള്ള അണക്കെട്ടാണ് അസ്വാൻ അണക്കെട്ട്. വൈദ്യുതോത്പാദനവും, ജലസേചനവുമാണ് പ്രധാന നിർമ്മാണോദ്ദേശ്യം.നൈലിന്റെ തീരപ്രദേശങ്ങളെ ഇടയ്ക്കിടയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളിൽ നിന്നു രക്ഷിയ്ക്കുന്നത് ഈ അണക്കെട്ടാണ്. 1902-ൽ പണിത ആദ്യത്തെ അസ്വാൻ അണക്കെട്ടിന് ഏകദേശം 6 കി.മീ. ദൂരെ മേൽചാൽ ഭാഗത്ത് നിർമ്മിക്കപ്പെട്ട പുതിയ അണക്കെട്ടാണ് ഇപ്പോൾ അസ്വാൻ അണക്കെട്ട് എന്ന് ഇപ്പോൾ അറീയപ്പെടുന്നത്.
ക്രിസ്തുവിന് 3000 വർഷം മുൻപുതന്നെ നൈൽനദിയെ നിയന്ത്രിക്കുന്നതിനും അതിലെ ജലം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും ഈജിപ്തിലെ ജനങ്ങളും ഭരണകർത്താക്കളും ശ്രമിച്ചിരുന്നതായി രേഖകളുണ്ട്. ഫയും എന്ന സ്ഥലത്ത് അമൻമെഹാറ്റ് എന്ന ഫറോവ നിർമിച്ച അണക്കെട്ട്, അണക്കെട്ടുനിർമ്മാണത്തിലെ ഒരു അത്ഭുതമായി ഗണിക്കപ്പെട്ടിരുന്നു. എ.ഡി. 1805-ൽ തുർക്കിസുൽത്താന്റെ വൈസ്രായി ആയിരുന്ന മുഹമ്മദാലിയുടെ കാലത്ത് രണ്ടു യൂറോപ്യൻ എൻജിനീയർമാരുടെ ഉപദേശപ്രകാരം കെയ്റോയുടെ തെക്ക് ആധുനികരീതിയിലുള്ള ഒരു അണക്കെട്ടു പണിതു. അതിന്റെ ഫലം അത്ര തൃപ്തികരമല്ലാതിരുന്നതിനാൽ ബ്രിട്ടീഷ്ഭരണകാലത്ത് സർ കോളിൻ മോൺക്രീഫ് ഇന്ത്യൻ എൻജിനീയർമാരുടെ സഹായത്തോടുകൂടി 1890-ൽ ഈ അണക്കെട്ടിന്റെ ചില കേടുപാടുകൾ തീർത്ത് ഒരു ജലസേചന പദ്ധതി നടപ്പിൽ വരുത്തി.
1902-ൽ അസ്വാൻ എന്ന സ്ഥലത്തിനടുത്ത് 27.4 മീ. ഉയരമുള്ള ഒരണക്കെട്ടു നിർമിച്ചു. അക്കാലത്തെ എൻജിനീയറിങ് പണികളിൽ ഉന്നതസ്ഥാനം ആർജിച്ച ഈ അണക്കെട്ടിന് 9.1 മീ. ആഴത്തിലാണ് അസ്തിവാരമിട്ടത്. 100 കോടി ഘ.മീ. ജലം ഇതിന്റെ ജലസംഭരണിയിൽ ശേഖരിക്കപ്പെട്ടിരുന്നു. നൈൽനദിയുടെ വെള്ളത്തിൽ വളരെയധികം ചേറുണ്ടായിരുന്നതുകൊണ്ട് വെള്ളം തടസ്സംകൂടാതെ വാർന്നുപോകത്തക്കവണ്ണം അണക്കെട്ടിന് സ്ലൂയിസു(Sluice)കളും കവാട(Shutter)ങ്ങളും നിർമിച്ചിരുന്നു. നൈൽനദിയിൽ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഒരു ചെറിയ പങ്കു സംഭരിക്കുവാൻ മാത്രമേ ഈ ജലസംഭരണിക്കു കഴിവുണ്ടായിരുന്നുള്ളു. അതിനാൽ 1912-ൽ ഈ അണക്കെട്ട് 7 മീ. കൂടെ ഉയർത്തി ജലസംഭരണം 250 കോടി ഘ.മീ. ആയി വർധിപ്പിച്ചു. 1934-ൽ ഈ അണക്കെട്ട് 8 മീ. പിന്നെയും ഉയർത്തി ജലസംഭരണം 500 കോടി ഘ.മീ. ആക്കി.
നൈൽ പരിപൂർണമായി നിയന്ത്രിക്കുന്നതിനു പല പദ്ധതികളും 1938 മുതൽ ആവിഷ്കരിക്കപ്പെട്ടുവന്നു. സാങ്കേതിക വിദഗ്ദ്ധന്മാരുടെ അഭാവവും, ഈജിപ്തിന്റെ സാമ്പത്തികവൈഷമ്യവും ഒരു വലിയ പദ്ധതി ഏറ്റെടുക്കുന്നതിന് തടസ്സമായിരുന്നു. 1952-ൽ ഈ പ്രശ്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിശദപഠനങ്ങൾ ആരംഭിച്ചു. പദ്ധതിയുടെ പ്രയോജനവും ഭാരിച്ച ചെലവും കണക്കിലെടുത്ത് ഈജിപ്ത് ലോകബാങ്കിനോടും യുണൈറ്റഡ് സ്റ്റേറ്റ്സിനോടും ഇംഗ്ലണ്ടിനോടും സഹായം അഭ്യർഥിച്ചു. എന്നാൽ അഭ്യർഥനകൾ എല്ലാം നിരസിക്കപ്പെടുകയാണുണ്ടായത്. തുടർന്ന് 1956 ജൂലൈ 26-ന് ഈജിപ്ത് സൂയസ്കനാൽ ദേശസാത്കരിക്കുകയും, സോവിയറ്റ് റഷ്യയുമായി നൈൽ നിയന്ത്രണപദ്ധതി നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഈജിപ്തും സോവിയറ്റ് റഷ്യയുമായി ഉണ്ടാക്കിയ ആദ്യ ഉടമ്പടി 1958 ഡിസംബർ 27-ന് ഒപ്പുവച്ചു. 1960 ജനുവരി 9-ന് അസ്വാൻ ഹൈഡാമിന്റെ പണി ആരംഭിച്ചു.[1] 1968 ജനുവരിയിൽ പണി പൂർത്തിയാക്കി. 1971 ജനുവരിയിൽ 15-ന് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
1902-ൽ പണിത ആദ്യത്തെ അസ്വാൻ അണക്കെട്ടിന് ഏകദേശം 6 കി.മീ. ദൂരെ മേൽചാൽ ഭാഗത്താണ് പുതിയ അണക്കെട്ടു നിർമിച്ചിട്ടുള്ളത്. നിർമ്മാണ കാലഘട്ടത്തിൽ നൈൽ നദീജലം തിരിച്ചുവിട്ടതും ജലനിയന്ത്രണം നിർവഹിച്ചതും വളരെ വൈഷമ്യമേറിയ സാങ്കേതിക പ്രവർത്തനങ്ങളായിരുന്നു. അസ്വാൻ ജലസംഭരണി സുഡാനിലേക്കു വ്യാപിച്ചിരിക്കുന്നതിനാൽ ഇതിൽ ശേഖരിക്കുന്ന വെളളം സുഡാനിലെ ജലസേചനാവശ്യങ്ങൾക്കും ഉപയോഗിക്കുവാൻ ഈജിപ്തും സുഡാനും തമ്മിൽ ഒരു കരാർമൂലം വ്യവസ്ഥചെയ്തിട്ടുണ്ട്.
വളരെ കുറഞ്ഞ തോതിൽ മാത്രം മഴ ലഭിക്കുന്ന പ്രദേശമായതിനാൽ, ഈജിപ്തിലെ കൃഷി മുഖ്യമായും ജലസേചനത്തെ ആശ്രയിച്ചാണ് ചെയ്യപ്പെടുന്നത്. അസ്വാൻ അണക്കെട്ട് ഓരോ വർഷവും ശരാശരി 55 km³ ജലം പ്രദാനം ചെയ്യുന്നതിൽ 46 km³ ജലസേചനത്തിനായി തിരിച്ചുവിടുന്നു. 33,600 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്ക് ഈ ജലം ഉപകരിക്കപ്പെടുന്നു. ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള 175 മെഗാവാട്ട് ശേഷിയുള്ള 12 ജനറേറ്ററുകൾക്ക് 2.1 ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ Collins, Robert O. (2002). The Nile. Yale University Press. p. 181. ISBN 0300097646.
- ↑ M.A. Abu-Zeid & F. Z. El-Shibini:Egypt’s High Aswan Dam Archived 2011-07-20 at the Wayback Machine, Water Resources Development, Vol. 13, No. 2, pp. 209-217, 1997
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അണക്കെട്ട് അസ്വാൻ അണക്കെട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |