അഹ്മദ് ഷാ മസൂദ്
അഹ്മദ് ഷാ മസ്സൂദ് | |
---|---|
1954 സെപ്റ്റംബർ 2 – 2001 സെപ്റ്റംബർ 9 | |
അപരനാമം | പഞ്ച്ശീർ സിംഹം |
ജനനസ്ഥലം | ബസ്രാക്, പഞ്ച്ശീർ, അഫ്ഗാനിസ്താൻ |
മരണസ്ഥലം | തഖാർ പ്രവിശ്യ, അഫ്ഗാനിസ്താൻ |
പദവി | സേനാനായകൻ, പ്രതിരോധമന്ത്രി |
നേതൃത്വം | സോവിയറ്റ് അഫ്ഗാൻ യുദ്ധകാലത്തെ പ്രമുഖ മുജാഹിദീൻ സേനാനേതാവ്. അഫ്ഗാനിസ്താന്റെ പ്രതിരോധമന്ത്രി വടക്കൻ സഖ്യത്തിന്റെ സേനാനായകൻ |
ബഹുമതികൾ | അഫ്ഗാനിസ്താന്റെ ദേശീയനായകൻ സമാധാനത്തിനുള്ള നോബസമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടു. |
പഞ്ച്ശീർ സിംഹം എന്നറിയപ്പെട്ടിരുന്ന ഒരു അഫ്ഗാൻ മുജാഹിദീൻ സൈനികനേതാവായിരുന്നു അഹ്മദ് ഷാ മസ്സൂദ് (احمد شاه مسعود) (ജീവിതകാലം: 1953 സെപ്റ്റംബർ 2 - 2001 സെപ്റ്റംബർ 9). 1980-കളിൽ സോവിയറ്റ് സൈന്യത്തിനെതിരെ പോരാടിയ അഫ്ഗാൻ പ്രതിരോധസേനകളിൽ ഏറ്റവും പേരെടുത്ത സൈന്യാധിപനായിരുന്നു ഇദ്ദേഹം. ബുർഹാനുദ്ദീൻ റബ്ബാനിയുടെ നേതൃത്വത്തിലുള്ള ജാമിയത്ത് ഇ ഇസ്ലാമി എന്ന സംഘടനയുടെ സൈനികനേതാവായിരുന്നു മസൂദ്. 1992-ൽ മസൂദിന്റെ നേതൃത്വത്തിലാണ് മുജാഹിദീനുകൾ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും കാബൂളിന്റെ ഭരണം പിടിച്ചെടുത്തത്.
കമ്മ്യൂണിസ്റ്റുകൾക്കു ശേഷം, 1992-ൽ ബുർഹാനുദ്ദീൻ റബ്ബാനിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ നിലവിൽ വന്ന സർക്കാരിൽ മസ്സൂദ്, പ്രതിരോധമന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികൾ ആമിർ സാഹിബി ശഹീദ് എന്നാണ് ഇദ്ദേഹത്തെ വിളിക്കുന്നത്. ഒരു താജിക് ആയിരുന്ന മസ്സൂദ്, സോവിയറ്റ് വിരുദ്ധ മുജാഹിദീൻ നേതാക്കൾക്കിടയിലെ ഒരു മിതവാദിയായിരുന്നു.[1]
1996-ൽ താലിബാൻ രാജ്യത്ത് അധികാരം പിടിച്ചെടുത്തതോടെ മസ്സൂദ് വീണ്ടും സൈനികരംഗത്തേക്ക് തിരിച്ചെത്തി. താലിബാനെതിരെ സൈനികമായി പോരാടിയ വടക്കൻ സഖ്യം എന്നറിയപ്പെടുന്ന യുണൈറ്റഡ് ഇസ്ലാമിക് ഫ്രണ്ട് ഫോർ ദ് സാൽവേഷൻ ഓഫ് അഫ്ഗാനിസ്താൻ സേനാനായകനായി. 2001 സെപ്റ്റംബർ 9-ന് അഫ്ഗാനിസ്താനിലെ തഖർ പ്രവിശ്യയിൽ വച്ച് മസ്സൂദ് കൊല്ലപ്പെട്ടു. മസ്സൂദിന്റെ കൊലപാതകത്തിനു പിന്നിൽ അൽ-ഖ്വയ്ദയാണ് പ്രവർത്തിച്ചതെന്ന് കരുതപ്പെടുന്നു. താലിബാന്റെ പതനത്തിനു ശേഷം 2002-ൽ രാജ്യത്ത് അധികാരത്തിലെത്തിയ ഹമീദ് കർസായി പ്രസിഡണ്ടായുള്ള അഫ്ഗാനിസ്താൻ സർക്കാർ, മസൂദിനെ ദേശീയനായകനായി പ്രഖ്യാപിച്ചു. മസൂദിന്റെ ചരമദിനമായ സെപ്റ്റംബർ 9, മസൂദ് ദിനം എന്ന പേരിൽ ദേശീയ അവധിദിനമായി ആചരിക്കുന്നു.[2] 2002-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായും മസ്സൂദിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു.[3]
ജീവിതരേഖ
[തിരുത്തുക]ഒരു താജിക് വംശനായിരുന്ന അഹ്മദ് ഷാ മസൂദ്, 1956-ൽ അഫ്ഗാനിസ്താനിലെ പഞ്ച്ശീർ പ്രവിശ്യയിൽ ജനിച്ചു. 1970-കളിൽ പ്രസിഡണ്ട് മുഹമ്മദ് ദാവൂദിനെതിരെയുള്ള പ്രതിഷേധസമരങ്ങളിൽ സജീവമായി പങ്കെടുത്തു.
ബുർഹാനുദ്ദീൻ റബ്ബാനിയുടെ ജാമിയത് ഇ ഇസ്ലാമിക്കായി,1980-കളിൽ പഞ്ച്ശീർ കേന്ദ്രമാക്കി, സോവിയറ്റ് സേനക്കെതിരെ നിരവധി സൈനികാക്രമണങ്ങൾ മസൂദ് നടത്തി. വിജയകരമായ ഈ സൈനികനടപടികളിലൂടെ, ഇദ്ദേഹം, പഞ്ച്ശീരിലെ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടാൻ തുടങ്ങി. വിദേശപത്രപ്രവർത്തകരുമായി നിരവധിതവണ അഭിമുഖത്തിലേർപ്പെട്ടതിലൂടെ മസൂദിന്റെ പ്രശസ്തി വിദേശങ്ങളിലേക്ക് പരക്കുകയും ചെയ്തു. സൈനികനടപടികൾക്കു പുറമേ, സമാന്തരമായി ഒരു ഭരണസംവിധാനവും മസൂദ് കെട്ടിപ്പടുത്തിരുന്നു.
1980-കളുടെ തുടക്കം മുതൽ തന്നെ, അഹ്മദ് ഷാ മസൂദും മറ്റൊരു മുജാഹിദീൻ നേതാവുമായ ഗുൾബുദ്ദീൻ ഹെക്മത്യാറും ശതുർതയിലായിരുന്നു. സോവിയറ്റ് സേനയുടെ പിന്മാറ്റത്തിനു മുൻപും ശേഷവും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. 1989 ജൂണിൽ ഹെക്മത്യാറിന്റെ ഒരു സൈന്യാധിപനായിരുന്ന സയ്യിദ് ജമാലിന്റെ നേതൃത്വത്തിൽ മസൂദിന്റെ കീഴിലുള്ള നിരവധി ജാമിയത് സേനാംഗങ്ങളെ കൊലപ്പെടുത്തിയിരുന്നു.[4]
മുജാഹിദീൻ സർക്കാരിൽ
[തിരുത്തുക]ബുർഹാനുദ്ദീൻ റബ്ബാനി നേതൃത്വം നൽകിയ മുജാഹിദീനുകളൂടെ സർക്കാറിൽ, മസൂദ് പ്രതിരോധമന്ത്രിയുടെ സ്ഥാനം വഹിച്ചിരുന്നു. 1994-95 കാലത്ത് വൻവിജയങ്ങൾ നേടി, കാബൂൾ പിടിക്കാനെത്തിയ താലിബാൻ സൈന്യത്തെ 1995 മാർച്ച് 19-ന് പരാജയപ്പെടുത്താൻ അഹ്മദ് ഷാ മസൂദിനായി. താലിബാന്റെ കാബൂൾ പ്രവേശനം 1996 വരെ തടഞ്ഞുനിർത്താൻ ഇദ്ദേഹത്തിനായി. 1996 സെപ്റ്റംബർ 26-ന് മസൂദിന്റെ സൈന്യം കാബൂളിൽ നിന്നും പിൻവാങ്ങിയതോടെയാണ് താലിബാൻ, കാബൂളിൽ പ്രവേശിച്ചത്.[5]
താലിബാനുമായുള്ള യുദ്ധം
[തിരുത്തുക]താലിബാൻ, കാബൂൾ നിയന്ത്രണത്തിലാക്കിയെങ്കിലും വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലെ തന്റെ ജന്മദേശമായ പഞ്ച്ശീർ കേന്ദ്രീകരിച്ച് മസൂദ് താലിബാനെതിരെ പോരാട്ടം തുടർന്നുകൊണ്ടിരുന്നു. 1996-ൽ രൂപം കൊണ്ട വടക്കൻ സഖ്യത്തിന്റെ മുൻനിര നേതാവായി. 1997-ൽ താലിബാന് മസാർ-ഇ ശരീഫിൽ നേരിട്ട പരാജയത്തിന് പ്രധാനപ്പെട്ട ഒരു ഉത്തരവാദി മസൂദ് ആണ്. കാബൂളിനും മസാരി ശരീഫിനും ഇടയിലുള്ള സലാങ് തുരങ്കം, മസൂദിന്റെ നിയന്ത്രണത്തിലായതോടെ മസാരി ശരീഫിൽ അകപ്പെട്ട താലിബാൻ പടയാളികൾക്ക് കാബൂളിൽ നിന്നുള്ള ബന്ധമറ്റു എന്നതിനു പുറമേ, കാബൂളിലേക്ക് പിൻവാങ്ങുന്നതിനുള്ള വഴിയടയുകയും ചെയ്തതോടെ, താലിബാൻ വൻ പരാജയത്തിലേക്ക് വീണു. 1998-ൽ മസാരി ശരീഫ് വീണ്ടും താലിബാൻ പിടിച്ചെങ്കിലും 2001 വരെ അഫ്ഗാനിസ്താനിൽ താലിബാനുള്ള ഏക എതിരാളിയായി മസൂദ് തുടർന്നു.[5]
2021-ൽ താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം കൈയിലാക്കിയതിനെത്തുടർന്ന് അവർക്കെതിരെയുള്ള പ്രതിരോധത്തിൽ അഹ്മദ് ഷാ മസൂദിൻ്റെ പുത്രൻ അഹ്മദ് മസൂദ് നേതൃസ്ഥാനം വഹിക്കുന്നുണ്ട്.
അന്ത്യം
[തിരുത്തുക]2001 സെപ്റ്റംബർ 9-ന് അഭിമുഖത്തിനായി പത്രക്കാരെന്ന വ്യാജേന കാണാനെത്തിയ രണ്ടു പേർ മസൂദിനെ കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച രണ്ട് ബെൽജിയം പാസ്പോർട്ടുമായി വന്ന ഇവർ ഒസാമ ബിൻ ലാദന്റെ അണികളിൽപ്പെട്ട അൽ ഖ്വയ്ദ അംഗങ്ങളായിരുന്നു.[6]
അവലംബം
[തിരുത്തുക]- ↑ Latham, Judith (March 12, 2008). "Author Roy Gutman Talks About What Went Wrong in the Decade Before 9/11 Attacks", Voice of America News.
- ↑ Afghanistan Events, Lonely Planet Travel Guide.
- ↑ Shehzad, Mohammad (May 22, 2002). "Warrior and Peace", The News on Sunday (Karachi).
- ↑ Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 315. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 5.0 5.1 Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 328, 332–333. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Vogelsang, Willem (2002). "Epilogue: Six years on". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 337. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)