അൻവറുദ്ദീൻ ഖാൻ
കർണാട്ടിക്കിലെ നവാബായിരുന്നു അൻവറുദ്ദീൻ ഖാൻ (ഇംഗ്ലീഷ്:Anwaruddin Muhammed Khan, 1672–1749). ഹൈദരാബാദ് നൈസാം (നൈസാമുൽമുൽക്ക്) തന്റെ സേവകൻമാരിൽ ഒരാളായിരുന്ന അൻവറുദ്ദീൻ ഖാനെ 1743-ൽ കർണാട്ടിക്കിലെ നവാബായി വാഴിച്ചു. ആർകാട്ടായിരുന്നു നവാബിന്റെ ആസ്ഥാനം.
മഹാരാഷ്ട്രിയരുടെ കൊള്ള
[തിരുത്തുക]അക്കാലത്ത് മഹാരാഷ്ട്രർ കർണാട്ടിക്ക് പ്രദേശങ്ങളിൽ നിരന്തരമായി കൊള്ളനടത്തുക പതിവായിരുന്നു. അവർ കർണാട്ടിക്ക് നവാബ് ദോസ്ത് അലിയെ വധിച്ച് അദ്ദേഹത്തിന്റെ ജാമാതാവായ ചന്ദാസാഹിബിനെ തടവുകാരനാക്കി സത്താറയിൽ പാർപ്പിച്ചു. ദോസ്ത് അലിയുടെ പുത്രനായ സഫ്തർ അലി അധികം താമസിയാതെ വധിക്കപ്പെട്ടു. ഈ ദുർഘടാവസ്ഥയിലാണ് അൻവറുദ്ദീൻ ഖാൻ നവാബായി കർണാട്ടിക്കിലെത്തിയത്. ദോസ്ത് അലിയുടെ ബന്ധുക്കളുടെയും അനുചരൻമാരുടെയും ശക്തിമത്തായ എതിർപ്പിനെ പുതിയ നവാബിനു നേരിടേണ്ടിവന്നു.
പിന്തുടർച്ചാവകാശ യുദ്ധത്തിന്റെ പ്രത്യാഘാതം
[തിരുത്തുക]ഇക്കാലത്തു യൂറോപ്പിൽ ആസ്ട്രിയൻ പിന്തുടർച്ചാവകാശയുദ്ധം (1740-48) ആരംഭിച്ചതിനാൽ, അതിന്റെ പ്രത്യാഘാതം കർണാട്ടിക്കിലുമുണ്ടായി. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലുള്ള മത്സരം കർണാട്ടിക്കിന്റെ പല ഭാഗത്തും വ്യാപിച്ചു. ഇരുകൂട്ടരും അൻവറുദ്ദീന്റെ പരമാധികാരത്തെ അംഗീകരിച്ചിരുന്നു. ഫ്രഞ്ചുകാർ മദ്രാസ് പിടിച്ചടക്കിയപ്പോൾ (1746) ഇംഗ്ലീഷുകാരുടെ അഭ്യർഥനപ്രകാരം മദ്രാസ് വിട്ടുകൊടുക്കണമെന്ന് നവാബ് ഫ്രഞ്ചുകാരോട് ആജ്ഞാപിച്ചു. അവർ അതു നിരസിച്ചതിനെ തുടർന്നുണ്ടായ യുദ്ധത്തിൽ നവാബിന്റെ വമ്പിച്ച സേനയെ, എണ്ണത്തിൽ കുറവായിരുന്ന ഡ്യൂപ്ലേ (1696-1763)യുടെ നേതൃത്വത്തിലുള്ള ഫ്രഞ്ചുസേന തോല്പിച്ചു. ഏഴുവർഷം സത്താറാ ജയിലിൽ കഴിഞ്ഞിരുന്ന ചന്ദാസാഹിബ് സ്വതന്ത്രനായി, നഷ്ടപ്പെട്ട സിംഹാസനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തന്റെ മകൻ റാസാ സാഹിബിനെ പോണ്ടിച്ചേരിയിൽ അയച്ച് ഡ്യൂപ്ലേയുമായി സന്ധിയുണ്ടാക്കി. അതനുസരിച്ച് ഡ്യൂപ്ലേയുടെയും ചന്ദാസാഹിബിന്റെയും സംയുക്ത സൈന്യം അൻവറുദ്ദീനെ എതിർത്തു. വെല്ലൂരിനു തെക്കുകിഴക്കുള്ള അമ്പൂരിൽ വച്ച് 1749 ആഗസ്റ്റ് 3-ന് നടന്ന യുദ്ധത്തിൽ അൻവറുദ്ദീൻ ഖാൻ വധിക്കപ്പെട്ടു.
പുറംകണ്ണികൾ
[തിരുത്തുക]- http://www.encyclo.co.uk/define/Anwaruddin%20Muhammed%20Khan
- http://www.facebook.com/pages/Muhammed-Anwaruddin-Khan/113638998685788?sk=info
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അൻവറുദ്ദീൻ ഖാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |