അൽ ശിഫ ബിൻത് അബ്ദുല്ലാഹ്
പ്രവാചകൻ മുഹമ്മദിന്റെ കാലത്തെ ഒരു പ്രമുഖ വനിതയായിരുന്നു അൽ ശിഫ ബിൻത് അബ്ദുല്ലാഹ് ( അറബി: الشفاء بنت عبد الله). മക്കയിൽ ജീവിച്ചിരുന്ന അൽ ശിഫ ബിൻത് അബ്ദുല്ലാഹ്, അക്കാലത്തെ വിദ്യാസമ്പന്നയായ ഒരു സ്ത്രീ ആയിരുന്നു. ലൈല ബിൻത് അബ്ദുല്ലാഹ് എന്നായിരുന്നു ഇവരുടെ യഥാർത്ഥ നാമം.
ജീവിതരേഖ
[തിരുത്തുക]അബ്ദുല്ലാഹ് ഇബ്ൻ അബ്ദുശ്ശംസ്- ഫാത്വിമ ബിൻത് വഹബ് ദമ്പതികളുടെ മകളായ അൽ ശിഫ, മക്കയിൽ ഖുറൈശ് ഗോത്രത്തിലെ ബനൂ ആദി കുടുംബത്തിൽ ജനിച്ചു[1][2]. അബൂ ഹഥ്മ ഇബ്ൻ ഹുദൈഫയെ വിവാഹം കഴിച്ച അൽ ശിഫയ്ക്ക് സുലൈമാൻ, മസ്റൂഖ് എന്നീ മക്കളുണ്ടായിരുന്നു.[1] ബുദ്ധിമതി ആയ സ്ത്രീ എന്ന നിലയിൽ അവർ പ്രശസ്തയായിരുന്നു. മക്ക പ്രദേശത്ത് അക്കാലത്ത് എഴുത്തും വായനയും വശമുള്ളവർ ആകെ ഇരുപതോളം ആയിരുന്നു. അതിൽ ഒരു വ്യക്തി അൽ ശിഫ ആയിരുന്നു[2]. അതിൽ തന്നെ ഏക സ്ത്രീയും അവർ തന്നെ. അൽ ശിഫ എന്നതിന്റെ അർത്ഥമായ ''രോഗശാന്തി'' എന്നതിൽ നിന്ന് അവർ വൈദ്യം അഭ്യസിച്ചിരുന്നു എന്ന് അനുമാനിക്കുന്നവർ ഉണ്ട്[3]. ഇസ്‌ലാം സ്വീകരണത്തിന് ശേഷവും പ്രവാചകൻ മുഹമ്മദിന്റെ അനുവാദത്തോടെ അവരുടെ ചികിത്സ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. തന്റെ പരിചയത്തിലുള്ള പല സ്ത്രീകൾക്കും എഴുത്ത് പരിശീലിപ്പിച്ച[4] അൽ ശിഫ ഹഫ്സ ബിൻത് ഉമറിന്റെ സുഹൃത്ത് കൂടിയായിരുന്നു[5]. മുഹമ്മദ് നബി പ്രവാചകത്വം അവകാശപ്പെട്ട് രംഗത്തെത്തിയതോടെ അതിൽ ആകൃഷ്ടയായ അൽ ശിഫ, ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് മദീനയിലേക്ക് ഹിജ്റ ചെയ്യുകയുമുണ്ടായി[1][6]. മദീനയിൽ പള്ളിക്കും മാർക്കറ്റിനുമിടയിൽ വീട് വെച്ച് താമസമാക്കിയ അൽ ശിഫയോട് പ്രവാചകൻ മുഹമ്മദ് വ്യാപാര കാര്യങ്ങളിൽ ഉപദേശങ്ങൾ തേടുക പതിവായിരുന്നു[7][3]. മുഹമ്മദ് നബി അവരെ സന്ദർശിക്കുക പതിവായിരുന്നു. ഖലീഫ അബൂബക്കറിന്റെ കാലത്തും അൽ ശിഫക്ക് വലിയ പരിഗണന ലഭിച്ചു വന്നു. ഖലീഫ ഉമറിന്റെ കാലത്ത് മദീനയിലെ മാർക്കറ്റിന്റെ കാര്യങ്ങൾ വിലയിരുത്തിയിരുന്നത് അൽ ശിഫയുമായിട്ടായിരുന്നു[3]. ഉമറിനെ അൽ ശിഫ അനുസ്മരിക്കുന്നത് ഇവ്വിധമാണ്,
- ഉമർ സംസാരിക്കുന്നത് ഉച്ചത്തിലായിരുന്നു, അവൻ നടക്കുന്നത് വേഗത്തിലായിരുന്നു, അവൻ അടിക്കുമ്പോൾ അവന് തന്നെ വേദനിക്കുമായിരുന്നു[8].
അൽ ശിഫയെ വീട്ടിൽ ചെന്ന് കാണാറുണ്ടായിരുന്ന ഉമർ, മകൻ സുലൈമാനെ പ്രഭാത പ്രാർത്ഥനക്ക് കണ്ടില്ലല്ലോ എന്ന് അന്വേഷിച്ചത് അവർ പ്രസ്താവിക്കുന്നുണ്ട്[6][7].
നിരവധി ഹദീഥുകൾ അൽ ശിഫയുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്[6][9]. അൽ ശിഫയുടെ മകൻ മസ്റൂഖ് ഭരണത്തിൽ പങ്കാളിയായിരുന്നു[1]. മറ്റൊരു മകനായ സുലൈമാന്റെ മക്കളായ അബൂബക്കർ, ഉഥ്മാൻ എന്നിവർ ഹദീഥ് നിവേദകരായിരുന്നു[7][3].
മാർക്കറ്റിലെ ഉദ്യോഗസ്ഥയായി
[തിരുത്തുക]ഉമറിന്റെ ഭരണ കാലത്ത് മദീനയിലെ മാർക്കറ്റ് വികസിച്ചതോടെ അൽ ശിഫയെ അവിടെ പരിശോധകയായി അദ്ദേഹം നിശ്ചയിച്ചു. മാർക്കറ്റിൽ പലപ്പോഴും പരിശോധനക്കായി അൽ ശിഫ എത്താറുണ്ടായിരുന്നു[10]. ചതികളും വഞ്ചനകളും കയ്യോടെ പിടികൂടിയിരുന്ന അൽ ശിഫയുടെ ഖ്യാതി ഇതോടെ വർദ്ധിച്ചു. കച്ചവടത്തിന്റെ നിയമ വശങ്ങൾ അതിലെ സംശയങ്ങളും അൽ ശിഫയുമായി ചർച്ച ചെയ്ത് തീരുമാനിക്കാൻ ഉമർ കച്ചവടക്കാരോട് നിർദ്ദേശിച്ചു. മദീനയിൽ ഇത് വിജയപ്രദമായതോടെ മക്കയിലും ഇതേ രീതി ഉമർ നടപ്പിലാക്കി. അവിടെയും ഒരു വനിതയായിരുന്നു മാർക്കറ്റ് കൺട്രോളർ. സംറ ബിൻത് നുഹൈക് എന്നായിരുന്നു അവരുടെ പേര്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Muhammad ibn Saad. Kitab al-Tabaqat al-Kabir vol. 8. Translated by Bewley, A. (1995). The Women of Madina, p. 188. London: Ta-Ha Publishers.
- ↑ 2.0 2.1 Ahmed ibn Jabir al-Baladhuri. Kitab Futuh al-Buldan. Translated by Murgotten, F. C. (1924). The Origins of the Islamic State Volume II, p. 271. New York: Longmans, Green & Co., & London: P. S. King & Son.
- ↑ 3.0 3.1 3.2 3.3 Ahmad ibn Hajar al-Asqalani. Al-Isaba fi Tamyiz al-Sahaba vol. 7 #11373.
- ↑ Kazan, H., Dünden bugüne hanım hattatlar, [Women Calligraphers: Past and Present], İstanbul Büyükşehir Belediyesi, 2010, Chapter 5
- ↑ Abu Dawud 28:3878.
- ↑ 6.0 6.1 6.2 Bukhari, Al-Adab Al-Mufrad 42:1023.
- ↑ 7.0 7.1 7.2 Malik ibn Anas. Al-Muwatta 8:7.
- ↑ Muhammad ibn Jarir al-Tabari. Tarikh al-Rusul wa'l-Muluk. Translated by Smith, G. R. (1994). Volume 14: The Conquest of Iran, p. 120. Albany: State University of New York Press.
- ↑ Tirmidhi 3:20:1619.
- ↑ Adil, Salahi (2011-10-27). "Al-Shifa bint Abdullah: The market controller". Arabnews. Arab News. Retrieved 2021-09-13.