ആഗോള ഉപരിതല താപനില
ഭൗമശാസ്ത്രത്തിൽ, ആഗോള ഉപരിതല താപനില (ആഗോള ശരാശരി ഉപരിതല താപനില) കണക്കാക്കുന്നത് സമുദ്രോപരിതലത്തിലെ താപനിലയും കരയിലെ വായുവിന്റെ താപനിലയും കണക്കാക്കിയാണ്. സാങ്കേതിക രചനയിൽ, ശാസ്ത്രജ്ഞർ ഗ്ലോബൽ കൂളിംഗ് ഗ്ലോബൽ വാമിംഗ് എന്നും ആഗോള താപനത്തിലെ ദീർഘകാല മാറ്റങ്ങളെ വിളിക്കുന്നു. ഭൂമിയുടെ ചരിത്രത്തിലുടനീളം ഈ രണ്ടവസ്ഥകളും ഭൂമിയിലുണ്ടായിട്ടുണ്ട്.
1880-ൽ ആഗോള താപനിലയുടെ തുടക്കം മുതൽ 1940 വരെ ശരാശരി വാർഷിക താപനില 0.2 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു. 1940-നും 1970-നും ഇടയിൽ താപനില സ്ഥിരതയുള്ളതായിരുന്നു. 1970 മുതൽ ഓരോ ദശകത്തിലും 0.18 ഡിഗ്രി സെൽഷ്യസ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ശരാശരി ആഗോള താപനില അടിസ്ഥാന താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ 0.9 °C (1.5 °F) വർദ്ധിച്ചിട്ടുണ്ട്. ഇത് ഏകദേശം 14 °C ആണ്. 1998 നും 2013 നും ഇടയിൽ ഒരു താൽക്കാലിക വിരാമം നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആഗോളതാപനം മുമ്പത്തെ അതേ വേഗതയിൽ തന്നെ തുടരുന്നു.
ഭൂമിയുടെ 4.6 ബില്യൺ വർഷത്തെ ചരിത്രത്തിൽ സമുദ്രനിരപ്പ് കുത്തനെ ഉയരുകയും താഴുകയും ചെയ്തതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സമീപകാലത്തെ ആഗോള സമുദ്രനിരപ്പ് വർധന നിരക്ക് കഴിഞ്ഞ രണ്ടായിരം മുതൽ മൂവായിരം വർഷം വരെയുള്ള ശരാശരി നിരക്കിൽ നിന്ന് വ്യതിചലിക്കുകയും പ്രതിവർഷം ഒരു ഇഞ്ചിന്റെ പത്തിലൊന്ന് എന്ന നിരക്കിൽ ഉയരുകയും ചെയ്യുന്നു. ഈ പ്രവണതയുടെ തുടർച്ചയോ ത്വരിതഗതിയിലുള്ള ഉയർച്ചയോ ലോകത്തിന്റെ തീരപ്രദേശങ്ങളിൽ അത്ഭുതകരമായ മാറ്റങ്ങൾക്ക് കാരണമായേക്കാം.
പശ്ചാത്തലം
[തിരുത്തുക]1860-കളിൽ, ഭൗതികശാസ്ത്രജ്ഞനായ ജോൺ ടിൻഡാൽ ഭൂമിയുടെ സ്വാഭാവിക ഹരിതഗൃഹ പ്രഭാവം തിരിച്ചറിയുകയും അന്തരീക്ഷ ഘടനയിലെ ചെറിയ മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിയുകയും ചെയ്തു. 1896-ൽ, സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ അറേനിയസിന്റെ ഒരു പ്രബന്ധത്തിൽ, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിലുള്ള മാറ്റങ്ങൾ ഹരിതഗൃഹ പ്രഭാവം വഴി ഉപരിതല താപനിലയിൽ കാര്യമായ മാറ്റം വരുത്തുമെന്ന് ആദ്യമായി പ്രവചിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ ആഗോള താപനിലയിലുണ്ടാകുന്ന വർദ്ധിച്ചുവരുന്ന മാറ്റങ്ങൾ ഹരിതഗൃഹ വാതകങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്ക് തെളിവ് നൽകുന്നു. അത്തരം മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്നു.
ചൂടുപിടിക്കുന്ന സമുദ്രങ്ങൾ
[തിരുത്തുക]ഭൂമിയുടെ താപനില വർദ്ധിക്കുന്നതിനനുസരിച്ച്, സമുദ്രം ഈ വർദ്ധിച്ച താപത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുന്നു. സമുദ്രോപരിതലത്തിൽ 700 മീറ്റർ വരെ 0.22 C (0.4 ° F) ചൂട് 1969 മുതൽ കാണിക്കുന്നുണ്ട്. ചൂടുപിടിച്ച് ജലം വികാസിക്കുന്നതും മഞ്ഞുപാളികൾ ഉരുകുന്നതും സമുദ്രനിരപ്പ് ഉയരാൻ കാരണമാകുന്നു.
ഏറ്റവും വലിയ സമുദ്രതാപനം തെക്കൻ അർദ്ധഗോളത്തിൽ സംഭവിക്കുന്നു. ഇതിലൂടെ അന്റാർട്ടിക്ക് ഐസ് ഷെൽഫിന്റെ ഉരുകലിന് കാരണമാവുകയും ചെയ്യുന്നു. സമുദ്രജലത്തിന്റെ ചൂട് കൂടുന്നത് സമുദ്രഭാഗങ്ങളിലെ ഐസിന്റെ കനം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും ഭൂമിയുടെ കാലാവസ്ഥയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു. സമുദ്രതാപനം സമുദ്ര ആവാസവ്യവസ്ഥയ്ക്കും മനുഷ്യജീവിതത്തിനും ഭീഷണിയാണ്. ഉദാഹരണത്തിന്, ചൂടുവെള്ളം പവിഴപ്പുറ്റുകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. ഇത് പാർപ്പിടത്തിനും ഭക്ഷണത്തിനും പവിഴങ്ങളെ ആശ്രയിക്കുന്ന സമുദ്രസമൂഹങ്ങളെ അപകടത്തിലാക്കുന്നു. ആത്യന്തികമായി, ഉപജീവനത്തിനും ജോലിക്കുമായി സമുദ്ര മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന ആളുകൾക്ക് സമുദ്രതാപനത്തിന്റെ പ്രതികൂല ഫലങ്ങൾ നേരിടേണ്ടി വന്നേക്കാം.
ഇരുപതാം നൂറ്റാണ്ടിൽ, സമുദ്രോപരിതല താപനില ഒരു നൂറ്റാണ്ടോളം വർദ്ധിക്കുകയും ഉയർന്നുകൊണ്ടേയിരിക്കുകയും ചെയ്തു. 1901 മുതൽ 2015 വരെ, ഓരോ ദശകത്തിലും ശരാശരി 0.13°F എന്ന തോതിൽ താപനില വർദ്ധിച്ചു. 1880-ൽ വിശ്വസനീയമായ നിരീക്ഷണങ്ങൾ ആരംഭിച്ചതു മുതൽ, കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ മറ്റേതൊരു സമയത്തേക്കാളും സമുദ്രോപരിതല താപനില ഉയർന്നതാണ്. ഹരിതഗൃഹ വാതകങ്ങൾ സൂര്യനിൽ നിന്നുള്ള കൂടുതൽ ഊർജ്ജം ആഗിരണം ചെയ്യുന്നതിനാൽ, സമുദ്രം കൂടുതൽ ചൂട് ആഗിരണം ചെയ്യുന്നു, ഇത് സമുദ്രോപരിതല താപനില ഉയരുന്നതിനും സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്രത്തിലെ താപനിലയിലും സമുദ്ര പ്രവാഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ആഗോള കാലാവസ്ഥാ മാതൃകയിൽ മാറ്റങ്ങൾ വരുത്തും. ഉദാഹരണത്തിന്, ചൂടുവെള്ളം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശക്തമായ കൊടുങ്കാറ്റുകളുടെ വികാസത്തെ പ്രോത്സാഹിപ്പിച്ചേക്കാം, ഇത് സ്വത്ത് നഷ്ടത്തിനും ജീവഹാനിക്കും കാരണമായേക്കാം. സമുദ്രനിരപ്പ് ഉയരുന്നതും കൊടുങ്കാറ്റുമായി ബന്ധപ്പെട്ടതുമായ ആഘാതങ്ങൾ തീരദേശ സമൂഹങ്ങൾക്ക് പ്രത്യേകിച്ചും പ്രസക്തമാണ്.