ആണവഘടികാരം
ആണവഘടികാരം | |
---|---|
തരം | ക്ലോക് |
വ്യവസായം | ടെലികമ്മ്യുണിക്കേഷൻ സയിൻസ് |
ഉപയോഗം | GPS |
ഇന്ധനസ്രോതസ്സ് | വൈദ്വ്യുതി |
Powered | Yes |
കണ്ടുപിടിച്ചത് | യു എസ്സ് നാഷണൽ ബ്യൂറോ ഒഫ് സ്റ്റാൻഡാർഡ് |
കണ്ടുപിടിച്ചത് | 1949 |
അണുക്കളുടെയും തൻമാത്രകളുടെയും സ്വാഭാവികമായ കമ്പനങ്ങളെ അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ളതും സമയനിർണയത്തിന് ഉപയോഗിക്കുന്നതുമായ ഉപകരണത്തെ ആണവഘടികാരം എന്നു പറയുന്നു. ഒരു ക്വാർട്സ് ക്രിസ്റ്റലിന്റെ മർദവൈദ്യുതീ (പീസോ-ഇലക്ട്രിക്) കമ്പനങ്ങളാണ് ക്വാർട്സ് ഘടികാരത്തെ പ്രവർത്തിപ്പിക്കുന്നത്. ഈ തത്ത്വമാണ് ആണവഘടികാരത്തിലും ഉപയോഗിക്കുന്നത്. ക്രിസ്റ്റൽ കമ്പനങ്ങളുടെ ആവൃത്തിയെ വിഭജിച്ച് ഘടികാരസൂചി തിരിക്കുന്നു. ഘടികാരത്തെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് അണുകമ്പനങ്ങളെ ആശ്രയിക്കുന്നത്. 1948-ൽ നിർമിച്ച ആദ്യത്തെ ആണവഘടികാരത്തിൽ അമോണിയാ (NH3) തൻമാത്രയിലെ നൈട്രജൻ അണു ഹൈഡ്രജൻ അണുക്കളുടെ തലത്തിൽ ലംബമായി നടത്തുന്ന കമ്പനമാണ് മാനകം (standard) ആയി സ്വീകരിച്ചിരുന്നത്. പ്രതിലോമകമ്പനം എന്നറിയപ്പെടുന്ന ഈ കമ്പനത്തിന്റെ ആവൃത്തി 23870 മെഗാ സൈക്കിൾസ് സെക്കൻഡ് ആണ് (ഒരു മെഗാ സൈക്കിൾ = 106 ദശലക്ഷം സൈക്കിൾ). അമോണിയാഘടികാരത്തിന്റെ കൃത്യത 109-ൽ 3 ഭാഗമാണ്. മേസർതത്ത്വത്തെ (Maser Principle)[1] ആസ്പദമാക്കിയുള്ള ആണവഘടികാരങ്ങൾക്ക് ഇതിനേക്കാൾ മെച്ചപ്പെട്ട പ്രവർത്തനസ്ഥിരത നേടാൻ കഴിഞ്ഞിട്ടില്ല.
ആണവഘടികാരത്തിന്റെ അത്യാധുനിക രൂപങ്ങളിൽ അണുപുഞ്ജാനുനാദം (atomic beam resonance)[2] എന്ന തത്ത്വമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. സീഷിയം (Caesium)[3] അണുവിന് അണുകേന്ദ്രചക്രണം (nuclear spin)[4] മൂലം രണ്ടു വിഭിന്ന കാന്തികാവസ്ഥകളുണ്ട്. ഒരു അവസ്ഥയിൽനിന്നു, മറ്റേതിലേക്കുള്ള സംക്രമണത്തിന്റെ ആവൃത്തി 9,192,631,830 സൈ/സെ. 1010-ൽ 1 എന്ന പരിധിക്കുള്ളിൽ സുസ്ഥിരമാണ്. രന്ധ്രാനുനാദകങ്ങളിൽവച്ച് (cavity resonator)[5] ഉച്ചാവൃത്തിയിലുള്ള കാന്തികമണ്ഡലങ്ങളിൽനിന്നും ഊർജാവശോഷണം നടത്തിയാണ് പ്രസ്തുത സംക്രമണം സാധിക്കുന്നത്. കാന്തികമണ്ഡലം, താപമാനം തുടങ്ങിയവയിലുണ്ടാകാവുന്ന ചിട്ടയില്ലാത്ത മാറ്റങ്ങളൊന്നും ആവൃത്തിയെ ബാധിക്കുകയില്ല. ആവർത്തിച്ചുള്ള മാപനങ്ങൾ മൂലം ഘടികാരത്തിന്റെ കൃത്യത 1011-ൽ 3 ഭാഗംവരെ വർധിക്കാവുന്നതാണ്. വാഷിങ്ടണിലുള്ള നാവികഗവേഷണ ലാബറട്ടറിയിൽ ഒരു സീഷിയം ഘടികാരം ഉണ്ട്. സീഷിയം ഉപയോഗിച്ചുള്ള ആണവഘടികാരത്തിന് 20 ബില്യൺ വർഷം കൃത്യതയോടെ പ്രവർത്തിക്കുവാൻ കഴിയും. റുബീഡിയം ഉപയോഗിച്ചുള്ള ആണവഘടികാരവും വികസിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇതിന് സീഷിയത്തിന്റെ അത്ര കൃത്യത ലഭ്യമല്ല.
അവലംബം
[തിരുത്തുക]- ↑ മേസർതത്ത്വം
- ↑ അണുപുഞ്ജാനുനാദം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സീഷിയം". Archived from the original on 2011-07-18. Retrieved 2010-11-11.
- ↑ അണുകേന്ദ്രചക്രണം
- ↑ "രന്ധ്രാനുനാദകങ്ങൾ". Archived from the original on 2010-04-13. Retrieved 2010-11-11.
പുറംകണ്ണികൾ
[തിരുത്തുക]- ആണവഘടികാരം എങ്ങനെ പ്രവർത്തിക്കുന്നു
- ആണവഘടികാരം
- വിവിധയിനം ആണവഘടികാരങ്ങൾ
- അണുഘറ്റികാര സമയം Archived 2010-11-05 at the Wayback Machine
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആണവഘടികാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |