ആനി തയ്യിൽ
ആനി തയ്യിൽ | |
---|---|
ജനനം | 1918 |
മരണം | 1993 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | സാഹിത്യകാരി, പൊതുപ്രവർത്തക, അഭിഭാഷക |
മലയാളത്തിലെ ഒരു സാഹിത്യകാരിയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു ആനി ജോസഫ് എന്ന ആനി തയ്യിൽ[1]. 1948 മുതൽ 51 വരെ തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്നു. [2]
ജീവിതരേഖ
[തിരുത്തുക]തൃശ്ശൂർ ജില്ലയിലുള്ള ചെങ്ങലൂർ കാട്ടുമാൻ വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകളായി 1920 ഒക്ടോബർ 11-ന് ജനനം[3][4]. മദ്രാസ് സർവകലാശാലയിൽനിന്ന് ബി.എ. ബിരുദം നേടിയശേഷം നിയമബിരുദം സമ്പാദിച്ച് അഭിഭാഷകവൃത്തിയിലേർപ്പെട്ടെങ്കിലും, സാഹിത്യ-രാഷ്ട്രീയപ്രവർത്തനങ്ങളിലായിരുന്നു ഇവർക്കു കൂടുതൽ താത്പര്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും കേരള കോൺഗ്രസ്സിലും ആനി പല പ്രമുഖപദവികളും വഹിച്ചിട്ടുണ്ട്. 1948 ൽ തൃശൂരിൽ നിന്നു കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച് തിരുകൊച്ചി നിയമസഭയിൽ അംഗമായി.[5]കേന്ദ്രന്യൂനപക്ഷ കമ്മീഷനിലും കൊച്ചിയിലെയും തിരു-കൊച്ചിയിലെയും നിയമസഭകളിലും അംഗമായിരുന്നു. സമസ്തകേരളസാഹിത്യപരിഷത്തിന്റെ കാര്യദർശിനിയായും സാഹിത്യ അക്കാദമിയിലെ നിർവാഹകസമിതി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുള്ള ആനി തൊണ്ണൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. മലയാള ഭാഷയിൽ ഏറ്റവുമധികം കൃതികൾ രചിച്ചിട്ടുള്ള വനിതയും ആനി തന്നെയാണ്. [6]തോമസ് ഹാർഡിയുടെ ടെസ്സ്, ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, ചാൾസ് ഡിക്കൻസിന്റെ രണ്ടു നഗരങ്ങളുടെ കഥ, അലക്സാന്ദ്ര് ദൂമായുടെ മോണ്ടി ക്രിസ്റ്റോ, മൂന്നു പോരാളികൾ എന്നീ കൃതികൾ വിവർത്തനം ചെയ്തതിനു പുറമേ, മോളെന്റെ മോൻ നിന്റീ, കൊച്ചമ്മിണി, ഈ എഴുത്തുകൾ നിനക്കുള്ളതാണ് (നാലു ഭാഗങ്ങൾ), മൗലികാവകാശങ്ങൾ എന്നീ സ്വതന്ത്രകൃതികളുടെ കർത്രികൂടിയാണ് ആനി തയ്യിൽ. പ്രജാമിത്രം എന്ന പേരിൽ ഒരു പത്രവും,ശ്രീമതി എന്ന പേരിൽ ഒരു വനിതാമാസികയും ആനി തയ്യിൽ ആരംഭിയ്ക്കുകയുണ്ടായി.മലയാളത്തിൽ ഏറ്റവുമധികം ബൈബിൾ കഥകൾ രചിച്ചിട്ടുള്ള വനിതയും ഇവർ തന്നെയാണ് .[7]
പത്രപ്രവർത്തകനായ കുര്യൻ തയ്യിലാണ് ഇവരുടെ ഭർത്താവ്. 1993 ഒക്ടോബർ 21-ന് ആനി തയ്യിൽ അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ "അഗ്നിസാന്നിധ്യമായി ആനി തയ്യിൽ". Kerala Sabha. Archived from the original on 2022-11-22. Retrieved 2017-11-13.
- ↑ "ആനി തയ്യിൽ (1920 - 1993)". Women Point.
- ↑ "ആനി തയ്യിൽ". Women writers of Kerala.
- ↑ മഹിളകൾ മലയാള സാഹിത്യത്തിൽ. പേജ് 67. spcs 2012
- ↑ മഹിളകൾ മലയാള സാഹിത്യത്തിൽ. പേജ് 67. spcs 2012
- ↑ മഹിളകൾ മലയാള സാഹിത്യത്തിൽ. പേജ് 68. spcs 2012
- ↑ മഹിളകൾ മലയാള സാഹിത്യത്തിൽ. പേജ് 67. spcs 2012
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആനി തയ്യിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |