Jump to content

ആന്റിഗണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്റിഗണി (/ænˈtɪɡən/ (an|TIG|ə-nee); പുരാതന ഗ്രീക്ക്: Ἀντιγόνη ഇംഗ്ലീഷിൽ ആന്റിഗൺ Antigone) ഗ്രീക്കു പുരാണകഥകളിലെ ദുരന്ത നായികയാണ്. ശാപഗ്രസ്തരായ ഈഡിപസ്-ജോകാസ്റ്റാ ദമ്പതികളുടെ മകളാണ് ആന്റിഗണി.[1] സോഫക്ലിസും യൂറിപിഡിസും ആന്റിഗണിയെ കേന്ദ്രകഥാപാത്രമാക്കി നാടകങ്ങൾ രചിച്ചിട്ടുണ്ട്. രണ്ടു നാടകകൃത്തുക്കളും വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നതെങ്കിലും ആന്റിഗണി ധൈര്യവും നിശ്ചയദാർഢ്യവും ഉള്ളവളായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

പശ്ചാത്തലം

[തിരുത്തുക]

ഥീബസിലെ രാജാവ് ഈഡിപസിന് ജോകാസ്റ്റ രാജ്ഞിയിൽ നാലു സന്താനങ്ങളുണ്ടായി. പോളിനൈകസ്, എറ്റോക്ലിസ്, എന്ന രണ്ടു പുത്രന്മാരും ആന്റിഗണി, ഇസ്മേൻ എന്നു രണ്ടു പുത്രിമാരും. വളരെ വൈകി സ്വന്തം മകനായ ഈഡിപസിനേയാണ് താൻ പരിണയിച്ചതെന്ന സത്യം മനസ്സിലാക്കിയ ജോകാസ്റ്റ ആത്മഹത്യ ചെയ്യുന്നു. പശ്ചാത്താപഗ്രസ്തനായ ഈഡിപസ് സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും സിംഹാസനമൊഴിയുകയും ചെയ്യുന്നു. തത്കാലത്തേക്ക് ജോകാസ്റ്റയുടെ സഹോദരൻ ക്രയോൺ അധികാരമേൽക്കുന്നു. പക്ഷെ പിന്നീട് ക്രയോണും ഥീബസ് ജനതയും ഈഡിപസിനെ നാടുകടത്താൻ തീരുമാനിക്കുന്നു. ദേശാടനത്തിനു പോകാൻ നിർബന്ധിതനായപ്പോൾ അന്ധനായ പിതാവിനു തുണയായി മകൾ ആന്റിഗണിയും പുറപ്പെടുന്നു. ഇസ്മേൻ ഥീബസിൽത്തന്നെ തുടരുന്നു. ദേശാടനത്തിനടയിൽ ഏതൻസിലെത്തിയ ഈഡിപസിനെ രാജാവ് തെസ്യുസ് അനുകമ്പാപൂർവം സ്വീകരിച്ചു ആശ്രയം നല്കി. ഏതൻസിനു സമീപം കൊളണസ് എന്ന കടൽതീരഗ്രാമത്തിലാണ് ഈഡിപസ് മകളോടൊപ്പം അന്ത്യദിവസങ്ങൾ കഴിച്ചു കൂട്ടിയത്. മരണസമയത്ത് ആന്റിഗണിയും ഇസ്മെനും ഈഡിപസിനടുത്തുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ആന്റിഗണി സഹോദരി ഇസ്മേനോടൊപ്പം ഥീബസിലേക്കു തിരികെ ചെല്ലുന്നു.

ഈഡിപസ് മരിച്ചതോടെ ആൺമക്കൾ സിംഹാസനത്തിനായി കലഹിച്ചു. മൂത്തമകൻ പോളിനൈകസ് , ഥീബസിനെതിരായി പടയെടുത്തു. ഇളയമകൻ എറ്റോക്ലിസ് ക്രയോണിന്റെ വശം ചേർന്ന് ഥീബസിനെ സംരക്ഷിക്കാനും. യുദ്ധത്തിൽ ഇരു സഹോദരന്മാരും കൊല്ലപ്പെട്ടു. തന്നെ ജന്മദേശമായ ഥീബസിൽ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു പോളിനൈകസിന്റെ അപേക്ഷ.

ക്രയോണിന്റെ രാജശാസന

[തിരുത്തുക]

ക്രയോൺ, എറ്റോക്ലിസിന്റെ അന്ത്യകർമങ്ങൾ യഥാവിധി നടത്തി, പക്ഷെ ഥീബസിനെതിരായി പടയെടുത്ത പോളിനൈകസിനെ രാജദ്രോഹിയെന്നു മുദ്രകുത്തി ശവമടക്കു നിഷേധിച്ചു. തന്റെ കല്പന ലംഘിക്കുന്നവർക്ക് മരണശിക്ഷയാവും ഫലം എന്നും വിളംബരം ചെയ്തു. പോളിനൈകസിന്റെ ജഡം പട്ടികളും പക്ഷികളും കൊത്തിവലിക്കാനായി വെളിമ്പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടു[2].

ആന്റിഗണിയുടെ പ്രതികരണം

[തിരുത്തുക]

സ്വയം മരിക്കേണ്ടി വന്നാലും സഹോദരന്റെ ജഡം മറവു ചെയ്തേ അടങ്ങൂ എന്ന് ആന്റിഗണി നിശ്ചയിച്ചു[3]. അങ്ങനെ ചെയ്യുകയും ചെയ്തു. വിവരം ക്രയോണിന്റെ ചെവിയിലുമെത്തി. ആന്റിഗണി കുറ്റം സമ്മതിച്ചു[4]. രാജശാസന ലംഘിച്ചെങ്കിലും അതിനുപരിയായുള്ള അലിഖിത ധാർമികനിയമങ്ങളാണ് താൻ പാലിച്ചതെന്ന് സോഫോക്ലിസിന്റെ ആന്റിഗണി പ്രസ്താവിക്കുന്നു.[4]

ആന്റിഗണിയുടെ അന്ത്യം

[തിരുത്തുക]

ആന്റിഗണിയെ കൊല്ലാൻ ക്രയോൺ ഉത്തരവിടുന്നു. ആന്റിഗണിയുടെ പ്രതിശ്രുതവരനും, സ്വന്തം മകനുമായ ഹൈമൻ്റെ യാചനകൾ ക്രയോൺ തട്ടിമാറ്റുന്നു. ഥീബസ് ജനത ഒന്നടങ്കം ആന്റിഗണിയെച്ചൊല്ലി ദുഃഖമാചരിക്കയാണെന്ന് ഹൈമൻ പറയുന്നു[5]. ഇത് ക്രയോണിനെ കൂടുതൽ ക്രുദ്ധനാക്കുന്നു. മകന്റെ മുന്നിൽ വെച്ചു തന്നെ അവന്റെ ഭാവിവധുവിന്റെ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു[6]. ആന്റിഗണിയെ കൊന്ന പാപം തനിക്കേൽക്കാതിരിക്കാൻ, അവളെ ജീവനോടെ കല്ലറക്കകത്ത് അടക്കം ചെയ്യാൻ ക്രയോൺ തീരുമാനിക്കുന്നു[7]. ഒടുവിൽ രാജഗുരു ടൈറസിസിന്റെ താക്കീതുകളാൽ മനസ്സു മാറി ആന്റിഗണിയെ വിടുവിക്കാൻ സന്നദ്ധനാകുന്നു[8]. എന്നാൽ ഇതിനകം ആന്റിഗണി ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു. മനംനൊന്ത് ഹൈമനും ആത്മഹത്യ ചെയ്യുന്നു, ഇങ്ങനെയാണ് സോഫോക്ലീസിന്റെ വി വരണം[9].

യൂറിപ്പിഡിസിന്റെ ആന്റിഗണി നാടകം ഏതാണ്ട് മുഴുവനായും നഷ്ടമായിരിക്കുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് ഹൈമൻ ആന്റിഗണിയെ രക്ഷപ്പെടുത്തിയതായും അവർ വിവാഹിതരായതായും പിന്നീടെപ്പോഴോ ക്രയോൺ അവരെ കണ്ടെത്തി വധിച്ചതായുമാണ് കഥ.[10].

അവലംബം

[തിരുത്തുക]
  1. Hamilton, Edith (1969). Mythology: Timeless tales of Gods and Men. The New American Library. p. 261-64.
  2. Antigone, p. 7.
  3. Antigone, p. 11.
  4. 4.0 4.1 Antigone, p. 45.
  5. Antigone, p. 69.
  6. Antigone, p. 75.
  7. Antigone, p. 77,85.
  8. Antigone, p. 101-107.
  9. Antigone, p. 115.
  10. The Antigone of Euripides

ഗ്രന്ഥസൂചിക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആന്റിഗണി&oldid=3780164" എന്ന താളിൽനിന്ന് ശേഖരിച്ചത്